നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ വനാതിർത്തിയിൽ ജനവാസ മേഖലയ്ക്ക് ഭീഷണിയായി നിൽക്കുന്ന വൻമരങ്ങൾ മുറിച്ചുമാറ്റാൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. ചാലിയാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഉൾപ്പെട്ട തീക്കടി പ്രദേശത്താണ് സാധാരണക്കാരായ കുടുംബങ്ങൾ ജീവന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾക്ക് കീഴിൽ ഭയത്തോടെ കഴിയുന്നത്. നിരവധി തവണ വനപാലകരോട് പരാതിപ്പെട്ടിട്ടും സ്വന്തം ചെലവിൽ മരങ്ങൾ മുറിച്ചുമാറ്റാനാണ് അധികൃതർ നിർദ്ദേശിക്കുന്നതെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു.
എന്നാൽ, നിത്യവൃത്തിക്ക് പോലും വകയില്ലാത്ത തങ്ങൾക്ക് മരം മുറിക്കാനുള്ള ഭാരിച്ച തുക കണ്ടെത്താനാകില്ലെന്ന് ഈ നിർദ്ധന കുടുംബങ്ങൾ പറയുന്നു. പെരുമ്പത്തൂർ തീക്കടിയിൽ നിത്യ രോഗിയായ തന്റെ ഭർത്താവിനൊപ്പം കുടുംബശ്രീ ഹോട്ടൽ നടത്തുന്ന ജഗദമ്മ, പലചരക്ക് കച്ചവടം നടത്തുന്ന തടി നാട്ടിൽ രവി, അതി ദരിദ്ര വിഭാഗത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന 72കാരനായ ഇട്ടേപ്പാട്ട് സുബ്രഹ്മണ്യൻ, പനയൻകോടൻ മണി, വിധവയായ പുളിക്കൽ സുലോചന തുടങ്ങിയ കുടുംബങ്ങൾക്കാണ് വനാതിർത്തിയിലുള്ള വൻമരം ഭീഷണിയായി നിൽക്കുന്നത്. ഇവർക്ക് പുറമേ, ചാലിയാർ പഞ്ചായത്തിലെ അഞ്ചാം വാർഡ് അംഗത്തിന്റെ വീടിന് മുൻവശത്തുള്ള വൻ വൃക്ഷവും വലിയ സുരക്ഷാ ഭീഷണിയാണ്. രാത്രിയായാലോ മഴയും കാറ്റും കനത്താലോ ഇവരുടെ ഉറക്കം നഷ്ടപ്പെടും. ഏത് നിമിഷവും അപകടം കൂടെയുണ്ടെന്ന ചിന്തയിലാണ് ഇവർ കഴിയുന്നത്.
നീതി തേടി...
നിലമ്പൂർ റേഞ്ചിലെ കാഞ്ഞിരപ്പുഴ വനാതിർത്തിയിലുള്ള ഈ മരങ്ങൾ മുറിച്ചുമാറ്റാൻ പ്രദേശവാസികൾ പലതവണ പരാതി നൽകിയെങ്കിലും വനംവകുപ്പ് ഇത് ഗൗരവമായി എടുത്തിട്ടില്ല. ഇതേത്തുടർന്ന് ചാലിയാർ പഞ്ചായത്ത് പ്രസിഡന്റിനും നിലമ്പൂർ ഡി.എഫ്.ഒയ്ക്കും നേരിട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് ഈ കുടുംബങ്ങൾ.
ഭീഷണി നേരിടുന്ന കുടുംബങ്ങൾ- അഞ്ച്
വനാതിർത്തികളിൽ വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങളുടെ പട്ടിക നിലവിൽ ശേഖരിച്ചു വരികയാണ്. വനം വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം വകുപ്പിന്റെ തന്നെ ചെലവിൽ ഇത്തരം മരങ്ങൾ മുറിച്ചുമാറ്റുന്ന പദ്ധതിയിൽ തീക്കടിയിലെ ഈ പ്രശ്നവും ഉൾപ്പെടുത്തും.
പി.ധനേഷ് കുമാർ, ഐ.എഫ്.എസ് ,നിലമ്പൂർ നോർത്ത് ഡിവിഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |