
കൊല്ലം: വ്യാജ രേഖകളുമായി ബംഗ്ളാദേശികൾ പിടിയിലായ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
കൊട്ടാരക്കര ഡിവൈ.എസ്.പിയും സി.ഐയും ഉൾപ്പെടുന്ന 11 അംഗ സംഘമാണ് ടീമിലുണ്ടാവുക.
മിലിട്ടറി ഇന്റലിജൻസ്, എ.ടി.എസ്, കേരള പൊലീസ് സംയുക്തമായാണ് കൊട്ടാരക്കരയിൽ നിന്ന് കുട്ടികളടക്കമുള്ള പത്തംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ബംഗ്ളാദേശികൾ കൊട്ടാരക്കരയിലെത്തും മുമ്പ് എവിടെയൊക്കെ താമസിച്ചു, വ്യാജരേഖകൾ എവിടെ നിന്ന് തയ്യാറാക്കി, ആരുടെയൊക്കെ സഹായം ലഭിച്ചു, ഇവരുടെ പ്രവർത്തനങ്ങൾ എന്തൊക്കെയായിരുന്നു, സംഘത്തിലെ മറ്റുള്ളവരുടെ നിലവിലെ സ്ഥിതി എന്ത് എന്നീ വിവരങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ബംഗളൂരുവിൽ നിന്നാണ് ആധാർ ഉൾപ്പടെയുള്ള വ്യാജരേഖകൾ തയ്യാറാക്കിയതെന്നാണ് വിവരം. റിമാൻഡിലുള്ളവരെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് തിങ്കളാഴ്ച കോടതിയെ സമീപിക്കും. കൊട്ടാരക്കരയിൽ പിടിയിലായ സംഘം കേരളത്തിൽ ആദ്യം താമസിച്ചത് ആലുവയിലാണ്. ഇവിടെ നിന്ന് കൊല്ലത്തും പിന്നീട് കൊട്ടാരക്കരയിലും എത്തുകയായിരുന്നു. ചവറ, കരുനാഗപ്പള്ളി ഭാഗങ്ങളിൽ താമസിച്ചിരുന്ന ബംഗ്ളാദേശികളുമുണ്ട്. അഞ്ചു പുരുഷൻമാരും രണ്ടു സ്ത്രീകളും മൂന്നു കുട്ടികളുമടങ്ങുന്ന സംഘത്തെയാണ് കൊട്ടാരക്കരയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
മത്സ്യബന്ധന തുറമുഖത്ത് ഹോട്ടൽ
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസോടെയാണ് നീണ്ടകരയിൽ ബംഗ്ളാദേശികൾ രണ്ട് മാസക്കാലം ഹോട്ടൽ നടത്തിയത്. 2027 വരെ ഹോട്ടൽ നടത്താൻ അനുമതി നൽകിയിട്ടുണ്ട്. കടയുടമ മജീദിൽ നിന്ന് പശ്ചിമ ബംഗാൾ സ്വദേശികളെന്ന് വിശ്വസിപ്പിച്ചാണ് കട വാടകയ്ക്കെടുത്തത്. മംമ്താസിന്റെ പേരിലായിരുന്നു ലൈസൻസ്. സംസ്ഥാനത്തെ പ്രധാന മത്സ്യ ബന്ധന തുറമുഖമായ നീണ്ടകരയിൽ ഇവർ തമ്പടിച്ചത് എന്തിനെന്നത് പ്രത്യേകം അന്വേഷിക്കുന്നുണ്ട്. ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയ്ക്ക് പുറമെ റേഷൻ കാർഡും സർക്കാരിന്റെ ലൈസൻസും ഇവരുടെ പക്കൽ ഉണ്ടായിരുന്നുവെന്നത് ഗൗരവമായിട്ടാണ് അന്വേഷിക്കുന്നത്.
വളരെ ഗൗരവമുള്ള കേസാണ്. ബംഗളൂരുവിലടക്കം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
ടി.കെ.വിഷ്ണുപ്രദീപ്,
കൊല്ലം റൂറൽ എസ്.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |