ആലുവ: സ്വകാര്യ ഫ്ളാറ്റ് ഉടമകളുടെ കൈവശമുള്ള പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നത് അനിശ്ചിതമായി നീളുന്നത് ചൂർണിക്കര പഞ്ചായത്തിലെ ഭൂഭവന രഹിതരുടെ സ്വന്തം ഭവനമെന്ന സ്വപ്നം തല്ലിക്കെടുത്തുന്നു. 18-ാം വാർഡിൽ കമ്പനിപ്പടി എസ്.പി.ഡബ്ളിയു ഹൈസ്കൂളിന് സമീപത്തെ സർവേ 176/1ലെ 42 സെന്റ് ഭൂമിയാണ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പൂർണമായി തിരിച്ച് പിടിക്കുന്നത് വൈകുന്നത്.
പഞ്ചായത്തിലെ 800ഓളം ലൈഫ് പദ്ധതി അപേക്ഷകരാണ് ഇതുമൂലം കണ്ണീരൊഴുക്കുന്നത്. ലൈഫ് മിഷൻ ആക്ഷൻ കൗൺസിലിന്റെ നിരന്തരമായ ഇടപെടലുകളെ തുടർന്ന് പുറമ്പോക്ക് ഭൂമിയിൽ സർവേ നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചിരുന്നു. താലൂക്കിൽ നിന്നും സർവേയർമാരെത്തിയപ്പോൾ കാടുപിടിച്ച് കിടക്കുന്നതിനാൽ വെട്ടിത്തെളിക്കാൻ പഞ്ചായത്തിന് നിർദ്ദേശം നൽകി മടങ്ങി.
കാട് വെട്ടിത്തെളിച്ചില്ല
ജനുവരി 14ന് പഞ്ചായത്ത് കമ്മിറ്റി യോഗം കാടുവെട്ടിത്തെളിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി. എന്നാൽ കാടുവെട്ടിത്തെളിക്കൽ നടന്നില്ല. അളക്കുന്ന ദിവസം അറിയിച്ചാൽ അതിന് മുമ്പായി കാട് വെട്ടിത്തെളിക്കാമെന്ന് പഞ്ചായത്ത് അറിയിച്ചതിനെ തുടർന്ന് ഏപ്രിൽ 28ന് അളക്കാൻ തീരുമാനമായി. ഇതനുസരിച്ച് സർവേയർമാർ എത്തിയെങ്കിലും കാട് വെട്ടിത്തെളിച്ചിരുന്നില്ല. ഉദ്യോഗസ്ഥർ മടങ്ങാൻ ഒരുങ്ങിയപ്പോൾ ലൈഫ് അപേക്ഷകർ പ്രതിഷേധമുയർത്തി. ഇതോടെ പുറമ്പോക്ക് അതിർത്തിയിൽ മാത്രം കുറ്റിവെച്ച് ഉദ്യോഗസ്ഥർ മടങ്ങി.
ജില്ലാ കളക്ടറുടെ കർശന നിർദ്ദേശം
സർവേ പൂർണമാക്കാത്തതിനെതിരായ പരാതിയിൽ കാടുവെട്ടിത്തെളിച്ച് സർവേ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സർവേ പൂർത്തിയാക്കിയെങ്കിൽ മാത്രമെ ലൈഫ് പദ്ധതി ആരംഭിക്കാനാവു. റവന്യു വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കണമെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പുറമ്പോക്ക് ഏറ്റെടുക്കുന്നതിന് മുമ്പ് സ്വകാര്യ വ്യക്തിക്ക് ഫ്ളാറ്റ് നിർമ്മിക്കാൻ അനുമതിക്കും നീക്കമുണ്ട്.
പി. നാരായണൻകുട്ടി
കൺവീനർ, ആക്ഷൻ കൗൺസിൽ
കാടുവെട്ടിത്തെളിക്കാൻ തയ്യാർ
സർവേ നടക്കുന്ന ദിവസം അറിയിച്ചാൽ കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്ത് തയ്യാറാണ്. ഇപ്പോൾ കാടുവെട്ടിത്തെളിച്ചാൽ മഴക്കാലമായതിനാൽ വീണ്ടും വളരും. പുറമ്പോക്ക് ഭൂമി കിടക്കുന്ന ഭൂമിയോട് ചേർന്ന് ഫ്ളാറ്റ് നിർമ്മിക്കാൻ അപേക്ഷ ലഭിച്ചെങ്കിലും പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല. പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാക്കിയ ശേഷമെ ഫ്ളാറ്റ് നിർമ്മാണം അനുവദിക്കൂ.
നസീർ ചൂർണിക്കര
പ്രസിഡന്റ്, ചൂർണിക്കര പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |