SignIn
Kerala Kaumudi Online
Sunday, 01 November 2026 3.02 AM IST

കാലത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി മുന്നേറാം

hg

കേരളത്തെ ഇന്നത്തെ നിലയിലേക്ക് വളർത്തിയെടുക്കാൻ ഏഴുപതിറ്റാണ്ടുകാലം പ്രയത്നിച്ച എല്ലാവരെയും ആദരവോടെ ഓർക്കുന്നു. സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങളും വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ നേട്ടങ്ങളുമെല്ലാം ചേർന്നതാണ് കേരളത്തിന്റെ എഴുപത് വർഷത്തെ ചരിത്രം. ഇനി ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റണം. അതിനുള്ള കൂട്ടായ പരിശ്രമത്തിനാണ് തുടക്കം കുറിച്ചത്.

എഴുപതാംവാർഷികം നാടിന്റെ നേട്ടങ്ങളും സാദ്ധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാക്കി മാറ്റണം. അതിനായി രാജ്യത്തിനകത്തും പുറത്തും 'ഫെസ്റ്റിവൽ കേരളം" സംഘടിപ്പിക്കും. അതിനൊപ്പം നിക്ഷേപ സംഗമങ്ങളിലൂടെ കൂടുതൽ നിക്ഷേപകരെ കേരളത്തിലെത്തിക്കും. നമ്മുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നാട്ടിൽ സജ്ജമാക്കണം. അതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാകണം.

ഭാവിയുടെ സാങ്കേതികവിദ്യകളിലും കേരളം മുന്നിലെത്തണം. മികച്ച വിദ്യാഭ്യാസവും ചികിത്സയും തേടി ആളുകൾ കേരളത്തിലേക്ക് വരണം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും തൊഴിലവസരങ്ങൾക്കും വലിയ സാദ്ധ്യതകൾ തുറക്കുന്നതാണ് മിഷൻ സമുദ്ര. കേരളത്തെ ഒരു പ്രധാന തുറമുഖ സമുദ്ര സമ്പദ് വ്യവസ്ഥാകേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. 2031ഓടെ ഈ മേഖലയിൽ ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കാനാകും. ആദ്യഘട്ടത്തിൽ റോഡിലൂടെയുള്ള ചരക്കുനീക്കത്തിന്റെ പകുതിയെങ്കിലും കടൽ വഴിയാക്കുകയാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ ക്രൂയിസ് ഷിപ്പിംഗിനും മൂന്നാംഘട്ടത്തിൽ നദികളുമായി ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതികൾക്കും പ്രാധാന്യം നൽകും. ഒപ്പം നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ഏവിയേഷൻ ഹബ്ബാക്കി മാറ്റണം.

നമ്മുടെ സമൂഹത്തിൽ മുതിർന്ന പൗരന്മാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മുതിർന്നപൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. വയോജനങ്ങളുടെ അനുഭവസമ്പത്തും വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തുന്ന സിൽവർ ഇക്കോണമിയാണ് സർക്കാരിന്റെ ലക്ഷ്യം. പലപ്പോഴും വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി സാധാരണക്കാരെയും ഈ സർക്കാർ ചേർത്തുപിടിക്കും. അവർക്കായി പ്രത്യേക ഭവന പദ്ധതി ആരംഭിച്ചിട്ടുണ്ട്.

ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയും നടപ്പാക്കി. ലഹരി മാഫിയയോട് വിട്ടുവീഴ്ചയില്ല. ഓട്ടിസം ബാധിതരെയും ഭിന്നശേഷി കുട്ടികളെയും ചേർത്തുപിടിക്കേണ്ടതുണ്ട്. അവരുടെ മാതാപിതാക്കൾ നേരിടുന്ന പ്രയാസം തിരിച്ചറിയണം.

വരുമാനം വർദ്ധിക്കണമെങ്കിൽ കൂടുതൽ നിക്ഷേപങ്ങളും വ്യവസായങ്ങളും വരണം. സംരംഭങ്ങൾക്കുള്ള അനുമതി ലളിതവും വേഗത്തിലുമാക്കാൻ 'സരൾ കേരളം" എന്ന സുപ്രധാന നിയമം നിയമസഭ പാസാക്കിയിട്ടുണ്ട്.

ഒരാളുടെയും പ്രയാസം കാണാതെ പോകരുത്. 'ഗുഡ് ഗവേണൻസ് വിത്ത് എംപതി, സഹാനുഭൂതിയോടെയുള്ള സദ്ഭരണം" എന്ന കാഴ്ചപ്പാടുമായാണ് മുന്നോട്ടുപോകുന്നത്. നമ്മുടെ വികസന മുന്നേറ്റത്തിനൊപ്പം മതേതര ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. മതത്തിന്റെയോ ജാതിയുടെയോ പേരിൽ ആരും മാറ്റിനിറുത്തപ്പെടരുത്. എഴുപത് വർഷത്തെ നേട്ടങ്ങളും അനുഭവങ്ങളും നമുക്ക് വലിയ കരുത്താണ് നൽകുന്നത്. ആ കരുത്തിൽ വിശ്വസിച്ച്, പുതിയ കാലത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പുതുയുഗ കേരളത്തിലേക്ക് നമുക്ക് ഒന്നിച്ച് മുന്നേറാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAPIRAVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION