നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിലെ പൂവ്വത്തുശേരിയിൽ ചാലക്കുടി പുഴക്ക് കുറുകെ തിരുപറമ്പ് കടവിൽ നിന്ന് എളവൂരിലേക്ക് പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഴ കനത്താൽ കടത്ത് നിലയ്ക്കുന്നതോടെ എട്ട് കിലോമീറ്റർ ചുറ്റിവേണം പ്രദേശവാസികൾക്ക് മറുകരയിലെത്താൻ. പതിറ്റാണ്ടുകളായി തുടരുന്ന ഈ ദുരവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതർ മൗനം പാലിക്കുന്നുവെന്നാണ് പരാതി.
ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ കടത്തുവഞ്ചിയെയാണ് ജനങ്ങൾ ഇപ്പോൾ ആശ്രയിക്കുന്നത്. രാവിലെ ആറിന് ആരംഭിക്കുന്ന കടത്ത് സർവീസ് വൈകിട്ട് ഏഴ് മണിയോടെ അവസാനിക്കും. അതിന് ശേഷം വരുന്നവർ മൂഴിക്കുളം, പാറക്കടവ് വഴി എട്ട് കിലോമീറ്റർ ചുറ്റണം. വിദ്യാർത്ഥികളും ജോലിക്കാരുമെല്ലാം ദുരിതമനുഭവിക്കുകയാണ്.
തൂക്കുപാലം, ഗതാഗത സൗകര്യമുള്ള പാലം എന്നീ നിർദ്ദേശങ്ങളെല്ലാം നേരത്തെ ഉയർന്നിരുന്നു. മണ്ണ് പരിശോധനയും സർവേയും നടന്നെങ്കിലും ഒന്നും യാഥാർത്ഥ്യമായില്ല. വ്യാപാരികൾ നവകേരള സദസിലും നിവേദനം നൽകിയിരുന്നു.
തൂക്കുപാലം: സാദ്ധ്യത
തെളിഞ്ഞെങ്കിലും നടപ്പായില്ല
പത്ത് വർഷം മുമ്പ് പൂവ്വത്തുശേരിയിലെ വ്യാപാരികൾ പാലം വേണമെന്ന ആവശ്യമുയർത്തിയതിനെ തുടർന്ന് തൂക്കുപാലത്തിന് സാദ്ധ്യത തെളിഞ്ഞുവെങ്കിലും വാഹന ഗതാഗത സൗകര്യമുള്ള പാലം മതിയെമെന്ന് ചിലർ വാദിച്ചതോടെ എല്ലാം അനിശ്ചിതത്വത്തിലായി. മാദ്ധ്യമ വാർത്തയയായതിനെ തുടർന്ന് കെൽ സംഘം സ്ഥലം സന്ദർശിച്ച് രണ്ട് കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. എന്നാൽ മൂന്ന് കോടി കൂടി ഉണ്ടെങ്കിൽ വാഹന ഗതാഗത സൗകര്യമുള്ള പാലം നിർമ്മിക്കാമെന്ന ആശയം ഉയർന്നതിനെ തുടർന്ന് റോജി എം. ജോൺ എം.എൽ.എ സഭയിൽ വിഷയം ഉന്നയിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എട്ട് ലക്ഷം രൂപ ചെലവിൽ മണ്ണ് പരിശോധന നടത്തിയെങ്കിലും പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം പാരയായി. പാലം നിർമ്മിച്ചാൽ ആലുവ - മാള റോഡിൽ പൂവ്വത്തുശേരി ഭാഗത്ത് ഗതാഗതക്കുരുക്കും അപകട സാദ്ധ്യതയും വർദ്ധിക്കുമെന്നായിരുന്നു ബ്രിഡ്ജസ് വിഭാഗത്തിന്റെ റിപ്പോർട്ട്. അതോടെ പദ്ധതി ഉപേക്ഷിച്ച മട്ടിലായി.
തിരുപറമ്പ് - എളവൂർ പാലം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എയും മന്ത്രിയുമായ റോജി എം. ജോണിന് ഭീമഹർജി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരം ആരംഭിക്കും.
ഷാജു സെബാസ്റ്റ്യൻ
(പ്രസിഡന്റ്)
പി.പി. ശ്രീവത്സൻ
(സെക്രട്ടറി)
കെ.വി.വി.ഇ.എസ്
പൂവത്തുശേരി യൂണിറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |