SignIn
Kerala Kaumudi Online
Saturday, 13 June 2026 2.49 AM IST

നിർണായക വിവരങ്ങൾ രാഹുലിന് ചോർത്തി നൽകി; വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ

READ ENGLISH VERSION
rahul

കോഴിക്കോട്: ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് തെളിഞ്ഞു. പിടിക്കപ്പെടാതെ ബംഗളൂരുവിൽ എത്താനുള്ള മാർഗങ്ങൾ ഇയാൾ രാഹുലിന് പറഞ്ഞ് കൊടുത്തു എന്നാണ് വിവരം. രാഹുലിന്റെ സുഹൃത്ത് രാജേഷിനും ഇയാൾ സഹായങ്ങൾ നൽകി. ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണത്തിന് നിർദേശിച്ചു.

പൊലീസുകാരന്റെ കോൾ റെക്കോർഡ് ഉൾപ്പെടെ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ് ആരോപണ വിധേയൻ. എന്നാൽ, ഇയാളുടെ പേരും മറ്റ് വിവരങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇയാൾ രാഹുലുമായി നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു.

പരാതി വിവാദമായ ഉടൻ രാഹുലിനോട് നാടുവിടാൻ ഇയാൾ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ രാജേഷും ആരോപണ വിധേയനായ പൊലീസുകാരനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. പന്തീരാങ്കാവ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ കമ്മീഷണർ മെമ്മോ നൽകിയിരുന്നു. ഇതേ കേസിൽ പരാതിക്കാരിയുമായി എത്തിയപ്പോൾ പ്രതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് എസ്‌എച്ച്‌ഒയെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്‌തത്.

ഇതിന് ശേഷമാണ് രാഹുലിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് തുടങ്ങിയത്. ഇന്റർപോളിന്റെ ഉൾപ്പെടെ സഹായം തേടി പൊലീസ് മുന്നോട്ട് പോകുമ്പോഴാണ് പൊലീസ് സേനയിലെ തന്നെ ഒരംഗം പ്രതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചത്.

അതേസമയം, രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തി. മകന് ജർമൻ പൗരത്വമുണ്ടെന്ന് രാഹുലിന്റെ അമ്മ ഉഷ കുമാരി നേരത്തെ വാദിച്ചിരുന്നു.

രാഹുൽ ജർമനിയിലേക്ക് കടന്നെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. കൂടാതെ രാഹുൽ ജർമനിയിലെത്തിയെന്ന് സുഹൃത്ത് രാജേഷും മൊഴി നൽകിയിട്ടുണ്ട്. ഇയാൾ ബംഗളൂരു വഴി വിദേശ രാജ്യത്തേക്ക് പോയതായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.

രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തിയേക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇരുവർക്കും നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതുവരെ ഹാജരായിട്ടില്ല. ഉഷ കുമാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ.

രാഹുലിന്റെ ബാങ്ക് അക്കൗണ്ടും നേരത്തേ മരവിപ്പിച്ചിരുന്നു. ഇയാളുടെ വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങിയെന്നാണ് വിവരം. പന്തീരാങ്കാവ് പൊലീസ് ഗാർഹിക പീഡന കേസ് രജിസ്റ്റർ ചെയ്ത ദിവസം രാഹുൽ വീട്ടിലുണ്ടായിരുന്നു. വധശ്രമത്തിന് കേസെടുക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഒളിവിൽ പോയത്.

മേയ് അ​ഞ്ചി​ന് ​ഗു​രു​വാ​യൂ​രി​ൽ വച്ചായിരുന്നു രാഹുലിന്റെയും കൊച്ചി സ്വദേശിനിയുടെയും​ ​വി​വാ​ഹം.​ ​പ​തി​നൊ​ന്നി​നാണ് യുവതിയെ പ്രതി ക്രൂരമായി മർദിച്ചത്. രാഹുൽ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് താമസിക്കാൻ തുടങ്ങിയിട്ട് അധികനാളായിട്ടില്ലെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, DOMESTIC VIOLENCE, POLICE, PANTHEERANKAVU, STATION, HELPED RAHUL, ACCUSED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY