SignIn
Kerala Kaumudi Online
Thursday, 11 June 2026 12.30 PM IST

അടൂർ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം: 21ന് സംയുക്ത പരിശോധന

അടൂർ : നഗരഹൃദയത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി 21ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാർ ചേർന്ന് സംയുക്ത പരിശോധന നടത്താൻ ഇന്നലെ ആർ.ഡി.ഒ ഒാഫീസിൽ ഡെപ്യൂട്ടി കളക്ടർ ടി.ജി. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വെള്ളക്കെട്ടിന് കാരണമാകുന്ന വിഷയങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, കല്ലട ജലസേചന പദ്ധതി, പൊതുമരാമത്ത്, നാഷണൽ ഹൈവേ, കേരള റോഡ്ഫണ്ട് ബോർഡ്, റവന്യൂ, സർവേതുടങ്ങിയ വകുപ്പികളിലെ ഉദ്യോഗസ്ഥർ ചേർന്നാകും പരിശോധന. തുടർച്ചയായി നഗരത്തിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായാണ് ഇന്നലെ അടിയന്തരയോഗം വിളിച്ചു ചേർത്തത്. അടൂരിലെ റോഡ്, ഒാടകൾ എന്നിവയുടെ നിർമ്മാണ ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തതാണ് ഇതിന് കാരണമെന്നും റോഡ് നിർമ്മാണം അനിശ്ചിമായി നീളുന്നത് ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും നഗരസഭാ ചെയർമാൻ ഡി.സജി യോഗത്തിൽ ചൂണ്ടിക്കാട്ടി. അടൂർ സെൻട്രൽ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ എന്നിവിടങ്ങളിൽ വെള്ളം ഒഴുകിപ്പോകുന്നതിന് നിരവധി നീർച്ചാലുകൾ ഉണ്ടായിരുന്നത് അടഞ്ഞുപോയതും കാരണമാണെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി. തങ്ങൾ ഏറ്റെടുത്ത പണികളുടെ 80 ശതമാനവും പൂർത്തിയായതായും തൃശൂർ ബേക്കറിയുടെ സമീപത്തുള്ള ഒാട കണ്ടെത്താൻ കഴിയാത്തതിനാൽ അത് കണ്ടെത്തി അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. നിലവിലുള്ള നഗരത്തിലെ ഒാടകളുടെ വലുപ്പം ഇപ്പോൾ പെയ്യുന്ന മഴയുടെ വെള്ളം ഉൾക്കൊള്ളാൻ അപര്യാപ്തമാണെന്നും ഒാടകളുടെ വലുപ്പം കൂട്ടുന്നതിനൊപ്പം വലിയതോട് വൃത്തിയാക്കി ആഴംകൂട്ടേണ്ട ചുമതല മേജർ ഇറിഗേഷന്റെ ചുമതലയാണെന്നും മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. റോഡുകൾ തകർന്നു കിടക്കുന്നതിനാൽ പാർക്കിംഗിന് മതിയായ സ്ഥലമില്ലെന്നും അടിയന്തരമായി ട്രാഫിക് പരിഷ്ക്കരണത്തിന് റെഗുലേറ്റർ കമ്മിറ്റി കൂടണമെന്നും ജോയിന്റ് ആർ.ടി.ഒ നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL