
ജയ്പൂര്‍: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍പ്പന്‍ ജയവുമായി രാജസ്ഥാന്‍ റോയല്‍സ്. 221 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ റോയല്‍സ് മറികടന്നു. കൗമാര താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് സ്‌ഫോടനത്തിന്റെ കരുത്തിലാണ് ലക്‌നൗവിന്റെ റണ്‍മല രാജസ്ഥാന്‍ മറികടന്നത്. ഏഴ് വിക്കറ്റ് ജയത്തോടെ പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താനും റോയല്‍സിനായി. സീസണിലെ ഹോം മാച്ചുകളിലെ ആദ്യ ജയം കൂടിയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.
ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്‌വാള്‍ 43(23) - വൈഭവ് സൂര്യവംശി 93(38) സഖ്യം തുടക്കം മുതല്‍ ലക്‌നൗ ബൗളര്‍മാരെ തലങ്ങും വിലങ്ങും ശിക്ഷിച്ചു. 10 സിക്‌സറുകളും ഏഴ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിംഗ്‌സ്. സെഞ്ച്വറിക്ക് വെറും ഏഴ് റണ്‍സ് അകലെ പുറത്താകുമ്പോള്‍ രാജസ്ഥാന്റെ ജയം ഉറപ്പിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരെല്‍ 53*(38) റണ്‍സ് നേടി പുറത്താകാതെ നിന്നു. ഡൊണോവാന്‍ ഫെറെയ്‌റ 16*(10) റണ്‍സ് നേടിയപ്പോള്‍ ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് 7(6) റണ്‍സ് നേടി.
ജയത്തോടെ രാജസ്ഥാന് 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റായി. മുംബയ് ഇന്ത്യന്‍സിനെതിരായ അവസാന ലീഗ് മത്സരത്തില്‍ വിജയിക്കാനായാല്‍ മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കാതെ രാജസ്ഥാന് പ്ലേഓഫിലെത്താം. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷ് 96(58), ജോഷ് ഇംഗ്ലിസ് 60(29) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ മികവിലാണ് എല്‍എസ്ജി മികച്ച സ്‌കോര്‍ നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |