കഴക്കൂട്ടം: ഇറങ്ങുന്നതിന് മുൻപ് കെ.എസ്.ആർ.ടി.സി ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് റോഡിൽ വീണ് യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ, ബസ് ഡ്രൈവറോടും കണ്ടക്ടറോടും ഇന്ന് രാവിലെ 10ന് മംഗലപുരം സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം.
കീഴാവൂർ വെള്ളൂർ മാമ്പഴവീട്ടിൽ എസ്. മുബീന (47) നൽകിയ പരാതിയിലാണ് നടപടി. പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെയായിരുന്നു അപകടം. പനി ബാധിച്ച മകൾ അജ്മിയെ (13) കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച് മടങ്ങുകയായിരുന്നു മുബീന. ആറ്റിങ്ങലിലേക്കുള്ള ബസിലാണ് ഇവർ കയറിയത്. സി.ആർ.പി.എഫ് ജംഗ്ഷൻ എത്താറായപ്പോൾ ഇറങ്ങണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഡോർ തുറന്ന് നൽകുകയും ചെയ്തു.
എന്നാൽ മുബീന ഇറങ്ങുന്നതിനിടെ കണ്ടക്ടർ ബെല്ലടിച്ചതിനാൽ ബസ് മുന്നോട്ടെടുക്കുകയായിരുന്നെന്നാണ് പരാതി. ഇതോടെ ബസിന്റെ പടിയിലും റോഡിലുമായി മുബീന വീണു. വീഴ്ചയിലും പടിയിലെ കമ്പിയിൽ പിടിമുറുക്കിയ ഇവരെ ബസ് അല്പദൂരം റോഡിലൂടെ വലിച്ചിഴച്ചു. ഭയന്നുപോയ മകൾ അജ്മി ബഹളം വച്ചതോടെയാണ്,കണ്ടക്ടർ വീണ്ടും ബെല്ലടിച്ച് ബസ് നിറുത്തിയത്.
ജീവനക്കാരുടെ അനാസ്ഥയാണിതെന്നും അപകടത്തിന് ശേഷവും അവരുടെ ഭാഗത്തുനിന്ന് വളരെ മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും മുബീന ആരോപിച്ചു. അപകടത്തെക്കുറിച്ച് ചോദിച്ചപ്പോൾ 'ഒന്നും സംഭവിച്ചില്ലല്ലോ, കുഴപ്പമില്ലല്ലോ" എന്ന മട്ടിലാണ് അവർ സംസാരിച്ചത്. കേസാക്കുമെന്ന് പറഞ്ഞിട്ടും വണ്ടിയെടുത്ത് പോവുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. കൈയ്ക്കും കാലിനും പരിക്കേറ്റ മുബീന അണ്ടൂർക്കോണം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |