SignIn
Kerala Kaumudi Online
Sunday, 07 June 2026 6.06 AM IST

പാറമേക്കാവിന്റെ വൻവെടിമരുന്ന് ശേഖരം മുതലമടയിൽ നശിപ്പിച്ചു

explosives
മുതലമട വെള്ളാരംകടവിലെ അനതികൃത വെടിമരുന്ന് നിർമ്മാണശാലയിലെ വെടിമരുന്ന് ശേഖരവും പാറമേക്കാവിന്റെ ശേഖരവും മുതലമടയിലെ സ്വകാര്യ ക്വാറിയിൽ വെച്ച് പൊട്ടിച്ച് നശിപ്പിച്ചപ്പോൾ അന്തരീക്ഷത്തിൽ ഉയർന്ന പുക.

മുതലമട: വെള്ളാരംകടവിലെ വെടിമരുന്ന് നിർമ്മാണശാലയിൽ സൂക്ഷിച്ച തൃശൂർ പാറമേക്കാവിന്റെ 3200 കിലോ വെടിമരുന്ന് ശേഖരം മുതലമട ചെമ്മണാംപതി അണ്ണാനഗറിലെ സ്വകാര്യ ക്വാറിയിൽ വച്ച് നശിപ്പിച്ചു. പെസോ(പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ)​,​ എറണാകുളം ചീഫ് എക്സ്‌പ്ലോസീവ് കാൺട്രോളർ, ചിറ്റൂർ തഹസീൽദാർ, ഫയർ ആൻഡ് റെസ്‌ക്യൂ, ബോംബ് സ്‌ക്വാഡ്, സയന്റിഫിക് അസിസ്റ്റന്റ് ടീം, ഹെൽത്ത് ഡിപ്പാർട്‌മെന്റ് മെഡിക്കൽ ടീം, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങി നൂറോളം പേരുടെ മേൽനോട്ടത്തിലും കനത്ത സുരക്ഷയിലുമാണ് വെടിമരുന്ന് ശേഖരം കത്തിച്ച് നശിപ്പിച്ചത്. 15 കിലോ സൂക്ഷിക്കാൻ അനുമതി മാത്രമാണു മുതലമട നീളിപ്പാറയിലെ വെടിമരുന്ന് നിർമ്മാണ ശാലയ്ക്കുള്ളത്. പക്ഷേ ഇവിടെ 3200 കിലോയുടെ അനധികൃത വെടിമരുന്ന് ശേഖരം ഉണ്ടായിരുന്നതായാണ് പൊലീസും തഹസിൽദാരും പെസോ ഉദ്യോഗസ്ഥരും പറയുന്നത്. മുതലമടയെ മറ്റൊരു മുണ്ടത്തിക്കോടാക്കാനുള്ള പ്രഹരശേഷി നിലവിൽ വെള്ളാരങ്കടവിലെ വെടിമരുന്ന് നിർമ്മാണ ശാലയിൽ സൂക്ഷിച്ച ശേഖരത്തിനുണ്ടായിരുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. മുതലമടയിലെ വിവാദമായ വെടിമരുന്ന് നിർമ്മാണ ശാലയ്ക്ക് ഏപ്രിൽ 28നാണ് ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്. കോട്ടയം സ്വദേശി ബിനോയ്‌ജേക്കബിന്റെ(62) ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. 2024 ൽ വെടിമരുന്ന് നിർമ്മാണ ശാലയുടെ പ്രവർത്തന ലൈസൻസ് പരിസരവാസികളുടെയും പൊതുജനങ്ങളുടെയും പരാതിയെ തുടർന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് തടഞ്ഞ് വച്ചിരുന്നു. പ്രധാന അണക്കെട്ടായ ചുള്ളിയാറിനും ഭീഷണിയാണെന്ന് ചൂണ്ടികാണിച്ച് പൊതുജനങ്ങൾ പ്രത്യക്ഷ സമരത്തിലും ഏർപ്പെട്ടെങ്കിലും ഫലം കണ്ടില്ല. ഇതിനു സമീപത്ത് പ്രവർത്തിക്കുന്ന മറ്റൊരു വെടിമരുന്ന് നിർമ്മാണശാലയും സ്റ്റോപ്പ് മെമ്മോ നൽകി പൂട്ടിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, MUTHALAMADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL