SignIn
Kerala Kaumudi Online
Saturday, 06 June 2026 11.54 AM IST

ട്രെയിൻ അപകടം: മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂൾ കെട്ടിടം പൊളിച്ചു, പ്രേത ഭയമെന്ന് രക്ഷിതാക്കൾ

balasore-school

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ച ബഹനഗ ഗവ. ഹൈസ്‌കൂൾ കെട്ടിടം പൊളിച്ചു. അപകടത്തിൽ മരിച്ചവരെ സൂക്ഷിക്കാൻ സ്‌കൂൾ താത്കാലിക മോർച്ചറിയാക്കിയിരുന്നു. വേനലവധിക്ക് ശേഷം ജൂൺ 19ന് സ്‌കൂൾ തുറക്കാനിരിക്കുകയാണ്. എന്നാൽ പ്രേതഭയമുള്ളതിനാൽ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ സംഘടിതമായി അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് പൊളിക്കൽ നടപടി.

മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്ന ഭയം രക്ഷിതാക്കൾക്ക് ഉണ്ടെന്നാണ് സ്കൂൾ അധികൃതരുടെ റിപ്പോർട്ട്. സ്‌കൂൾ ഒരു മോർച്ചറിക്ക് സമാനമായെന്ന് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗം രാജാറാം മൊഹപത്ര പറഞ്ഞു. ''ഞങ്ങൾ പ്രേതങ്ങളിൽ വിശ്വസിക്കുന്നില്ല. എന്നാൽ ഇവിടെയുള്ള രക്ഷിതാക്കൾ വിശ്വസിക്കുന്നു. മന്ത്രവാദത്തിലുള്ള വിശ്വാസവും ഇവിടെ വ്യാപകമാണ്. സ്‌കൂളിനു സമീപത്ത് താമസിക്കുന്നവർ അർദ്ധരാത്രിക്ക് ശേഷം പല ശബ്ദങ്ങളും കേൾക്കുന്നതായി പറയുന്നു"". രാജാറാം കൂട്ടിച്ചേർത്തു. അപകടവും തുടർന്നുണ്ടായ സംഭവങ്ങളും വിദ്യാർത്ഥികളെ ഭയപ്പെടുത്തിയെന്നും ക്ലാസുകളിലെത്താൻ വിദ്യാർത്ഥികൾ ഏറെ ഭയപ്പെടുന്നുണ്ടെന്നും പ്രധാനാദ്ധ്യാപകൻ പറഞ്ഞു. ഈ റിപ്പോ‌ർട്ട് ജില്ലാഭരണ കൂടത്തിന് സ്‌കൂൾ മാനേജ്മെന്റ് കൈമാറി. ബാലസോർ ജില്ലാകലക്ടർ ദത്താത്രേയ ബാവുസാഹബ് ഷിൻഡെ വ്യാഴാഴ്ച സ്കൂൾ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി റിപ്പോർട്ട് സംസ്ഥാന സർക്കാരിനെ അറിയിച്ചു. സർക്കാരിന്റെ അനുമതി ലഭിച്ചതോടെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ കെട്ടിടം പൊളിക്കാൻ ആരംഭിച്ചു. അതേസമയം, പ്രേതങ്ങളെക്കുറിച്ചുള്ള ചിന്തകൾ പകരാതെ ശാസ്ത്രീയ ചിന്ത കുട്ടികൾക്ക് നൽകണമെന്ന് ജില്ലാകലക്ടർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സ്‌കൂളിലെ 16 ക്ലാസ് മുറികളിൽ മൃതദേഹം സൂക്ഷിച്ചിരുന്ന ഏഴെണ്ണത്തിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ഈ കെട്ടിടഭാഗമാണ് പൊളിച്ചു തുടങ്ങിയത്. ഏതായാലും പുതുക്കി പണിയാൻ സമയമായെന്നും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. കെട്ടിടം 67 വർഷം പഴക്കമുള്ളതാണ്. ആദ്യം പ്രൈമറി സ്‌കൂളായി 1956ലാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. 1958ലാണ് ഹൈസ്‌കൂളായി ഉയർത്തിയത്. ഒന്നു മുതൽ 10ാം ക്ലാസ് വരെ 565 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

ജൂൺ രണ്ടിനാണ് ബാലസോറിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ച് 288 പേർ മരിച്ചത്. അപകടം നടന്നയുടനെ പരുക്കേറ്റവരെയും മരിച്ചവരെയും ആദ്യം എത്തിച്ചത് ഏകദേശം അരകിലോമീറ്റർ അകലെയുള്ള ബഹനഗ സ്‌കൂളിലേക്കാണ്. പിന്നീട് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൃതദേഹങ്ങൾ ഒരു ദിവസം ഇവിടെ സൂക്ഷിച്ചു. ജൂൺ മൂന്നിന് രാത്രിയാണ് മൃതദേഹങ്ങൾ ഭുവനേശ്വറിലെ വിവിധ മോർച്ചറികളിലേക്കു മാറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360