ആലപ്പുഴ: പരിമിതമാണെങ്കിലും ബഡ്ജറ്റ് പ്രഖ്യാപനങ്ങളിലും കയർ വ്യവസായത്തെ സംരക്ഷിക്കാനുള്ള പുതിയ സർക്കാരിന്റെ നടപടികളിലും പ്രതീക്ഷയർപ്പിക്കുകയാണ് ജില്ലയിലെ പരമ്പരാഗത കയർ തൊഴിലാളികൾ. കയറുൽപ്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റിലുണ്ടായതെങ്കിലും ചകിരി ലഭ്യതയ്ക്കും കയറുൽപ്പാദനത്തിനും കയറ്റുമതി ഉൾപ്പെടെ വിപുലമായ വിപണന സാദ്ധ്യതയ്ക്കുമുള്ള സർക്കാർ നടപടികളെയാണ് ഈ രംഗത്തുള്ളവർർ ഉറ്റുനോക്കുന്നത്.
അമ്പലപ്പുഴ, ചേർത്തല, കാർത്തികപ്പള്ളി താലൂക്കുകളിലായി പതിനായിരക്കണക്കിന് കുടുംബങ്ങളാണ് കയർ വ്യവസായത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. തൊണ്ടുതല്ലിയെടുത്ത നാരിൽ നിന്നും ഉൽപ്പാദിപ്പിച്ചെടുത്ത ആലപ്പുഴ കയർ പ്രത്യേക ഭൗമ സൂചികാ പദവിവരെ നേടിയെടുത്തെങ്കിലും ചകിരിയുടെ ദൗർലഭ്യവും പിരിച്ചെടുത്ത കയർ സർക്കാർ ഉടമസ്ഥതയിലുള്ള കയർ സ്ഥാപനങ്ങൾക്ക് കൈമാറിയ ഇനത്തിൽ യഥാസമയം പണം ലഭ്യമാകാത്തതും സഹകരണ സംഘങ്ങളുൾപ്പെടെ ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലിനിടയാക്കി.
ചകിരി ഉൽപ്പാദനത്തിന് ആഭ്യന്തരസംവിധാനമില്ലാത്തതിനാൽ തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന ചകിരി ഉപയോഗിച്ചാണ് കയർ ഉൽപ്പാദനം നടത്തിവന്നത്. പച്ചത്തൊണ്ട് സംഭരിച്ച് അതിൽ നിന്ന് ഗുണമേൻമയുള്ള ചകിരിയും അതുപയോഗിച്ച് കയറുൽപ്പാദിപ്പിക്കാനുള്ള നടപടിയുമുണ്ടായാലേ ഈ വ്യവസായത്തിന് നിലനിൽക്കാനാകൂ. കയർ സംഭരിച്ച വകയിൽ സഹകരണ സ്ഥാപനങ്ങൾക്കുള്ള പണം ലഭ്യമാക്കുന്നതിനൊപ്പം ചകിരി ലഭ്യതയും തൊഴിലാളികൾക്ക് 200 ദിവസമെങ്കിലും തൊഴിലും ഉറപ്പാക്കിയാലേ വ്യവസായം നിലനിർത്താൻ കഴിയുകയുള്ളുവെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. സഹകരണ സംഘങ്ങളുടെ കണക്കും ആസ്തി, വായ്പാ ബാദ്ധ്യതകളുമുൾപ്പെടെ കയർ മേഖലയിലെ മുഴുവൻ വിവരങ്ങളും സംബന്ധിച്ച് ഈ മാസം 30 നകം റിപ്പോർട്ട് നൽകാൻ മന്ത്രി രമേശ് ചെന്നിത്തല ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ
കയർ ഉത്പന്നങ്ങളുടെ വിപണി ഉറപ്പുവരുത്താനായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ സർക്കാർ സഹായം നൽകും.
കയർ മേഖലയ്ക്ക് 107.64 കോടി രൂപയും കയർ, കയറുൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയ്ക്കുള്ള വിപണി വികസന സഹായമായി (50 ശതമാനം സംസ്ഥാനത്തിന്റെ തുല്യ വിഹിതം) 10 കോടി രൂപയും വകയിരുത്തി.
കയർ ഉൽപന്നങ്ങളുടെ ഉൽപ്പാദനം, വിപണനം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് 11 കോടിയുടെ പദ്ധതി. വിലസ്ഥിരതാ ഫണ്ടായി 35 കോടി
ബഡ്ജറ്റ് പ്രഖ്യാപനത്തെ ശുഭകരമായാണ് നോക്കികാണുന്നത്. കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ച തുകകൾ ഉപയോഗിക്കാതെ നീക്കിയിരിപ്പുണ്ട്. ഇൻകം സപ്പോർട്ടിനുള്ള 25 കോടിയും കേന്ദ്രസർക്കാരിന്റെ 10 കോടി രൂപയും ഇതിന് പുറമേയുണ്ട്. സഹകരണസംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതോടെ ഗ്രാമീണ മേഖലകളിലുൾപ്പെടെ കയറുൽപ്പാദനം പുനരാരംഭിക്കാനാകും
- കെ.ആർ രാജേന്ദ്രപ്രസാദ്, പ്രസിഡന്ററ്. കേരള കയർ ഗുഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
ബഡ്ജ്റ്റ് നിരാശാജനകമാണ്. പുതിയ കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാനോ ചകിരി ലഭ്യതയ്ക്കോ കയറുൽപ്പാദനം പ്രോത്സാഹിപ്പിക്കാനോ നടപടിയില്ല
- എൻ.ആർ ബാബുരാജ്, കയർ വർക്കേഴ്സ് സെന്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |