SignIn
Kerala Kaumudi Online
Saturday, 30 May 2026 3.41 PM IST

റീലെടുക്കാൻ 60 അടി ഉയരമുള്ള  വാട്ടർടാങ്കിൽ  കയറി; ഗോവണി  തകർന്നുവീണ് ഒരു കുട്ടിക്ക് ദാരുണാന്ത്യം, രണ്ടുപേരെ രക്ഷിച്ചത് സെെന്യം

water-tank

ലക്നൗ: ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിക്കാൻ കൂറ്റൻ വാട്ടർടാങ്കിന് മുകളിൽ കയറി അഞ്ചുകുട്ടികൾ. പിന്നാലെ വൻ ദുരന്തം. ഗോവണി തകർന്ന് താഴേക്ക് വീണ മൂന്ന് കുട്ടികളിൽ ഒരാൾക്ക് ദാരുണാന്ത്യം. ടാങ്കിന് മുകളിൽ കുടുങ്ങിയ രണ്ടുകുട്ടികളെ വ്യോമസേനയുടെ ഹെലികോപ്ടർ എത്തിച്ച് രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിലാണ് ദാരുണമായ സംഭവം നടന്നത്.

കാശിറാം ആവാസ് കോളനിയിൽ സ്ഥിതി ചെയ്യുന്ന 60 അടി ഉയരമുള്ള വാട്ടർടാങ്കിന് മുകളിലാണ് കുട്ടികൾ കയറിയത്. സിദ്ധാർത്ഥ് (13), ഗോലു (14), സണ്ണി (11) എന്നിവരാണ് ഗോവണി തകർന്ന് 50 അടി ഉയരത്തിൽ നിന്ന് നിലത്തേയ്ക്ക് വീണത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിദ്ധാർത്ഥിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റ് രണ്ട് കുട്ടികളുടെയും നില ഗുരുതരമാണെന്ന് ഡോക്ടർ അറിയിച്ചു.

ശനിയാഴ്ച വെെകുന്നേരം മൂന്നുമണിയോടെയാണ് അഞ്ച് കുട്ടികൾ ചേർന്ന് റീൽ ചിത്രീകരിക്കാനായി വർഷങ്ങൾ പഴക്കമുള്ള വാട്ടർടാങ്കിന് മുകളിൽ കയറിയത്. ഓരോരുത്തരായി തിരിച്ചിറങ്ങുന്നതിനിടെ ടാങ്കിന്റെ ഗോവണി തകർന്ന് മൂന്നുപേർ താഴേക്ക് വീഴുകയായിരുന്നു. ഗോവണിയുടെ കമ്പിയിൽ തൂങ്ങിക്കിടന്ന രണ്ട് കുട്ടികൾ തിരിച്ചുമുകളിലേക്ക് കയറുകയും അവിടെ കുടുങ്ങുകയുമായിരുന്നു.

പവൻ (17), കല്ലു (16) എന്നിവരാണ് കുടുങ്ങിയത്. ഡ്രോണുകൾ വഴി കുട്ടികൾക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു. കുട്ടികളെ താഴേ എത്തിക്കാൻ ഹെെഡ്രോളിക് ഗോവണി കൊണ്ടുവന്നെങ്കിലും ഫലം ഉണ്ടായില്ല. പിന്നാലെ ജില്ലാ ഭരണകൂടം വ്യോമസേനയോട് സഹായം തേടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 5.20ഓടെ വ്യോമസേനയുടെ എംഐ -17 വി 5 ഹെലികോപ്ടർ ഉപയോഗിച്ച് രണ്ട് കുട്ടികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടികളെ കുടുംബത്തിന് കെെമാറിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, WATER TANK, DIESEL, REELS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360