SignIn
Kerala Kaumudi Online
Thursday, 11 June 2026 9.12 AM IST

വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയായി ഗേൾസ് ഹൈസ്കൂൾ കെട്ടിടം പൊളിഞ്ഞുവീഴാറായി , പൊളിച്ചു നീക്കണം

12
വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയായി പഴയ സ്കൂൾ കെട്ടിടം

ചെങ്ങന്നൂർ: വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയായ ചെങ്ങന്നൂർ ഗവ.മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലുള്ള പഴയ ഗേൾസ് ഹൈസ്കൂൾ കെട്ടിടം പൊളിച്ചുനീക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. കാലവർഷം ശക്തമായതോടെ കെട്ടിടം ഏതു സമയവും നിലം പൊത്താമെന്ന സ്ഥിതിയാണ്. വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടത്തിന് ഗുരുതര ബലക്ഷയമുണ്ടെന്നാണ് വിലയിരുത്തൽ. 2024ൽ ചെങ്ങന്നൂരിലെ നാല് സ്കൂളുകൾ സംയോജിപ്പിച്ചതോടെയാണ് ഈ കെട്ടിടം പൂർണമായും ഉപേക്ഷിക്കപ്പെട്ടത്. കെട്ടിടം അപകടാവസ്ഥയിലാണെന്നും അടിയന്തരമായി പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് തവണ സ്കൂൾ അധികൃതർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല. കെട്ടിടത്തിന് തൊട്ടരികിലൂടെയാണ് ദിവസേന വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും പുതിയ ബ്ലോക്കിലേക്ക് പോയിവരുന്നത്. കെട്ടിടത്തിലെ ഒരുമുറിയിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

ആശങ്കയിൽ രക്ഷിതാക്കൾ

ഒന്നാംക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിഭാഗങ്ങളും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പുതിയ കെട്ടിടം നിലവിലുണ്ടെങ്കിലും ക്ലാസ് മുറികളുടെ അപര്യാപ്തതയും സ്കൂൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. പുതിയ കെട്ടിടം ഉണ്ടായിട്ടും പുറത്തുനിന്ന് നോക്കുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് തകർച്ചയുടെ വക്കിലെത്തിയ പഴയ കെട്ടിടമാണ്. ഇതുമൂലം കുട്ടികളെ ഈ സ്കൂളിലേക്ക് അയയ്ക്കുന്നതിൽ പല രക്ഷിതാക്കളും വിമുഖത കാട്ടുന്നതായി അധികൃതർ പറയുന്നു. കെട്ടിടംപൊളിച്ചുനീക്കി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ആവശ്യം.

ഫണ്ടിന്റെ അപര്യാപ്തത

സജി ചെറിയാൻ എം.എൽ.എയുമായി സ്കൂൾ അധികൃതർ വിഷയം ധരിപ്പിച്ചിരുന്നുവെന്നും പഴയ കെട്ടിടം പൊളിച്ചുമാറ്റി സ്ഥലം വൃത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നുവെന്നും അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ എണ്ണക്കുറവും ഫണ്ടിന്റെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് നടപടികൾ വൈകുന്നതെന്ന് സ്കൂൾ അധികൃതർ പറയുന്നത്.

..............................................................................................................

"പഴയ കെട്ടിടം ലേലം ചെയ്യാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചിട്ടുണ്ട്. നഗരസഭ നൽകിയ സർവേ റിപ്പോർട്ടിന് ബ്ലോക്ക് പഞ്ചായത്ത് അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. തടസങ്ങൾ മാറിയ സാഹചര്യത്തിൽ നഗരസഭയ്ക്ക് ഇനി വേഗത്തിൽ തന്നെ ലേല നടപടികളിലേക്ക് കടക്കാനാകും.

മനീഷ് കീഴാമഠം

(നഗരസഭാ അദ്ധ്യക്ഷൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL