കോഴിക്കോട്: ട്രെയിൻ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ തിരക്ക് കുറയ്ക്കാൻ കൂടുതൽ മെമു സർവീസ് വേണമെന്ന ആവശ്യം ശക്തം. നിലവിൽ ഷൊർണൂർ - കണ്ണൂർ മെമു മാത്രമാണുള്ളത്. ഇതാകട്ടെ സ്റ്റേഷനുകളിൽ ദീർഘനേരം നിറുത്തിയിടുന്നത് യാത്രക്കാരെ വെട്ടിലാക്കുന്നു. ഏറ്റവും തിരക്കുള്ള ഞായറാഴ്ച ഈ ട്രെയിൻ ഇല്ല. മലബാറിലെ സ്റ്റേഷനുകൾ വരുമാനത്തിൽ മുന്നിലെത്തിയിട്ടും സാധാരണ യാത്രക്കാർക്ക് സഹായകമാകുന്ന പാസഞ്ചർ, മെമു സർവീസുകൾ നന്നേ കുറവാണ്. വരുമാനത്തിൽ കോഴിക്കോട് സ്റ്റേഷൻ 200 കോടി ക്ളബിലും കണ്ണൂർ 100 കോടി ക്ളബിലും ഇടംനേടി. മറ്റു സ്റ്റേഷനുകളും വരുമാനത്തിൽ മുൻ വർഷങ്ങളെക്കാൾ മുന്നിലാണ്.
ഷൊർണൂർ-തിരൂർ, തിരൂർ-വടകര, വടകര-പയ്യന്നൂർ, പയ്യന്നൂർ-കാസർകോട് റൂട്ടുകളിൽ മെമു ഓടിക്കാമെന്ന് ട്രെയിൻ യാത്രക്കാരുടെ സംഘടനകൾ നിർദ്ദേശിക്കുന്നു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ യാത്രക്കാരുടെ പ്രശ്നവും പരിഹരിക്കാം. മെമുവിൽ ടിക്കറ്റ് നിരക്കും വളരെ കുറവാണ്. കോഴിക്കോട്ടു നിന്ന് കണ്ണൂരിലേക്ക് 45 രൂപ മതി. എല്ലാ സ്റ്റേഷനിലും നിറുത്തുമെങ്കിലും അധിക സമയമെടുക്കില്ല. ഷൊർണൂരിൽ പുലർച്ചെ നാലയ്ക്ക് പുറപ്പെടുന്ന മെമു കണ്ണൂരിൽ രാവിലെ 9ന് മുമ്പെത്തും. ഷൊർണൂരിലേയ്ക്കുള്ള മടക്കയാത്ര വൈകിട്ട് 5.15നാണ്. ഈ സമയത്ത് കാസർകോട്ടേക്കോ തിരൂരിലേക്കോ ഓടിക്കാവുന്നതാണെന്ന് യാത്രക്കാർ പറയുന്നു.
ഇഴഞ്ഞിഴഞ്ഞ് യാത്ര
മംഗളുരു-കണ്ണൂർ, കാസർകോട്-തിരൂർ, കണ്ണൂർ-പാലക്കാട്, കോഴിക്കോട്-തൃശൂർ റൂട്ടുകളിൽ മെമു ഓടിച്ചാൽ രൂക്ഷമായ യാത്രാക്ളേശം പരിഹരിക്കാം. റെയിൽവേയ്ക്ക് വരുമാനവും കൂടും. രാവിലെ ഷൊർണൂർ -കണ്ണൂർ മെമു പോയാൽ പിന്നെയുള്ളത് ചെന്നൈ മംഗളൂരു മെയിലും യശ്വന്ത്പുര-കണ്ണൂർ എക്‌സ്പ്രസുമാണ്. ഇത് സേലം മുതൽ ഒപ്പത്തിനൊപ്പമാണ് വരാറുള്ളത്. ചെന്നൈ മെയിലിന് തൊട്ടു പിന്നാലെ യശ്വന്ത്പുരയുണ്ടെങ്കിലും ഇഴഞ്ഞിഴഞ്ഞാണ് യാത്ര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |