
ബാലരാമപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി നേമം റെയിവേ ടെർമിനൽ വികസനത്തോടനുബന്ധിച്ച് ബാലരാമപുരത്ത് ഓവർബ്രിഡ്ജ് പൊളിച്ചുമാറ്റുന്നതിൽ ആശങ്ക.
ആറാലുംമൂട്-പാറക്കുഴി, ഊറ്റിയറത്തല റെയിൽവേ ഓവർബ്രിഡ്ജ് പൊളിക്കുന്നതാണ് നാട്ടുകാരിൽ ആശങ്കയുണർത്തിയത്. ബദൽ സംവിധാനമൊരുക്കാതെയാണ് ഓവർബ്രിഡ്ജ് പൊളിക്കാനൊരുങ്ങിയിരിക്കുന്നത്. ദ്രുതഗതിയിൽ പണികൾ പുരോഗമിക്കവെ പ്രാദേശികമായ എതിർപ്പുകൾ കണക്കിലെടുക്കാൻ സാധിക്കില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഏറ്റെടുത്ത ഭൂമികൾക്കുള്ള നഷ്ടപരിഹാരം നേരത്തെ കൈമാറിയിട്ടുണ്ട്.
ഓവർബ്രിഡ്ജ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീല ചെയർപേഴ്സണായ ഇരുന്നൂറ് പേരടങ്ങുന്ന ആക്ഷൻ കൗൺസിലിന് രൂപം നൽകി. റെയിൽവേ അധികൃതർക്കും എം.എൽ.എ, എം.പി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർക്ക് നിവേദനം നൽകുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
ബദൽ സംവിധാനമൊരുക്കിയില്ല, യാത്രാപ്രതിസന്ധിയുണ്ടാകും
ആറാലുമൂട് ഭാഗത്ത് നിന്നും തലയൽ, പാറക്കുഴി, പുന്നക്കാട് പ്രാദേശിക ഗ്രാമീണറോഡുകളിലേക്ക് ഈ ഓവർബ്രിഡ്ജ് വഴിയാണ് യാത്രക്കാർ പോകുന്നത്. ഗതാഗതക്കുരുക്കും ബാലരാമപുരം തേമ്പാമുട്ടം റെയിൽവേ സിഗ്നലിൽ സാങ്കേതിക തകരാർ നേരിടുമ്പോഴും എരുത്താവൂർ, റസൽപുരം, ശാന്തിപുരം, കാട്ടാക്കട തുടങ്ങിയ ഭാഗത്ത് നിന്നുള്ള വാഹനയാത്രക്കാർ ഈ ഓവർബ്രിഡ്ജ് വഴിയാണ് ബാലരാമപുരം, വിഴിഞ്ഞം, നെയ്യാറ്റിൻകര ഭാഗത്തേക്ക് കടന്നുപോകുന്നത്. വേഗത്തിൽ നിംസ് ആശുപത്രിയിലെത്തുന്നതും ഈ റെയിൽവേ ഓവർബ്രിഡ്ജ് വഴിയാണ്. താരതമ്യേന വീതികുറഞ്ഞ ഓവർബ്രിഡ്ജ് പൊളിച്ച് വലുത് പണിയണമെന്ന ആവശ്യം കാലങ്ങളായുള്ളതാണ്. ഓവർബ്രിഡ്ജ് പൊളിച്ചുമാറ്റുന്നതോടെ പ്രാദേശികമായ യാത്രാപ്രതിസന്ധിയുണ്ടാകുമെന്നാണ് നാട്ടുകാരുടെ പരാതി.
നിർമ്മാണജോലികൾ അന്തിമഘട്ടത്തിൽ
ആറാലുംമൂട് ചന്തയിലേക്ക് പോകുന്ന കർഷകർ, വിദ്യാർത്ഥികൾ എന്നിവർക്ക് ആശ്രയമാകുന്നതും ഈ പ്രാദേശിക ഇടറോഡാണ്. പാത ഇരട്ടിപ്പിക്കുന്നതിന് മുമ്പ് വിഷയം റെയിൽവെയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഓവർബ്രിഡ്ജ് വീതി കൂട്ടുമെന്നാണ് റെയിൽവേ എൻജിനിയറിംഗ് വിഭാഗം അറിയിച്ചിരിക്കുന്നത്. എന്നാൽ നിർമ്മാണജോലികൾ അന്തിമഘട്ടത്തിലേക്ക് കടന്നതിനാൽ പുനരാലോചന സാദ്ധ്യമല്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |