
പള്ളുരുത്തി: വർഷങ്ങളായുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ പെരുമ്പടപ്പ് - കുമ്പളങ്ങിവഴി റോഡ് വീതികൂട്ടുന്നതിനായുള്ള അലൈൻമെന്റ് കല്ലുകൾ സ്ഥാപിച്ചു തുടങ്ങി. റോഡിന് ഇരുവശങ്ങളിലുമായി നൂറോളം കല്ലുകൾ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
ഇടുങ്ങിയ റോഡിലെ അപകടപരമ്പരകളും മരണങ്ങളും മുൻനിറുത്തി റോഡിനിരുവശത്തുമുള്ള റെസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ളവർ സമരത്തിലായിരുന്നു.
2016-17ലെ ബഡ്ജറ്റിൽ 2.98 കോടിരൂപ അനുവദിച്ചെങ്കിലും സാങ്കേതിക തടസങ്ങളാൽ നിർമ്മാണം നിലച്ചു. ഇതിനിടെ റോഡ് റീടാർചെയ്യാൻ 1.8കോടിരൂപ ചെലവാക്കിയത് വിവാദമായി. റോഡ് വികസനത്തിനായി പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ട 7 കോടി 11 ലക്ഷംരൂപ ധനകാര്യവകുപ്പ് അനുവദിച്ചിട്ടുണ്ട്. ഇതിൽ സർവേ ജോലികൾക്കായി 3386,000 രൂപ മൂന്നുവർഷംമുമ്പ് സർവേവകുപ്പിന് കൈമാറിയെങ്കിലും നടപടികൾ വൈകുകയായിരുന്നു.
വികസിപ്പിക്കുന്നത് 1.7 കി.മീറ്റർ റോഡ്
കുമ്പളങ്ങിവഴി മുതൽ പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി വരെയുള്ള 1.7 കി.മീറ്റർ റോഡാണ് വികസിപ്പിക്കുന്നത്
നിർമ്മാണം പൂർത്തിയാകുമ്പോൾ റോഡിന് 12.5 മീറ്റർ വീതിയുണ്ടാകും. ഇരുവശങ്ങളിലും കാനയും നടപ്പാതയും നിർമ്മിക്കും
ഒരുവർഷംമുമ്പ് ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും കരാറെടുക്കാൻ ആളില്ലാത്തതിനാൽ നിർമ്മാണം വൈകി. മൂന്നാമത്തെ ടെൻഡറിലാണ് കരാറായത്
കല്ല് സ്ഥാപിക്കൽ പൂർത്തിയായാൽ സർവേജോലികൾ ആരംഭിക്കും.
റോഡ് വികസനം അടിയന്തരമായി പൂർത്തിയാക്കാൻ അധികൃതർ സത്വര നടപടികൾ സ്വീകരിക്കണം കെ.എസ്. ഷൈൻ,
സാമൂഹ്യ പ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |