SignIn
Kerala Kaumudi Online
Thursday, 11 June 2026 4.37 AM IST

പ്ലാസ്റ്റിക് ഡ്രമ്മിൽ വിരിഞ്ഞ് 'മുന്തിരി വസന്തം

grapes
ലിജുവിന്റെ വീടിന് മുകളിൽ കുലച്ച മുന്തിരി ച്ചെടി

ചാലക്കുടി: പ്ലാസ്റ്റിക് ഡ്രമ്മിൽ നട്ടുവളർത്തിയ ചെടിയിൽ മുന്തിരി വിളയിച്ച് ശ്രദ്ധേയനാവുകയാണ് പീലാർമുഴി കുന്നിൻമുകളിൽ താമസിക്കുന്ന ലിജു യേശുദാസ്. ഒരു വർഷം മുൻപ് നട്ട മുന്തിരിത്തണ്ടിൽനിന്ന് ഇപ്പോൾ ഇരുപതോളം കുലകളാണ് വിളഞ്ഞുനിൽക്കുന്നത്. ഇതിനുപുറമേ, തൊട്ടടുത്ത ഡ്രമ്മിൽ മറ്റൊരിനം മുന്തിരിച്ചെടിയും വളരുന്നുണ്ട്. മുന്തിരിച്ചെടികൾക്ക് പടർന്നു പന്തലിക്കാൻ കോൺക്രീറ്റ് വീടിന് മുകളിൽ സ്റ്റീലും പി.വി.സി പൈപ്പുകളും ഉപയോഗിച്ചാണ് ലിജു പന്തലൊരുക്കിയത്. എലവിത്തിങ്കൽ പൗലോസിന്റെ മകനായ 52കാരൻ ലിജു അഞ്ച് വർഷം മുമ്പാണ് പീലാർമുഴിയിലെത്തുന്നത്.

ശ്രദ്ധയോടെ പരിപാലനം

ടെറസിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച്, അതിൽ ചകിരിനാരുകൾ വിതറി വെള്ളം തളംകെട്ടി നിറുത്തിയാണ് ഈർപ്പം ഉറപ്പാക്കുന്നത്.
കോഴി കാഷ്ഠം, വേപ്പിൻപൊടി, കപ്പലണ്ടി പിണ്ണാക്ക് എന്നിവയാണ് പ്രധാന വളങ്ങൾ. ശീമകൊന്നയുടെ ഇല വെള്ളത്തിലിട്ട് തയ്യാറാക്കിയ മിശ്രിതം ഇടയ്ക്കിടെ തളിച്ചാണ് കീടങ്ങളെയും ഈച്ചകളെയും അകറ്റുന്നത്.

പ്രതിസന്ധികളെ അതിജീവിച്ച ശില്പി


മുൻപ് കൊത്തുപണികൾ നടത്തിയിരുന്ന ലിജുവിന്റെ തൊഴിൽ കോവിഡിന്റെ വരവോടെ പ്രതിസന്ധിയിലായി. തുടർന്ന് ഇവിടെയെത്തി കോഴിഫാം ആരംഭിച്ചു. ഇപ്പോഴും ആവശ്യക്കാർക്ക് മരത്തിലും മറ്റും മനോഹരമായ കരകൗശല വസ്തുക്കൾ ലിജു തയ്യാറാക്കി നൽകുന്നുണ്ട്. ലിജു തന്റെ കാർപ്പെന്റിംഗ് യൂണിറ്റിന് നൽകിയ 'യേശുദാസ്' എന്ന പേര് പിന്നീട് നാട്ടുകാർ അദ്ദേഹത്തിന്റെ പേരിനൊപ്പം ചേർത്തുവിളിക്കുകയായിരുന്നു. ലിജിയാണ് ഭാര്യ. ക്രിസ്റ്റി, ക്രിസ്റ്റീൻ എന്നിവർ മക്കളാണ്.

ഈ വിജയത്തോടെ പറമ്പിലെ അഞ്ച് സെന്റ് സ്ഥലത്ത് വലിയ രീതിയിൽ മുന്തിരി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് .'
ലിജു യേശുദാസ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL