
മാന്നാർ : പത്താം വർഷത്തിലും ഹിറ്റായി 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതി. മാവേലിക്കര സ്വദേശിയായ പി.സി ഹരികുമാർ എന്ന കൃഷി ഓഫീസർ സ്വന്തം വീട്ടിൽ പരീക്ഷിച്ച് വിജയിപ്പിച്ച പദ്ധതി 2015ൽ സ്വന്തം ഫേസ് ബുക്ക് അക്കൗണ്ടിലൂടെ പതിനായിരത്തോളം കുടുംബങ്ങളിൽ പരീക്ഷിച്ച് ജനഹൃദയങ്ങളിലെത്തിക്കാൻ കഴിഞ്ഞതോടെയാണ് സംസ്ഥാനം 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതി ഏറ്റെടുത്തത്.
2016ൽ തൃശൂർ ബാനർജി ക്ലബിൽ ഓൺലൈൻ കാർഷികവിപണിയുടെ രണ്ടാംവാർഷിക ചടങ്ങിൽ കൃഷിമന്ത്രിയായിരുന്ന വി.എസ്. സുനിൽകുമാറിൽ നിന്ന് ആദരവ് ഏറ്റുവാങ്ങിയ ഹരികുമാർ, പദ്ധതി റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയതോടെ 'ഓണത്തിനൊരുമുറം പച്ചക്കറി' സർക്കാർ പദ്ധതിയായി മാറി. പദ്ധതി പത്ത് വർഷം എത്തുമ്പോൾ പുതിയ സർക്കാരും 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിയുമായി മുന്നോട്ടുപോകുവാനുള്ള തീരുമാനത്തിലാണ്.
'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതി ആദ്യമായി വിത്തിട്ട് മുളപ്പിക്കുമ്പോൾ മാന്നാർ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ അന്ന് അസി.കൃഷിഓഫീസറായിരുന്ന മാവേലിക്കര കണ്ടിയൂർ പനമ്പിലാവിൽ പി.സി.ഹരികുമാർ ഇന്ന് അതേ ഓഫീസിൽ കൃഷി ഓഫീസറായി കൃഷി രീതികളുടെ നൂതന വഴികൾ പകർന്നു നൽകുകയാണ്. അവരവർ കൃഷി ചെയ്ത് ലഭിക്കുന്ന വിഷരഹിതമായ ഒരുമുറം പച്ചക്കറി കൊണ്ടാവണം ഇത്തവണത്തെ ഓണസദ്യയെന്നാണ് ഹരികുമാറിന് മുന്നോട്ട് വെക്കാനുള്ളത്.
സമയം പ്രധാനം
നല്ല മനസ്സും, ദൃഡനിശ്ചയവും ഉണ്ടെങ്കില്‍ ഈ വരുന്ന ഓണത്തിന് സ്വന്തം കൃഷിയിടത്തിൽ നിന്നുമുള്ള വിഭവങ്ങൾ ഉപയോഗിച്ചുള്ള സദ്യ ഒരുക്കാൻ കഴിയും. പക്ഷേ ടൈം മാനേജ്മെന്റ് ശ്രദ്ധിക്കണമെന്നാണ് ഈ കൃഷി ഓഫീസർ നമ്മെ ഓർമ്മപ്പെടുത്തുന്നത്. അതായത് ഇത്തവണ ഓണം ആഗസ്റ്റ് 26ന് ആണ്. ഏകദേശം വിളവുകാലം നോക്കിയാൽ 70 ദിവസത്തോടടുപ്പിച്ചു വിളവെടുക്കാമെന്ന രീതിയിൽ ജൂണ്‍ രണ്ടാംആഴ്ചയിലോ എന്തെങ്കിലും സാങ്കേതിക തടസങ്ങൾ ഉള്ളവർ മൂന്നാം ആഴ്ചയിൽ തന്നെയോ തൈനടീൽ നടത്തണം. അതിന്റെ കൂടെ ഓരോ പച്ചക്കറിത്തടത്തിലും ഒരു ബെന്ദിചെടിയും നടണം.
എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും ഈ വർഷം നമ്മൾ കൃഷിചെയ്ത വിഭവങ്ങൾ ഉപോയോഗിച്ചു തന്നെ ഓണമുണ്ണും എന്ന പ്രതിജ്ഞയിൽ നമുക്ക് പ്രവർത്തനം ആരംഭിക്കാം. സ്വന്തം കൃഷിയിടത്തിലെ വിഷരഹിതമായ കാർഷിക വിഭവങ്ങളും ബന്ദിപ്പൂവും നിറഞ്ഞതാകട്ടെ നമ്മുടെ ഈ വർഷത്തെ ഓണം
- പി.സി.ഹരികുമാർ , കൃഷി ഓഫീസർ
മാന്നാർ ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |