
കൊച്ചി: വഴിയോര തട്ടുകടയിൽ 'ചൂടൻ കുൽഫി" വിളമ്പി താരമായ മീനാക്ഷിക്ക് പഠിച്ചിറങ്ങിയ ഉടൻ ജോലി. ജൂൺ ഒന്നിനു കൊച്ചിയിലെ പ്രമുഖ സീഫുഡ് എക്സ്പോർട്ടിംഗ് കമ്പനിയിൽ പ്രൊഡക്‌ഷൻ എക്സിക്യുട്ടീവായി പ്രവേശിക്കും.
ക്യാമ്പസ് സെലക്‌ഷനാണ്. ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലാകും ജോലി. താമസ സൗകര്യമടക്കം മികച്ച പാക്കേജിലാണ് നിയമനം. തൊഴിൽ ചെയ്ത് പഠിച്ചിരുന്ന മീനാക്ഷി ഇനി പുതിയ ജോലിക്കൊപ്പം കുൽഫിക്കട നടത്തും.
തൃപ്പൂണിത്തുറ- വൈക്കം റോഡിൽ തെക്കുംഭാഗത്താണ് മീനാക്ഷിയുടെ തട്ടുകട. അമ്മൂമ്മ മായമ്മയ്‌ക്കൊപ്പം വേറിട്ട വിഭവം വിൽക്കുന്നത് കേരളകൗമുദി വാർത്തയിലൂടെയാണ് വൈറലായത്. ഐസ് സ്റ്റിക്ക് മോഡലിൽ ചിക്കൻ, എഗ്ഗ് കുൽഫികൾ.
എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ ഇൻഡസ്ട്രിയൽ ഫിഷറീസ് ബിരുദ വിദ്യാർത്ഥിയായിരുന്നു മീനാക്ഷി. കോളേജിൽ നിന്ന് എത്തിയ ശേഷമാണ് അമ്മൂമ്മയ്ക്കൊപ്പം കട നടത്തിയിരുന്നത്. ക്യാമ്പസ് സെലക്‌ഷൻ അഭിമുഖത്തിനുശേഷം കമ്പനി തിരഞ്ഞെടുത്തത് മീനാക്ഷിയെ മാത്രം. മായമ്മയുടെ മകൾ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരിയായ ബിന്ദുവിന്റേയും കാർപ്പന്ററായ ഷൈജുവിന്റേയും മകളാണ് മീനാക്ഷി.
കുൽഫി
ഗ്യാസിൽ പ്രവർത്തിക്കുന്ന മെഷീനിലാണ് തയ്യാറാക്കുക. മുട്ട കുൽഫി 50 രൂപയും ചിക്കനു 70 രൂപയുമാണ് വില. അടിപൊളി രുചി നൽകുന്ന മസാലക്കൂട്ട് രഹസ്യം.
ഇളയ സഹോദരങ്ങളായ അശ്വതും ശ്രീരാഗും കടയിൽ അമ്മൂമ്മയുടെ സഹായത്തിനുണ്ടാകും. ഓഫ് ഡേയിൽ ഞാനുമെത്തും.
- മീനാക്ഷി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |