SignIn
Kerala Kaumudi Online
Friday, 22 May 2026 4.00 PM IST

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; നിസാരമെന്ന് കരുതുന്ന ഏഴ് ശീലങ്ങൾ ഇനി ആവർത്തിക്കരുത്, ജയിലിൽ കിടക്കേണ്ടിവരും

uae

അബുദാബി: യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ താമസക്കാർക്കും മുന്നറിയിപ്പ് നൽകി യുഎഇ നാഷണൽ മീഡിയ അതോറിറ്റി. രാജ്യത്തെ മാദ്ധ്യമ നിയമങ്ങൾ ലംഘിച്ചാൽ സോഷ്യൽ മീഡിയ അക്കൗണ്ട് നീക്കം ചെയ്യുന്നത് മാത്രമല്ല, തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നാണ് മീഡിയ അതോറിറ്റി സെക്രട്ടറിയുടെ മുന്നറിയിപ്പിൽ പറയുന്നത്.

സ്വകാര്യ കുടുംബ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പോലും നിയമത്തിനെതിരായി ഒന്നുംതന്നെ ചെയ്യാൻ പാടില്ല. ഏഴ് ലംഘനങ്ങളെക്കുറിച്ചാണ് വിദഗ്ദ്ധർ വ്യക്തമാക്കിയിരിക്കുന്നത്. അതിൽ ഒന്നാമത്തേത് ഇസ്ലാമിക വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന വീഡിയോകൾ പ്രചരിപ്പിക്കലാണ്. ഇങ്ങനെ ചെയ്യുന്നത് ഇസ്ലാമിക സിദ്ധാന്തങ്ങളെ അനാദരിക്കലാണ്. അതിനാൽ ഇത്തരം വീഡിയോകളോ ചിത്രങ്ങളോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ പാടില്ല.

അനുമതിയില്ലാതെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതും അത് ഓൺലൈനിൽ പ്രചരിപ്പിക്കുന്നതുമാണ് രണ്ടാമത്തെ കുറ്റം. എമിറാത്തി ദേശീയ വസ്‌ത്രമായ കന്ദൂരയുടെ ദുരുപയോഗമാണ് മൂന്നാമത്തെ കുറ്റം. സാംസ്‌കാരിക പ്രാധാന്യത്തെ അപമാനിക്കുന്നതോ വളച്ചൊടിക്കുന്നതോ ആയ രീതിയിൽ ഈ വസ്‌ത്രം ധരിക്കുന്നതും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. നാലാമത്തേത്, രാജ്യത്തെ കറൻസിയെ അതിന്റെ മൂല്യത്തെ അനാദരിക്കുന്ന രീതിയിൽ ഉപയോഗിക്കുന്നതാണ്. അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരും.

ഒരു വ്യക്തിയുടെ വീഡിയോ അല്ലെങ്കിൽ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതാണ് അഞ്ചാമത്തെ കുറ്റം. ഇതിനെ സ്വകാര്യത ലംഘനമായാണ് കണക്കാക്കുന്നത്. സെലിബ്രിറ്റികളുടെ വീഡിയോകൾ അവരുടെ അനുവാദമില്ലാതെ പ്രചരിപ്പിക്കുന്നതും ഈ നിയമത്തിന് കീഴിൽ വരും. തെറ്റായ വാർത്ത ഓൺലൈനിലൂടെ പ്രചരിപ്പിക്കുന്നതാണ് ആറാമത്തെ കുറ്റം. ഇങ്ങനെ ചെയ്യുന്നവരെ ഉടനടി ജയിലിലടക്കും.

ഏഴാമത്തേത്, ഇറാനുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കിടുന്നതാണ്. ഉദാഹരണത്തിന്, അടുത്തിടെ യുഎഇയിൽ പ്രവർത്തിക്കുന്ന ഇറാനുമായി ബന്ധപ്പെട്ട ചിലർ അറസ്റ്റിലായെന്ന് വാർത്ത വന്നിരുന്നു. ഇവരുടെ പേരുകൾ പലരും സോഷ്യൽ മീഡിയയിൽ തെരഞ്ഞു. ശേഷം അറസ്റ്റിലായവരെന്ന് തെറ്റിദ്ധരിച്ച് വാർത്തയ്‌ക്കൊപ്പം ഉൾപ്പെടുത്തിയത് എമിറാത്തികളുടെ ചിത്രമാണ്. ഇത് ഗുരുതരമായ കുറ്റമാണ്. അതിനാൽ സ്ഥിരീകരിക്കാത്ത വിവരങ്ങളൊന്നും പ്രചരിപ്പിക്കാൻ പാടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, GULF NEWS, PRAVASI, MALAYALI, UAE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360