
കൊച്ചി: മെട്രോയുടെ രണ്ടാം പദ്ധതിയുടെ ഭാഗമായി ജെ.എൽ.എൻ. സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ള ഭാഗങ്ങളിൽ പുരോഗമിക്കുന്ന നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി അടിയന്തര നടപടികൾ ആരംഭിച്ചതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി പുതിയ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ അടുത്തിടെ പൂർത്തിയായിരുന്നു. ഇതിനായി വിവിധ ഭാഗങ്ങളിൽ റോഡ് മുറിച്ചുകടന്ന് ട്രഞ്ചിംഗ് നടത്തേണ്ടിവന്നിരുന്നു. ഇതിന്റെ തുടർച്ചയായി ജെ.എൽ.എൻ. സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ള ഭാഗങ്ങളിൽ റോഡ് പുനഃസ്ഥാപന പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. ഇവ ആറിനകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി കെ.എം.ആർ.എൽ അറിയിച്ചു.
ഗതാഗത ക്രമീകരണം
പുനഃസ്ഥാപന പ്രവർത്തനങ്ങൾ സുരക്ഷിതമായും വേഗത്തിലും പൂർത്തിയാക്കുന്നതിനായി ട്രാഫിക് പൊലീസ് വകുപ്പിന്റെ സഹകരണത്തോടെ തിരക്ക് കുറഞ്ഞ സമയങ്ങളിൽ താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കൂടാതെ, പാലാരിവട്ടം മേഖലയിലെ വാഹന ഗതാഗതം സുഗമമാക്കുന്നതിനായി ആർ.ടി.ഒയുടെയും ട്രാഫിക് പൊലീസിന്റെയും നേതൃത്വത്തിൽ പകൽസമയത്തും പ്രത്യേക ട്രാഫിക് ക്രമീകരണങ്ങൾ നടപ്പിലാക്കുന്നുണ്ട്.
റോഡിന്റെ പുനരുദ്ധാരണം
പ്രാദേശിക ജനം ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി ജെ.എൽ.എൻ. സ്റ്റേഡിയത്തിന് പിറകുവശത്തുള്ള സർവീസ് റോഡിൽ നിന്ന് വസന്ത് നഗറിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണം വേഗത്തിലാക്കിയിട്ടുണ്ട്. വസന്ത് നഗർ നിവാസികൾക്കായി യു-ടേൺ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും ട്രാഫിക് പൊലീസുമായി ചേർന്ന് പുരോഗമിക്കുകയാണ്.
മറ്റ് ക്രമീകരണങ്ങൾ
1. മഴക്കാലം കണക്കിലെടുത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ വിവിധ ഭാഗങ്ങളിൽ പമ്പിംഗ് സംവിധാനങ്ങളും സജ്ജമാക്കി
2. പൈലിംഗ് പൂർത്തിയാകുന്ന മുറയ്ക്ക് ബാരിക്കേഡുകൾ ഒരു മീറ്റർ വീതം പിന്നോട്ടുമാറ്റി വാഹനങ്ങൾക്ക് കൂടുതൽ റോഡ് വീതി ലഭ്യമാക്കും.
3. പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും ഗതാഗതക്കുരുക്ക് പരമാവധി ഒഴിവാക്കുന്നതിനും കരാറുകാരായ അഫ്കോൺസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
4. എല്ലാ പ്രവൃത്തി കേന്ദ്രങ്ങളിലും സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തി ആവശ്യമായ ഇടപെടലുകൾ നടത്തുന്നു
നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഇവ പൂർത്തിയാകുന്നതോടെ പ്രദേശത്തെ ഗതാഗത സൗകര്യങ്ങളിൽ ഗണ്യമായ പുരോഗതി ഉണ്ടാകും.
കെ.എം.ആർ.എൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |