തിരുവനന്തപുരം: കാപ്പാക്കേസിൽ കരുതൽ തടങ്കലിലായ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പപ്രകാരമുള്ള നാടുകടത്തലിന്റെ ഭാഗമായി തിരുവനന്തപുരം മേഖലയിലെ പ്രതികളെ വിയ്യൂരാണ് പാർപ്പിക്കുന്നത്.
മൂന്നാം തവണയാണ് കാപ്പാക്കേസിൽ സുഗതൻ അറസ്റ്റിലാകുന്നത്. മുമ്പ് രണ്ടുതവണ നാടുകടത്തലും സ്റ്റേഷനിൽ പതിവായി എത്തി ഒപ്പിടലും മാത്രമായിരുന്നു നടപടികൾ. നാലുമാസം വട്ടിയൂർക്കാവ് സ്‌റ്റേഷിലെത്തി ഒപ്പിടുന്നുണ്ടായിരുന്നു. വീണ്ടും കേസിൽ പ്രതിയായതോടെയാണ് കരുതൽ തടങ്കലിലായത്. കഴിഞ്ഞ മാർച്ചിൽ വെള്ളൈക്കടവ് കടയൽമുടുമ്പ് ക്ഷേത്രത്തിലുണ്ടായ സംഘർഷത്തിൽ സുഗതൻ ഉൾപ്പടെ നാലുപേർക്കെതിരെയാണ് വധശ്രമത്തിന് വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തത്.
ഇതിൽ സുഗതന് കോടതി മുൻകൂർ ജാമ്യം നൽകിയില്ല. സുഗതന്റെ പേരിൽ മുമ്പുണ്ടായിരുന്ന ഏഴ് കേസുകൾ ചൂണ്ടിക്കാട്ടി കരുതൽ തടങ്കലിലാക്കണമെന്ന് മാർച്ചിൽ പൊലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. ഈ എട്ടിനാണ് കളക്ടർ റിപ്പോർട്ട് അംഗീകരിച്ച് കാപ്പ ചുമത്തി തടങ്കലിലാക്കാൻ ഉത്തരവിട്ടത്.
കാപ്പ അപ്പീൽ കമ്മിറ്റി മുമ്പാകെ സുഗതന്റെ കുടുംബം അപ്പീൽ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചില്ലെങ്കിൽ ആറുമുതൽ ഒരുവർഷം വരെ കരുതൽ തടങ്കലിൽ കഴിയേണ്ടി വരും. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് പിടികൂടുമ്പോൾ സുഗതൻ പൊലീസിനെ മർദ്ദിച്ചെന്നും കേസുണ്ട്. അതും ബലപ്പിക്കാനാണ് പൊലീസ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |