SignIn
Kerala Kaumudi Online
Thursday, 21 May 2026 12.44 PM IST

ആറ് പതിറ്റാണ്ടിനുശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് മന്ത്രിമാർ; മന്ത്രിസഭ വിപുലീകരിച്ച് വിജയ്

vijay

ചെന്നൈ: 23പേരെക്കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ഇതോടെ വിജയ്‌ സർക്കാരിലെ മന്ത്രിമാരുടെ എണ്ണം 32 ആയി. നിയമസഭയുടെ ആകെ അംഗസംഖ്യയുടെ 15 ശതമാനം എന്ന പരിധിപ്രകാരം തമിഴ്‌നാട് മന്ത്രിസഭയിൽ പരമാവധി 35 മന്ത്രിമാരെ ഉൾപ്പെടുത്താനാകും. പുതുതായി സത്യപ്രതിജ്ഞ ചെയ്‌തവരിൽ 21 പേർ ടിവികെയിൽ നിന്നുള്ളവരാണ്. കൂടാതെ സഖ്യകക്ഷിയായ കോൺഗ്രസിൽ നിന്നുള്ള രണ്ട് പേരും മന്ത്രിസഭയിൽ ഇടംനേടി. ഇതോടെ ആറു പതിറ്റാണ്ടിനു ശേഷം കോൺഗ്രസ് വീണ്ടും ഭരണത്തിന്റെ ഭാഗമാകുകയാണ്. കോൺഗ്രസ് അംഗങ്ങളായ രാജേഷ് കുമാറും പി വിശ്വനാഥനുമാണ് സത്യപ്രതിജ്ഞ ചെയ്‌തത്.

സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്‌ക്കുന്ന പ്രധാന സഖ്യകക്ഷികളായ ഐയുഎംഎൽ. വിസികെ എന്നിവർ മന്ത്രിസഭയിൽ ചേർന്നിട്ടില്ല. ഇരുപാർട്ടികൾക്കും ഓരോ മന്ത്രിമാരെ വീതം അനുവദിച്ചിട്ടുണ്ടെങ്കിലും ആരെ മന്ത്രിയാക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ട്. വിസികെ, സിപിഐ, സിപിഎം, ഐയുഎംഎൽ എന്നീ പാർട്ടികൾ ഔദ്യോഗികമായി സഖ്യമന്ത്രിസഭയിൽ ചേരണമെന്ന് ടിവികെ നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. മേയ് പത്തിനാണ് ഒമ്പത് മന്ത്രിമാരുമായി വിജയ് സത്യപ്രതിജ്ഞ ചെയ്‌തത്. ഇന്ന് നടന്ന വിപുലീകരണത്തോടെ സർക്കാർ കൂടുതൽ സ്ഥിരത കൈവരിക്കുമെന്ന വിലയിരുത്തലാണ് രാഷ്‌ട്രീയ നിരീക്ഷകർ നടത്തുന്നത്.

1952 മുതൽ 1967 വരെയാണ് അന്നത്തെ മദ്രാസ് സംസ്ഥാനമായിരുന്ന തമിഴ്‌നാട് കോൺഗ്രസ് ഭരിച്ചത്. 1967 ൽ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡിഎംകെ, കോൺഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയതിനുശേഷം കോൺഗ്രസ് ഭരണത്തിന്റെ ഭാഗമായിട്ടില്ല. തുടർന്നുള്ള വർഷങ്ങളിൽ ഡിഎംകെയുമായും എഐഡിഎംകെയുാമയും സഖ്യത്തിലായിരുന്നെങ്കിലും മന്ത്രിസഭയിൽ കോൺഗ്രസിന് പങ്കാളിത്തം ലഭിച്ചിട്ടില്ല. 2006-11 കാലത്തിലെ ഡിഎംകെ കാലത്തും മന്ത്രിസ്ഥാനം നേടാനുള്ള ശ്രമം പരാജയപ്പെട്ടു.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ സഖ്യകക്ഷിയായി മത്സരിച്ച കോൺഗ്രസിന് അഞ്ച് എംഎൽഎമാരെയാണ് ലഭിച്ചത്. എന്നാൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് ഡിഎംകെ സഖ്യം വിട്ട് ടിവികെ സർക്കാരിന് പിന്തുണ നൽകി. 234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയിൽ ടിവികെയ്‌ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പിന്തുണ നിർണായകമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, NEWS, TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360