SignIn
Kerala Kaumudi Online
Thursday, 11 June 2026 4.40 AM IST

തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി പൊന്നാനി

news
പൊന്നാനി കോട്ടത്തറ ഭാഗത്തെ റോഡിൽ തെരുവുനായ്ക്കൾ

പൊന്നാനി: വിദ്യാലയങ്ങൾ തുറന്നതോടെ പൊന്നാനിയിലെ തെരുവുനായ ശല്യത്തിൽ ഭീതിയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ. പകൽ രാത്രി വ്യത്യാസമില്ലാതെ തെരുവുനായകൾ നിരത്തുകൾ കീഴടക്കിയതോടെ തലനാരിഴയ്ക്ക് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. വന്ധ്യംകരണം മുടങ്ങിയതും തെരുവുനായകൾക്കുള്ള വാക്സിനേഷൻ പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ കഴിയാതിരുന്നതും സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. തെരുവ്നായ്ക്കൾ പെരുകിയിട്ടും വന്ധ്യംകരണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രം സ്ഥാപിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങൾ ഭൂമി നൽകാൻ തയ്യാറാവാത്തതാണ് ജില്ലയിലെ എ.ബി.സി കേന്ദ്രം തുടങ്ങാൻ തടസ്സമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്.
കർമ്മ റോഡ്, കോട്ടത്തറ, ചന്തപ്പടി, ചമ്രവട്ടം ജംഗ്ഷൻ, ബിയ്യം, ഈശ്വരമംഗലം തുടങ്ങി നഗരത്തിന്റെ പ്രധാന ഇടങ്ങളെല്ലാം തെരുവ് നായ്ക്കൾ കൈയടക്കിയ അവസ്ഥയാണ്. നേരത്തെ വലിയ പ്രചാരണങ്ങളോടെ നടപ്പാക്കിയ വന്ധ്യംകരണം ഏതാനം തെരുവുനായകളിൽ ഒതുങ്ങി. തെരുവുനായ്ക്കളെ അവയുടെ വാസപ്രദേശത്തെത്തി പിടികൂടുന്നതിനായി പ്രത്യേക സംഘം പൊന്നാനിയിൽ എത്തിയിരുന്നു. വന്ധ്യംകരണത്തിന് ശേഷം പിടികൂടിയ സ്ഥലത്തുതന്നെ തിരികെ വിട്ടയക്കുന്ന രീതിയിലായിരുന്നു പദ്ധതി. ആദ്യ ഘട്ടത്തിൽ വലിയ വിജയമായിരുന്ന പദ്ധതി നടത്തിപ്പ് പിന്നീട് നിലച്ചു. വന്ധ്യംകരണത്തിനായി പൊന്നാനി ഈശ്വരമംഗലം മൃഗാശുപത്രിക്ക് സമീപമായി വലിയൊരു തുക മുടക്കി നഗരസഭ സൗകര്യം ഒരുക്കിയിരുന്നു.

പേടിയോടെ യാത്ര

ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരുടെ നേരെ നായകൾ കുരച്ചു ചാടുന്നതും പിറകെ ഓടുന്നതും നിത്യകാഴ്ചയായിട്ടുണ്ട്. ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നവരുടെ എണ്ണവും ചെറുതല്ല. ജില്ലയിൽ തെരുവ് നായ്ക്കൾക്ക് ഏറ്റവും കൂടുതൽ പേ വിഷ പ്രതിരോധ കുത്തിവെയ്പ്പ് നൽകിയ മുനിസിപാലിറ്റി പൊന്നാനിയാണെന്നും വന്ധ്യംകരണത്തിനായി തെരുവുനായകളെ പിടികൂടി പാർപ്പിക്കാനുള്ള ഷെൽട്ടർ പൊന്നാനി നഗര മേഖലയിലും ഈഴുവാതിരുത്തി മേഖലയിലും കണ്ടെത്താൻ ജനകീയ കമ്മിറ്റിയെയും സബ് കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്ന കാര്യത്തിൽ പൊതുജനം കുറച്ച് കൂടി ജാഗ്രത പാലിക്കണമെന്നും പൊന്നാനി നഗരസഭ സെക്രട്ടറി സജിറൂൺ പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL