SignIn
Kerala Kaumudi Online
Friday, 12 June 2026 6.38 AM IST

ചാരുപാറ, പേരയത്തുപാറ മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം

വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ പേരയത്തുപാറ, ചാരുപാറ മേഖലകളിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി. തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പേവിഷബാധയുള്ള നായ്ക്കളും തെരുവോരങ്ങളിൽ ചുറ്റിത്തിരിഞ്ഞ് നടക്കുന്നുണ്ട്. നായ്ക്കൾ റോഡിന് കുറുകേ ചാടി ബൈക്കിൽ തട്ടി മറിഞ്ഞ് അനവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് നാട്ടുകാർ പഞ്ചായത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.

ആക്രമിക്കലും

അനവധി പേ‌ർ ഇതിനകം നായ്ക്കളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. രാത്രിയിൽ ചേന്നൻപാറ, പേരയത്തുപാറ, ചാരുപാറ മേഖലകളിൽ തെരുവ് നായ്ക്കളെ കൊണ്ടിറക്കി വിടുന്നതായും പരാതിയുണ്ട്. ഇവർ വീടുകളിൽ അതിക്രമിച്ചു കയറി കോഴികളേയും ആടുകളേയും കടിച്ചുകൊല്ലുന്നുണ്ട്.

വിദ്യാ‌ർത്ഥികൾ ബുദ്ധിമുട്ടിൽ

ചാരുപാറയിൽ പ്രവർത്തിക്കുന്ന വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ പരിസരത്തും തെരുവ്നായ് ശല്യമുണ്ട്. നായ്ക്കൾ സ്കൂളിലും അതിക്രമിച്ച് കയറുന്നുണ്ട്. അതിനാൽ വിദ്യാർത്ഥികളും സ്റ്റാഫുകളും ബുദ്ധിമുട്ടിലാണ്. നായ്ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.ജി.എം സ്കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായരും, വൈസ് പ്രിൻസിപ്പൽ സ്മിതാരാജീവും, മാനേജർ അഡ്വ.എൽ.ബീനയും പഞ്ചായത്തിൽ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.

റോഡ് തെരുവുനായ്ക്കളുടെ നിയന്ത്രണത്തിൽ

പൊൻമുടി സംസ്ഥാനപാതയിൽ തൊളിക്കോട്-തോട്ടുമുക്ക് മുതൽ വിതുര വരെയുള്ള ഭാഗം രാത്രിയിൽ തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിലാണ്. ബസിറങ്ങുന്നവർ സൂക്ഷിച്ചില്ലെങ്കിൽ നായ്ക്കളുടെ ആക്രമണത്തിന് വിധേയരാകും. പൊൻമുടി തിരുവനന്തപുരം സംസ്ഥാന പാതയോരങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന ഇറച്ചി വേസ്റ്റുൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇവരുടെ ഭക്ഷണം. മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലും നായ്ക്കൾ തമ്പടിച്ചിട്ടുണ്ട്. വിതുര പഞ്ചായത്തിലെ ആശുപത്രിജംഗ്ഷൻ, സ്കൂൾ ജംഗ്ഷൻ, കൊപ്പം,തേവിയോട് കെ.എസ്.ആ‌ർ.ടി.സി പരിസരം,കലുങ്ക് ജംഗ്ഷൻ എന്നിവിടങ്ങളിലും നായ്ശല്യം രൂക്ഷമാണ്.

ചായം,ചേന്നൻപാറ,തോട്ടുമുക്ക് വാ‌ർഡുകളുടെ പരിധിയിൽപ്പെടുന്ന ചേന്നൻപാറ, പേരയത്തുപാറ, ചാരുപാറ മേഖലയിൽ വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിന് അടിയന്തര പരിഹാരം കാണണം. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL