SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.25 PM IST

താമര വിരിഞ്ഞത് മൂന്നിടത്ത്; ചാത്തന്നൂരിനും കഴക്കൂട്ടത്തിനും നേമത്തിനും ഉണ്ടൊരു 'പ്രത്യേകത'

bjp

തിരുവനന്തപുരം: 2016ല്‍ വിരിഞ്ഞ താമര 2021ല്‍ വാടിക്കരിഞ്ഞിരുന്നു. 2026ലേക്ക് വരുമ്പോള്‍ ഒന്നല്ല രണ്ടല്ല മൂന്നിടത്താണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് കയറിയത്. നേമത്ത് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ജയം 4978 വോട്ടുകള്‍ക്ക്. ചാത്തന്നൂരില്‍ ബി.ബി ഗോപകുമാറിന് 4300ല്‍ അധികം വോട്ടുകളുടെ മേല്‍ക്കൈ. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സാക്ഷാല്‍ കടകംപള്ളി സുരേന്ദ്രനെ വി മുരളീധരന്‍ അട്ടിമറിച്ചത് 428 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനും.

ബിജെപിക്ക് കേരളത്തില്‍ വളരണമെങ്കില്‍ അതിന് കോണ്‍ഗ്രസ് താഴേക്ക് പോണം എന്നൊരു ചൊല്ലുണ്ട് രാഷ്ട്രീയമായി. ഇത് സിപിഎമ്മുകാര്‍ എല്ലായിപ്പോഴും പ്രചരിപ്പിക്കുന്ന ഒന്നുമാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങള്‍ക്കും ഒരു പ്രത്യേകതയുണ്ട്. മൂന്നും എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു എന്നതാണത്. കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി മൂവായിരത്തോളം വോട്ടുകള്‍ക്ക് മാത്രം വിജയിച്ച മണ്ഡലമാണ് നേമം. കേരളത്തിലെ ബിജെപിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രത്തില്‍ ജയം പാര്‍ട്ടി പ്രതീക്ഷിച്ചതുമാണ്.

എന്നാല്‍ കഴക്കൂട്ടത്തും ചാത്തന്നൂരിലും അതല്ല സ്ഥിതി. 2021ല്‍ സിപിഐയുടെ ജി.എസ് ജയലാലിന് 17,206 വോട്ടിന്റെ മികച്ച ഭൂരിപക്ഷമുണ്ടായിരുന്നു. 2016ല്‍ 37,000ല്‍ അധികം വോട്ടുകളായിരുന്നു ഭൂരിപക്ഷം. ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും ഗോപകുമാര്‍ ആയിരുന്നു രണ്ടാം സ്ഥാനത്ത്. മൂന്നാം അംഗത്തില്‍ ടേം വ്യവസ്ഥയില്‍ ജനകീയനായ ജയലാലിന് സീറ്റ് നിഷേധിക്കപ്പെട്ടതും ഗോപകുമാറിന് തുണയായി. എസ്എന്‍ഡിപിയില്‍ ഉള്‍പ്പെടെ വലിയ സ്വാധീനമുള്ള നേതാവാണ് ഗോപകുമാര്‍.

രണ്ട് തവണ തോറ്റുവെങ്കിലും ഭൂരിപക്ഷം കുറച്ചുകൊണ്ട് വരാന്‍ ഗോപകുമാറിന് കഴിഞ്ഞിരുന്നു. മണ്ഡലത്തില്‍ സുപരിചിതന്‍ എന്ന ഇമേജും ഗോപകുമാറിന് ഗുണം ചെയ്തു. സമാനമാണ് വി മുരളീധരന്റെ ജയത്തിനും അടിത്തറയിട്ടത്. മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് കേന്ദ്രമന്ത്രിയായിരുന്നപ്പോഴും മുരളീധരന്റെ പ്രവര്‍ത്തനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA ELECTIONS 2026, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA