SignIn
Kerala Kaumudi Online
Friday, 12 June 2026 8.19 AM IST

ബൈപാസ് റോഡിലെ കുഴിയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു

marinja-car

5 പേ‌ർക്ക് പരിക്ക്

ആറ്റിങ്ങൽ: നിയന്ത്രണം വിട്ട കാർ നിർമ്മാണത്തിലിരിക്കുന്ന ബൈപ്പാസ് റോഡിലെ കുഴിയിലേക്ക് വീണ് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു.പാരിപ്പള്ളി മുക്കട ക്രിസ്തു നിവാസിൽ ഡൊമിനിക് സാബുവിന്റെ മകൻ ഡോമിസാണ് (24) മരിച്ചത്. കിളിമാനൂർ സ്വദേശി അക്ഷയ്(22), കടയ്ക്കാവൂർ സ്വദേശി ബ്രൗൺ (21), അഞ്ചുതെങ്ങ് സ്വദേശി ഫ്ലമിൻസ്(23), കടയ്ക്കാവൂർ സ്വദേശി സ്റ്റീഫൻ(21), വക്കം സ്വദേശി വിഷ്ണു (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ സ്വകാര്യാശുപത്രികളിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.

ആലംകോട് - കടയ്ക്കാവൂർ റോഡിൽ പാലാംകോണം ജംഗ്ഷന് സമീപം കടുവാപ്പള്ളി - മാമം ബൈപ്പാസിനായി പുതിയതായി നിർമ്മിക്കുന്ന റോഡിലാണ് അപകടം. മണനാക്ക് ഭാഗത്ത് നിന്ന് അമിതവേഗത്തിൽ വന്ന കാർ പാലംകോണം ജംഗ്ഷന് സമീപത്തെ നിർമ്മാണം നടക്കുന്ന ബൈപ്പാസിന്റെ കുഴിയിൽ വീഴുകയായിരുന്നു. പ്രധാന റോഡിൽ നിന്ന് 25 അടി താഴ്ചയുള്ള കുഴിയിലെ മൺതിട്ടയിൽ ഇടിച്ച് തലകീഴായി മറിഞ്ഞാണ് അപകടം നടന്നത്.

റോഡിലെ വളവ് സൂചിപ്പിക്കുന്നതോ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി അപകടമുന്നറിയിപ്പ് നൽകുന്നതോ ആയ ബോർഡുകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല.തെരുവ് വിളക്കുകൾ ഇല്ലാതിരുന്നതും അപകടത്തിന് വഴിവച്ചു. നാട്ടുകാരും കടയ്ക്കാവൂർ പൊലീസും ഫയർഫോഴ്സും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അപകട സമയം അതു വഴി കടന്നുപോയവരാണ് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചത്. വെളിച്ചമില്ലായ്മയും, ചതുപ്പും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. മുൻവശത്തെ ഗ്ലാസ് തകർത്താണ് യാത്രക്കാരെ പുറത്തെടുത്തത്. ബൈപ്പാസ് നിർമ്മാണ കരാറുകാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

ചിത്രം: അപകടത്തിൽപ്പെട്ട കാർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL