SignIn
Kerala Kaumudi Online
Friday, 22 May 2026 7.58 PM IST

ട്വിഷ ശർമയുടെ മരണം: വീണ്ടും പോസ്റ്റ്മോർട്ടത്തിന് ഉത്തരവിട്ട് ഹൈക്കോടതി

twisha-death-case

‌ന്യൂഡൽഹി: മോഡലായ ട്വിഷ ശർമയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ പുതിയ ഉത്തരവുമായി മദ്ധ്യപ്രദേശ് ഹൈക്കോടതി. ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ട്വിഷയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‍മോർട്ടം ചെയ്യാൻ കോടതി അനുമതി നൽകി. ഡൽഹി എയിംസിലെ വിദഗ്ധ സംഘം പോസ്റ്റ്മോർട്ടം നടത്തണമെന്നും കോടതി ഉത്തരവിട്ടു. യുവതിയുടെ കുടുംബം നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്. നേരത്തെ ഇതേ ആവശ്യം ഭോപ്പാൽ കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ആദ്യത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ അപാകതകളും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വന്നതുമാണ് രണ്ടാമതൊരു പരിശോധന ആവശ്യപ്പെടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്. സ്ത്രീധന പീഡനവും മാനസിക പീഡനവുമാണ് മകളെ മരണത്തിലേക്ക് നയിച്ചതെന്നാണ് ട്വിഷയുടെ കുടുംബത്തിന്റെ ആരോപണം. കൂടാതെ, ട്വിഷ തൂങ്ങിമരിക്കാൻ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന വസ്തുക്കൾ ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കിയില്ലെന്നും കുടുംബത്തിന്റെ പരാതിയിൽ പറയുന്നു.

ട്വിഷയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളെക്കുറിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിശദമായി രേഖപ്പെടുത്താത്തതിനെ അഭിഭാഷകൻ ചോദ്യം ചെയ്തു. പൊലീസ് റിപ്പോർട്ടിലുള്ള ട്വിഷയുടെ ഉയരവും പോസ്റ്റ്മോർട്ടം വേളയിൽ രേഖപ്പെടുത്തിയ ഉയരവും തമ്മിലുള്ള വ്യത്യാസമാണ് മറ്റൊരു പ്രധാന വൈരുദ്ധ്യമായി അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.

അതിനിടെ, ട്വിഷയുടെ ഭർത്താവ് സമർഥ് സിംഗ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. വിചാരണ കോടതിയിൽ കീഴടങ്ങി അവിടെ നിന്ന് ജാമ്യം നേടാമെന്ന് സമർഥ് സിംഗിന്റെ അഭിഭാഷകൻ അറിയിച്ചു. ഇതിനുപിന്നാലെയാണ് യുവതിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാനുള്ള കോടതി ഉത്തരവ് വന്നത്. ഭാര്യയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ സമർഥിനെ ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല.

ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയും നടിയുമായ ട്വിഷയെ മേയ് 12നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭോപ്പാൽ സ്വദേശി സമർഥ് സിംഗുമായി 2025 ഡിസംബറിലായിരുന്നു ട്വിഷയുടെ വിവാഹം. 2024ൽ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ട്വിഷയുടെ ശരീരത്തിൽ മുറിവുകളും ചതവുകളുമുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതിനിടെയാണ് കുടുംബജീവിതവുമായി ബന്ധപ്പെട്ട് ട്വിഷ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങൾ പുറത്തുവന്നത്, അമ്മ രേഖാ ശർമയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളിൽ താൻ ഈ സന്തോഷകരമല്ലാത്ത വിവാഹത്തിൽ 'കുടുങ്ങിപ്പോയെന്നും' മാനസിക പീഡനവും സ്ത്രീധന പീഡനവും നേരിടുന്നുണ്ടെന്നും ട്വിഷ വെളിപ്പെടുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TWISHA DEATH CASE, HIGH COURT ORDER, REPOSTMORTEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360