
ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് തൊഴുത് ആയിരങ്ങൾ പുണ്യംനേടി. മലയാള വർഷത്തെ നാലാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. രാവിലെ 6.30 ഓടെ തൃപ്പൂത്തറയിൽ നിന്നും ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേക്ക് എഴുന്നെള്ളിച്ചു.തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടന്നു. ആറാട്ട് കർമ്മങ്ങൾക്ക് തന്ത്രി മഹേഷ് മോഹനര് മുഖ്യകാർമ്മികത്വം വഹിച്ചു.
ആറാട്ടിനു ശേഷം ദേവിയെ ആറാട്ടു പുരയിൽ പ്രത്യേക മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി.വിശേഷാൽ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ട് അഭിഷേകവും ശേഷം നിവേദ്യവും നടത്തി. എട്ട് മണിയോടെ ആറാട്ട് ഘോഷയാത്ര മിത്രപ്പുഴ കടവിൽ നിന്നും
ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ആറാട്ട് കടവിലും, ആറാട്ടെഴുന്നെള്ളത്ത് കടന്നു വരുന്ന വഴികളിലും നൂറുകണക്കിന് ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു.
ഇതിനോടനുബന്ധിച്ച് അന്നദാനവുംനടന്നു.പത്ത് മണിയോടെ ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ പ്രവേശിച്ചപ്പോൾ ദേവിക്ക് സ്വീകരണം നൽകി. ഘോഷയാത്ര പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി. 12. 30 ഓടെ പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം അകത്തെഴുന്നള്ളത്തും ഇരു നടയിലും കളഭാഭിഷേകവും നടത്തി .
ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവസ്വം
അഡ്മിസ്‌ട്രേറ്റ് ഓഫീസർ അഖിൽ ജി.കുമാർ ,നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷിബുരാജൻ ,ഉപദേശക സമിതി പ്രസിഡന്റ് എൻ ആർ രജീഷ് കുമാർ ,സെക്രട്ടി വൈശാഖൻ എം എച്ച് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |