കോഴിക്കോട്: ഡീസൽ വില വർദ്ധനവിനെ തുടർന്ന് ഒരു ദിവസം ആയിരം രൂപയുടെ നഷ്ടമുണ്ടാകുന്നതായി ബസുടമകൾ. സമീപകാലത്ത് മാത്രം ലിറ്ററിന് എട്ട് രൂപയുടെ വർദ്ധനവുണ്ടായി. 80 മുതൽ 140 ലിറ്റർ വരെ ഡീസലടിക്കുന്ന ബസുകളുണ്ട്. ശരാശരി 80 ലിറ്റർ കണക്കാക്കിയാൽ വില വർദ്ധനവിലൂടെ പ്രതിദിനം നഷ്ടമാകുന്നത് 640 രൂപ! ഓയിൽ, ഗ്രീസ്, സ്പെയർപാർട്സ്, ടയർ തുടങ്ങി അനുബന്ധ വസ്തുക്കളുടെ വിലയും വർദ്ധിച്ചു. നികുതി, സെസ് ഇനത്തിൽ നൽകുന്ന തുക പുറമെയും. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വ്യാപകമായി നടപ്പാക്കിയാൽ സ്വകാര്യ ബസുകൾ കട്ടപ്പുറത്താകുമെന്ന ആശങ്കയിലാണ് ഉടമകളെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ.ടി വാസുദേവൻ പറഞ്ഞു. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിച്ചിട്ടുമില്ല. ചുരുങ്ങിയത് അഞ്ചു രൂപയാക്കണമെന്ന് 2012ൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ ചെയ്തെങ്കിലും നടപ്പാക്കിയില്ല. ആ റിപ്പോർട്ടിൽ പോരായ്മകളുണ്ടെന്നും പരിഹരിക്കാനെന്നും പറഞ്ഞ് കൊണ്ടുവന്ന രഘുരാമൻ കമ്മിഷൻ റിപ്പോർട്ടും വെളിച്ചം കണ്ടില്ലെന്ന് ബസുടമകൾ പറയുന്നു.
വേണം പ്രത്യേക പാക്കേജ്
ഡീസലിന് ഉൾപ്പെടെ നികുതിയിനത്തിലും മറ്റുമായി സർക്കാരിന് ഒരു ബസുടമയിൽ നിന്ന് 2,500 മുതൽ 3,000 രൂപ വരെ ലഭിക്കുന്നുണ്ട്. ജീവനക്കാരുടെ കുടുംബാംഗങ്ങളെയും കൂട്ടിയാൽ ഒരു ലക്ഷത്തിലധികം പേർ ഈ മേഖലയെ ആശ്രയിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് സ്വകാര്യ ബസ് വ്യവസായത്തെ പ്രത്യേക മേഖലായി സംരക്ഷിക്കണമെന്നാണ് ആവശ്യം. ഗതാഗതമന്ത്രിക്ക് നൽകിയ നിവേദനത്തിൽ വ്യവസായത്തെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കേജ് നടപ്പായില്ലെങ്കിൽ സ്വകാര്യ ബസുകൾ സർക്കാർ വാടകയ്ക്ക് എടുക്കട്ടെ. നിശ്ചിത വാടക തീരുമാനിക്കണം. വാടക ദിവസേന കിട്ടണം.
സംസ്ഥാനത്ത് ബസുകൾ....8,000
ജീവനക്കാർ....30,000
ശരാശരി നികുതി വർഷത്തിൽ...1,20,000
(ഒരു ബസിന്)
പൊതു ഗതാഗതമേഖല നിലനിറുത്താൻ ഗതാഗത നയം രൂപീകരിക്കണം.
-ടി. ഗോപിനാഥൻ,
ജനറൽ സെക്രട്ടറി,
ആർ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
ചരക്കു ഗതാഗത മേഖലയും സ്തംഭനത്തിലേക്ക്
കോഴിക്കോട്: ഇന്ധന വില വർദ്ധനവിനെ തുടർന്ന് ചരക്കു ഗതാഗതമേഖലയും സ്തംഭനത്തിലേക്ക്. ഡീസൽ, ടയർ, സ്പെയർ പാർട്സ്, ടോൾ ചാർജ്, ഇൻഷ്വറൻസ് പ്രീമിയം എന്നിവയെല്ലാം വർദ്ധിച്ചു. മേഖലയെ ആശ്രയിക്കുന്ന കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങുകയാണെന്നും പ്രശ്നം പരിഹരിക്കണമെന്നും ഫെഡറേഷൻ ഒഫ് കേരള ലോറി ട്രാൻസ്പോർട്ട് ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് കെ.എം അഷ്റഫ് അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |