SignIn
Kerala Kaumudi Online
Thursday, 11 June 2026 9.11 AM IST

പ്രമാടം സ്കൂൾ ജംഗ്ഷൻ - മങ്ങാട്ടുപടി റോഡിലെ കാടുമൂടിയ ഓട അപകട ഭീഷണിയാകുന്നു

photo
പ്രമാടം സ്കൂൾ ജംഗ്ഷൻ - മങ്ങാട്ടുപടി റോഡിലെ മൂടി ഇല്ലാത്ത ഓട തിരിച്ചറിയാൻ കഴിയാത്ത വിധം പാഴ്മരങ്ങളും കാടും വളർന്ന് പൊന്തക്കാടായ നിലയിൽ

പ്രമാടം : നിരവധി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽനടയായും സൈക്കിളിലും സഞ്ചരിക്കുന്ന പ്രമാടം സ്കൂൾ ജംഗ്ഷൻ - മങ്ങാട്ടുപടി റോഡിലെ മൂടിയില്ലാത്ത ഓട അപകട ഭീഷണിയാകുന്നു. ഒരാൾ പൊക്കത്തിൽവരെ പാഴ്മരങ്ങളും കാടും വളർന്ന് നിൽക്കുന്ന ഓട തിരിച്ചറിയാൻ കഴിയാത്ത വിധം പൊന്തക്കാടായി മാറിയിട്ടുണ്ട്. അങ്കണവാടി മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള കുട്ടികൾ യാത്ര ചെയ്യുന്നുണ്ട്. മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിന് സമീപത്തെ കാട് തെളിച്ച് ഓടകൾ വൃത്തിയാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പറഞ്ഞിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡുകളിൽ മാത്രമാണ് പേരിനെങ്കിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡുകൂടിയാണിത്. മുൻ വർഷങ്ങളിൽ ഈ റോഡിലെ ഓടയിൽ വീണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ മൂടിയില്ലാത്ത ഓടകളിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. റോഡിന്റെ വശങ്ങൾ കാടുവിഴുങ്ങിയതോടെ പ്രദേശത്ത് ഇഴജന്തുക്കളുടെയും കാട്ടുപന്നി, തെരുവുനായ ശല്യവും രൂക്ഷമാണ്. അടുത്തിടെയായി പ്രദേശത്ത് മാലിന്യ നിക്ഷേപവും തുടങ്ങിയിട്ടുണ്ട്. ചാക്കുകളിലും പ്ളാസ്റ്റിക് കവറുകളിലുമായാണ് ഇരുളിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത്. ഇവ പല ദിവസങ്ങളിലും അഴുകി ജീർണിച്ച് ദുർഗന്ധം വമിക്കുന്ന നിലയിലാണ്. മഴ ശക്തമായതോടെ പകർച്ചവ്യാധി ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. കാട് തെളിച്ച് ഓട വൃത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

...................................................

കൊച്ചുകുട്ടികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന റോഡിലെ കാടുകൾ വെട്ടിത്തെളിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. നേരത്തെ തൊഴിലുറപ്പുകാരെ ഉപയോഗിച്ച് കാട് തെളിച്ചിരുന്നെങ്കിലും ഇത്തവണ ഇത് നടത്തിയിട്ടില്ല. ഓട സ്കൂൾ കുട്ടികളുടെയും നാട്ടുകാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണ്.

(പ്രദേശവാസികൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL