SignIn
Kerala Kaumudi Online
Sunday, 07 June 2026 6.03 AM IST

മഞ്ചേരി മെഡിക്കൽ കോളേജിന് കുടിശ്ശിക 30 കോടി

മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ (കാസ്പ്)​,​ ആരോഗ്യ കിരണം എന്നീ പദ്ധതികളിലായി ക്ലെയിം ഇനത്തിൽ ലഭിക്കാനുള്ളത് 30 കോടിയോളം രൂപ. ഇതോടെ വിവിധ സേവനങ്ങൾക്ക് ആശുപത്രിയുമായി കരാറിലേർപ്പെട്ട സ്ഥാപനങ്ങൾക്ക് വലിയ തുക നൽകാനുണ്ട്. കുടിശ്ശിക നീണ്ടാൽ മരുന്ന് വിതരണം ഉൾപ്പെടെ നിറുത്തിവയ്ക്കുമെന്നാണ് കമ്പനികളുടെ മുന്നറിയിപ്പ്. വിവിധ സ്‌കീമുകളിൽ മരുന്ന് നൽകിയതിന് ജനതാ ഫാർമസിക്ക് നാല് കോടിയോളം രൂപ കുടിശ്ശികയാണ്. മരുന്ന് വിതരണം നിർത്തുമെന്നാണ് കമ്പനികളുടെ ഭീഷണി. സ്റ്റെന്റ് ഉൾപ്പെടെ കാത്ത് ലാബിലേക്ക് നൽകിയ ഇനത്തിൽ വിതരണ ഏജൻസിക്ക് ഒരുകോടി രൂപ കുടിശ്ശികയുണ്ട്. കാസ്പിനായി സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയതും പിന്നീട് അധികമായി അനുവദിച്ചത് ഉൾപ്പെടെയുള്ള ഫണ്ട് മതിയാവാതെ വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ 197 സർക്കാർ ആശുപത്രികളും 364 സ്വകാര്യ ആശുപത്രികളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. തുക വലിയതോതിൽ കുടിശ്ശിക ആയതോടെ മിക്ക സ്വകാര്യ ആശുപത്രികളിലും കാസ്പ് പദ്ധതിയുടെ സേവനം ലഭ്യമല്ല. സർക്കാർ ആശുപത്രികൾ കൂടി പദ്ധതി പ്രതിസന്ധിയിലായാൽ നിർധനരായ രോഗികൾക്ക് തിരിച്ചടിയാകും. സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല.

ജില്ലയിൽ 4.14 ലക്ഷം കുടുംബങ്ങൾ

കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്പിൽ ജില്ലയിൽ 4.14 ലക്ഷം കുടുംബങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. 10.68 ലക്ഷം ഗുണഭോക്താക്കളുണ്ട്. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയിൽ അംഗത്വം നൽകുന്നത്. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. ഇതിന് മുൻഗണനാ മാനദണ്ഡങ്ങൾ ഒന്നുമില്ല. മരുന്നുകൾ, അനുബന്ധ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തീയറ്റർ ചാർജുകൾ, ഐ.സി.യു ചാർജ്, ഇംപ്ലാന്റ് ചാർജുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.

പേരിന് പോലുമില്ല

സംസ്ഥാനത്ത് മഞ്ചേരി ഒഴികെ മറ്റ് മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്‌പെഷ്യൽറ്റി സേവനങ്ങൾ ലഭിക്കുമ്പോൾ മഞ്ചേരിയിൽ ഇത് നാമമാത്രമാണ്. കാർഡിയോളജി, നെഫ്രോളജി, യൂറോളജി വിഭാഗത്തിന്റെ സേവനം ഒന്നോ രണ്ടോ ദിവസമാണ്. ഇതുമൂലം എണ്ണപ്പെട്ട രോഗികൾക്ക് മാത്രമാണ് ചികിത്സ ലഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL