SignIn
Kerala Kaumudi Online
Thursday, 11 June 2026 4.41 AM IST

ഇഴഞ്ഞുനീങ്ങി വെഞ്ഞാറമൂട് ഫ്ലൈഓവർ നിർമ്മാണം

bridge

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഫ്ലൈഓവർ നിർമ്മാണം അനിശ്ചിതമായി നീളുന്നതിൽ ആശങ്കയോടെ വ്യാപാരികളും യാത്രക്കാരും. സർവീസ് റോഡിനായുള്ള സ്ഥലമേറ്റെടുപ്പ് പാതിവഴിയിൽ നിലച്ചതും ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാത്തതുമാണ് പ്രധാന പ്രതിസന്ധിയായി ചൂണ്ടിക്കാട്ടുന്നത്. ഈ പ്രവർത്തികൾ ചെയ്യാതെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ പക്ഷം. ഇതോടെ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമാവുകയാണ്. ഫ്ലൈഓവറിന്റെ നിർമ്മാണം ഇഴയുന്നതിനാൽ പദ്ധതി പ്രദേശത്തെ വ്യാപാരികളെയും സ്ഥിരം യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്.

വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിന് പരിസരത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള വഴി അടഞ്ഞതോടെ കച്ചവടം പൂർണമായും തകർന്ന മട്ടാണ്. കൂടാതെ രൂക്ഷമായ ഗതാഗത കുരുക്കും ജനത്തെ പൊറുതിമുട്ടിക്കുന്നു. ഒപ്പം പോത്തൻകോട്,​ കഴക്കൂട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട സ്ഥിരം യാത്രക്കാർ സ്റ്റാൻഡിൽ നിന്ന് വയ്യേറ്റ് ജംഗ്ഷൻ വരെ നടന്നാൽ മാത്രമേ ബസ് കിട്ടു.

ജനങ്ങളുടെ ഈ ദുരിതത്തിന് അറുതി വരുത്താൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടൽ ഉണ്ടാകണമെന്നാണ് പ്രാദേശിക ആവശ്യം.

 പരിമിതിയിൽ മുന്നോട്ട്

നിലവിലെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാനാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ ഇപ്പോഴത്തെ തീരുമാനം. ഏകദേശം അമ്പതോളം തൊഴിലാളികളാണ് ഫ്ലൈഓവറിന്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ തൊഴിലാളികളെ വിന്യസിക്കേണ്ട ആവശ്യമില്ലെന്നാണ് നിർമ്മാണ കമ്പനിയുടെ തീരുമാനം.

നിർമ്മാണത്തിലുണ്ടായ കാലതാമസത്തിൽ കമ്പനിക്ക് കടുത്ത അതൃപ്തിയാണുള്ളത്. പദ്ധതിയുടെ തുടക്കത്തിൽ തന്നെ കൃത്യമായ ഏകോപനവും ക്രമീകരണങ്ങളും നടപ്പിലാക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഫ്ലൈഓവർ നിർമ്മാണത്തിന്റെ പ്രധാന ഘട്ടങ്ങൾ ഇതിനോടകം പൂർത്തിയാക്കാൻ കഴിയുമായിരുന്നുവെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.

കാരണം ആസൂത്രണത്തിലെ പാളിച്ച

മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തത് പദ്ധതിയുടെ വേഗതയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. സർവീസ് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കുക, പാതയോരത്തെ ഇലക്ട്രിക് പോസ്റ്റുകൾ അടിയന്തരമായി മാറ്റിസ്ഥാപിക്കുക തുടങ്ങിയ നിർണയക കാര്യങ്ങളിൽ ഉദ്യോഗസ്ഥതലത്തിൽ ഉണ്ടാകുന്ന വീഴ്ചയാണ് പദ്ധതി നീളാൻ കാരണം. പദ്ധതിയുടെ അന്തിമ പൂർത്തീകരണത്തിനായി ഏതെല്ലാം തരത്തിലുള്ള ഇടപെടലുകളാണ് അധികൃതർ സ്വീകരിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും വെഞ്ഞാറമൂട് ഫ്ലൈഓവറിന്റെ ഭാവി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL