
തിരുവല്ല : തിരക്കേറിയ തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉടമകൾ ഇല്ലാത്ത പത്തിലധികം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. വർഷങ്ങളായിട്ടും ഉടമസ്ഥർ അന്വേഷിച്ച വരാത്ത വാഹനങ്ങളാണിത്. റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിലാണ് ഇരുചക്ര വാഹനങ്ങൾ ഒന്നിനുമുകളിൽ ഒന്നായി കൂട്ടിയിട്ടിരിക്കുന്നത്. മോഷ്ടാക്കൾ ഉപേക്ഷിച്ചവയാണെന്നും സംശയിക്കുന്നു. ആരുടെയെങ്കിലും ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചശേഷം ഉപയോഗം കഴിഞ്ഞു പൊല്ലാപ്പാകുമെന്ന് കരുതി മോഷ്ടാക്കൾ റെയിൽവേ സ്റ്റേഷനിലും മറ്റും തള്ളിയിട്ട് പോകുന്നത് മുമ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ വാഹനങ്ങളെക്കുറിച്ച് യാതൊരു വിവരവും അധികൃതർക്ക് ഇതുവരെയും ഇല്ല. ഏറെനാളായി ഇങ്ങനെ കിടക്കുന്ന വാഹനങ്ങൾ പലതും തുരുമ്പെടുത്തു നശിച്ചനിലയിലാണ്. വാഹനങ്ങൾ കൂടിക്കിടക്കുന്ന പരിസരം ഇഴജന്തുക്കളുടെയും തെരുവുനായ്‌ക്കളുടെയും താവളമായി മാറിയിട്ടുണ്ട്. സമീപപ്രദേശങ്ങളും കാടുപിടിച്ചു കിടക്കുകയാണ്. റെയിൽവേ സ്റ്റേഷൻ റോഡിലും ഇതേപോലുള്ള ഇരുചക്ര വാഹനങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്. കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിയിൽ കാണപ്പെട്ട വാഹനങ്ങൾ യാത്രക്കാർക്കും ഭീഷണിയാണ്.
ഉടമകൾ അന്വേഷിച്ചു വരാത്ത ഉപയോഗശൂന്യമായ വാഹനങ്ങൾ ഇവിടെനിന്ന് നീക്കംചെയ്യാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |