
ഗുണ്ട അട്ടാണി അനീഷും കൂട്ടാളിയും അറസ്റ്റിൽ
കൊച്ചി: മൂന്നു മാസം മുമ്പ് കുപ്രസിദ്ധ ഗുണ്ടയുടെ മാനഭംഗത്തിനിരയായ യുവതിയെ എറണാകുളത്തെ ലോഡ്ജിൽ മയക്കുമരുന്ന് നൽകി ആറു ദിവസം പീഡിപ്പിച്ച യുവാവിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പീഡന ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയത്. മൂന്നു മാസം മുമ്പ് വീട്ടിലെത്തിച്ച് പീഡിപ്പിച്ച ഗുണ്ട മട്ടാഞ്ചേരി പുതിയ റോഡ് കൊച്ചുപറമ്പിൽ അട്ടാണി അനീഷും (43) ലോഡ്ജിലെത്തിച്ച് മാനഭംഗപ്പെടുത്തിയ കൊല്ലം പറവൂർ പൂതക്കുളം തുണ്ടിയിൽ വീട്ടിൽ ഫിറോസും (24) സിറ്റി പൊലീസിന്റെ പിടിയിലായി.
മട്ടാഞ്ചേരി പുതിയ റോഡിലുള്ള വീട്ടിൽ കഴിഞ്ഞ മാർച്ചിലാണ് 22കാരി ആദ്യം മാനഭംഗത്തിനിരയായത്. എറണാകുളത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന യുവതിയെ ഇഫ്താർ വിരുന്നിനെന്ന പേരിലാണ് അനീഷ് കൊണ്ടു
പോയി പീഡിപ്പിച്ചത്. ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് അനീഷ് കൂട്ടാളികൾക്ക് കൈമാറിയിരുന്നു.
ഫിറോസ് ഒരാഴ്ച മുമ്പ് കലൂർ മെട്രോ സ്റ്റേഷന് സമീപം വച്ച് യുവതിയെ ദൃശ്യം കാട്ടി ഭീഷണിപ്പെടുത്തി എറണാകുളം എസ്.ആർ.എം റോഡിലെ ലോഡ്ജിലെത്തിച്ചു. മയക്കുമരുന്ന് കുത്തി വച്ച് അബോധാവസ്ഥയിലാക്കി ഒരാഴ്ചയോളം പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ 18നാണ് മുറിയെടുത്തതെന്ന് പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തി.
ഇന്നലെ രാവിലെ ഫിറോസ് ലോഡ്ജിൽ നിന്ന് പുറത്തു പോയ തക്കത്തിന് രക്ഷപ്പെട്ട യുവതി, നഗരത്തിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനോട് സഹായം തേടി. ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. പീഡന വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് ഡോക്ടർ എറണാകുളം സെൻട്രൽ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഫിറോസിനെ ഇന്നലെ വൈകിട്ടാണ് കലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. എറണാകുളം നഗരത്തിലായിരുന്ന അട്ടാണി അനീഷിനെ കസ്റ്റഡിയിലെടുത്ത് മട്ടാഞ്ചേരി പൊലീസിൽ ഏൽപ്പിച്ചതും സെൻട്രൽ പൊലീസാണ്.ആറ് കൊല്ലമായി എറണാകുളം നഗരത്തിൽ തങ്ങുന്ന ഫിറോസ് 2025 സെപ്തംബറിൽ നോർത്ത് മേൽപ്പാലത്തിന് സമീപം യുവാക്കളെ തലയ്‌ക്കടിച്ച് കവർച്ച നടത്തിയ കേസിൽ പ്രതിയാണ്. വീട്ടുകാർ ഉപേക്ഷിച്ച യുവതി 18 വയസ് പൂർത്തിയാകുന്നതിന് മുമ്പ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ കാക്കനാട്ടെ അഭയ കേന്ദ്രത്തിലായിരുന്നു. പ്രായപൂർത്തിയായ ശേഷം എറണാകുളത്ത് ഹോട്ടലുകളിൽ ജോലി ചെയ്യുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |