
പത്തനംതിട്ട: വൈദ്യുതി ലൈനിലേക്ക് വീണുകിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്രുന്നതിന്റെ പേരിൽ കെ.എസ്.ഇ.ബി ജീവനക്കാർ വ്യാപകമായി ഫലവൃക്ഷങ്ങളും റബർ മരങ്ങളും വാഴകളും വെട്ടിനശിപ്പിക്കുന്ന വിഷയത്തിൽ ഇടപെട്ട് വൈദ്യുതി മന്ത്രി. കെ.എസ്.ഇ,.ബിയുടെ ഇടപെടലിൽ അനാവശ്യ നടപടികളോ അപാകതയോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ മന്ത്രി സണ്ണി ജോസഫ് ഡെപ്യൂട്ടി ചീഫ് എൻജീനിയറെ ചുമതലപ്പെടുത്തി.
മഴക്കാല മുന്നൊരുക്കത്തിന്റെ പേരിൽ പത്തനംതിട്ട ജില്ലയിൽ അനധികൃതമായി കെ.എസ്.ഇ.ബി, മരങ്ങൾ വെട്ടുന്നെന്ന ആക്ഷേപങ്ങളെ തുടർന്നാണ് നടപടി. 11 കെ.വി ലൈനിലേക്ക് 2.6 മീറ്റർ ദൂരത്തിനുളളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നാണ് വൈദ്യുതി വകുപ്പിന്റെ ചട്ടം. ഇതിന്റെ മറവിൽ മൂന്ന് മീറ്ററിലേറെ അകലത്തിൽ നിൽക്കുന്ന മരങ്ങളും വെട്ടിവീഴ്ത്തി. തടികൾ നിശ്ചിത അളവിൽ മുറിച്ചിട്ടതിനു പിന്നാലെ തടിക്കച്ചവടക്കാരെത്തി വില പറഞ്ഞത് നാട്ടുകാരിൽ സംശയമുണ്ടാക്കി. കെ.എസ്.ഇ.ബി ജീവനക്കാരും തൊഴിലാളികളും തടിക്കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളിയാണ് മരങ്ങൾ വെട്ടിയിട്ടതിന് പിന്നിലെന്നാണ് പരാതി.
കഴിഞ്ഞ ദിവസം കവിയൂർ ഭാഗത്ത് വീട്ടുടമ സ്ഥലത്തില്ലാത്തപ്പോൾ കായ്ക്കാറായ തെങ്ങടക്കം വെട്ടിയത് പ്രതിഷേധമുണ്ടാക്കി. തെങ്ങിന്റെ ഓലമടൽ മാത്രം വെട്ടിയാൽ മതിയായിരുന്നു. ജനപ്രതിനിധികൾ സ്ഥലത്തെത്തി ചോദ്യം ചെയ്തെങ്കിലും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഗൗനിച്ചില്ല. അനധികൃതമായി വെട്ടി മാറ്റിയ മരങ്ങൾക്ക് നഷ്ട പരിഹാരം നൽകണമെന്ന് സ്ഥലം ഉടമകൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |