SignIn
Kerala Kaumudi Online
Saturday, 23 May 2026 2.18 AM IST

അവസാന യാത്ര പറഞ്ഞ് സുഹൃത്തുക്കൾ അനുപമയ്ക്ക് കണ്ണീരോടെ വിട

തിരുവനന്തപുരം: അനുപമയുടെ ചേതനയറ്റ ശരീരം കമലേശ്വരത്തെ വീട്ടിലെത്തിക്കുമ്പോൾ തന്റെ പ്രിയസുഹൃത്തിനെ അവസാനമായി കാണാൻ ശ്രുതിയുമെത്തി. കമലേശ്വരം തോട്ടത്തെ പൂവങ്കൽ ഹൗസിൽ ഇന്നലെ ഉച്ചയോടെയാണ് അനുപമയുടെ ചേതനയറ്റ ശരീരം എത്തിച്ചത്. വിങ്ങുന്ന ഹൃദയത്തോടെ കാത്തുനിന്ന ശ്രുതിയടക്കം ഒ‌ാരോരുത്തരും പ്രിയ കൂട്ടുകാരിക്ക് അന്ത്യാഞ്ജലിയർപ്പിച്ചു. അനുപമയുടെ വിയോഗത്തിന്റെ നടുക്കം മാറാത്ത പിതാവ് സുമോദനനെയും മാതാവ് പ്രിയയെയും എങ്ങനെ ആശ്വാസിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയായിരുന്നു ഉറ്റവർ.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് വാമനപുരം നദിയുടെ ഭാഗമായ വിതുര താവക്കൽ വെള്ളച്ചാട്ടം കാണാൻ അനുപമയും ശ്രുതിയും അടങ്ങുന്ന സംഘം എത്തിയത്.

വിനോദയാത്രയ്ക്കിടെ താവക്കൽ വെള്ളച്ചാട്ടത്തിന് അടുത്ത കടവിൽ ഒന്നിച്ച് നടക്കവെ കാൽവഴുതി വെള്ളത്തിൽവീണ ശ്രുതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇരുവരും വെള്ളത്തിൽ വീഴുന്നത് അകലെനിന്ന് കണ്ട അന്യ സംസ്ഥാന തൊഴിലാളികൾ ഇരുവരെയും കരയ്ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുപമയെ രക്ഷിക്കാനായില്ല. ടെക്നോപാർക്കിലെ അലയൻസ് കമ്പനിയിലെ ജീവനക്കാരിയായ അനുപമയടക്കം 8 സുഹൃത്തുക്കൾ ബൈക്കിലാണ് പൊൻമുടിയിൽ വിനോദയാത്രയ്ക്കെത്തിയത്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞാണ് അനുപമയടക്കമുള്ളവരുടെ യാത്ര.

അനുപമയുടെ സഹോദരൻ വൈശാഖ് ഇതേകമ്പനിയിലെ ജീവനക്കാരനാണ്. ഡ്യൂട്ടിക്കിടെയാണ് സഹോദരി ഒഴുക്കിൽപ്പെട്ടെന്ന വിവരം അറിയുന്നത്. ഉടൻ വീട്ടിലെത്തി വിതുരയിലേക്ക് തിരിച്ചെങ്കിലും വഴിമദ്ധ്യേ അനുപമയുടെ ജീവൻ നഷ്ടമായെന്ന വിവരമെത്തി. വീട്ടിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ രാജീവ് ചന്ദ്രശേഖർ എം.എൽ.എ ഉൾപ്പെടെയുള്ളവർ അന്ത്യാഞ്ജലിയർപ്പിച്ചു. മുട്ടത്തറ മോക്ഷകവാടത്തിലായിരുന്നു സംസ്‌കാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL