
ചെന്നൈ: നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ തമിഴ്നാട്ടിൽ അധികാരമേറ്റിട്ട് പത്ത് ദിവസമേ ആയിട്ടുള്ളൂ. ഇതിനിടെ വലിയ പ്രതിസന്ധികളാണ് മുഖ്യമന്ത്രിയും സർക്കാരും നേരിടുന്നത്. എഐഎഡിഎംകെയിൽ നിന്നും പിന്തുണയുമായി എത്തിയ എംഎൽഎമാരെ സർക്കാരിന്റെ ഭാഗമാക്കുന്നതി സംബന്ധിച്ചാണ് പുതിയ പ്രതിസന്ധി. എഐഎഡിഎംകെ സഖ്യത്തിൽ പ്രവേശിച്ചാൽ സർക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കുമെന്ന് സഖ്യകക്ഷികളിൽ ഒന്നായ സിപിഎം പറഞ്ഞതോടെ വിഷയം വീണ്ടും ചർച്ചയായത്.
എഐഎഡിഎംകെ വിഭാഗത്തെ ടിവികെ സർക്കാരിന്റെ ഭാഗമാക്കുന്നത് ജനങ്ങളുടെ വിധിന്യായത്തിന് എതിരാണെന്ന് സിപിഎം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സഖ്യത്തിലെ എഐഎഡിഎംകെയുടെ സാന്നിധ്യം ടിവികെയുടെ 'ശുദ്ധമായ ഭരണം' എന്ന വാഗ്ദാനത്തിന് എതിരായിരിക്കുമെന്നും സിപിഎം അറിയിച്ചു. ഇതോടെ ടിവികെയും മുഖ്യമന്ത്രി വിജയ്‌യും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
തമിഴ്നാട് മറ്റൊരു തിരഞ്ഞെടുപ്പിന് തയ്യാറാകാത്തതിനാലും ഗവർണറിലൂടെ ഭരണം ബിജെപിയുടെ കൈകളിൽ എത്താൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഞങ്ങൾ ടിവികെയെ പിന്തുണച്ചതെന്നും സിപിഎം അറിയിച്ചു. തമിഴ്നാട്ടിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ദ്രാവിഡ രാഷ്ട്രീയത്തെ തകർത്തെറിഞ്ഞ ചരിത്ര വിജയം നേടിയ വിജയ്ക്ക് കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 234ൽ 108 സീറ്റ് തൂത്തുവാരിയ ടിവികെയ്ക്ക് പത്ത് സീറ്റിന്റെ കുറവായിരുന്നു കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കോൺഗ്രസ്, വിസികെ, സിപിഎം, സിപിഐ, മുസ്ലീം ലീഗ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെ ഭൂരിപക്ഷം തികയ്ക്കുകയായിരുന്നു.
എന്നാൽ വിശ്വാസ വോട്ടടെടുപ്പിൽ 24 എഐഎഡിഎംകെ വിമത എംഎൽഎമാരുടെ പിന്തുണ കൂടി വിജയ്‌യെ തേടിയെത്തി. ഈ എംഎൽഎമാരെ സർക്കാരിന്റെ ഭാഗമാക്കുന്നതിന് എതിരെയാണ് സിപിഎം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ കോൺഗ്രസും ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് വിജയ്യ്ക്ക് നൽകിയിരുന്നു. എഐഎഡിഎംകെയിൽ നിന്ന് കൂറുമാറി വിശ്വാസ വോട്ടെടുപ്പിൽ ടിവികെയെ പിന്തുണച്ച എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ആവശ്യപ്പെട്ടു. വിജയുടെ രാഷ്ട്രീയ പ്രതിച്ഛായക്ക് തീരുമാനം വലിയ കളങ്കമുണ്ടാക്കുമെന്ന് കാർത്തി ചൂണ്ടിക്കാട്ടിയിരുന്നു.
വിജയ് സർക്കാരിന്റെ സുസ്ഥിരതയ്ക്ക് കോൺഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ മാത്രം മതിയെന്ന് കാർത്തി ചിദംബരം പറഞ്ഞു. അഞ്ച് വർഷം പൂർത്തിയാക്കാൻ അണ്ണാ ഡി.എം.കെയുടെ ആവശ്യമില്ലെന്നും മാറ്റത്തിനായി വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന തീരുമാനങ്ങൾ വിജയ് എടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |