
ചെന്നൈ: ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്നലെ എം.എസ് ധോണി കളിക്കുമെന്ന് പ്രതീക്ഷിച്ചെത്തിയ ആരാധകർക്ക് നിരാശയായിരുന്നു ഫലം. പരിക്ക് മൂലം ഈ സീസണിലെ ഒരു മത്സരം പോലും ധോണി കളിച്ചിരുന്നില്ലെങ്കിലും ഇന്നലെ ഹോം ഗ്രൗണ്ടിൽ കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ചെന്നൈ ആരാധകർ. നിർണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങി പ്ലേഓഫ് പ്രതീക്ഷ മങ്ങിയെങ്കിലും അവസാന നിമിഷം ധോണിയെ മൈതാനത്ത് ഒരു നോക്കുകണ്ട സന്തോഷത്തിലായിരുന്നു 'തല'യുടെ ഫാൻസ്. ഒരു മത്സരത്തിൽ പോലും താരം ടീമിനൊപ്പം സ്റ്റേഡയത്തിലെത്തിയിരുന്നില്ല. ഇന്നലെ മത്സരശേഷം ധോണി മൈതാനത്ത് എത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തത് കാണികളെ ആവേശത്തിലാക്കി. ഈ സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിൽ ധോണിക്കായുളള കാത്തിരിപ്പ് തുടരുകയാണ് സിഎസ്കെ ആരാധകർ.
ഇനി ആരാധകർക്ക് അറിയേണ്ടത് അടുത്ത സീസണിൽ മഞ്ഞ ജേഴ്‌സി ധരിച്ച് ധോണി ടീമിൽ ഉണ്ടാകുമോ എന്നാണ്. സിഎസ്‌കെ പരിശീലകൻ സ്റ്റീഫൻ ഫ്‌ളെമിംഗിനോട് ധോണി അടുത്ത സീസണിൽ ഉണ്ടാകുമോയെന്ന ചോദ്യത്തിന് മാനേജ്മെന്റ് ആണ് തീരുമാനിക്കുക എന്നായിരുന്നു പ്രതികരണം. ഈ സീസണിൽ ധോണി കളിച്ചിരുന്നില്ലെങ്കിലും യുവതാരങ്ങൾക്ക് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പ്രയോജനകരമായിരുന്നുവെന്ന് ഫ്‌ളെമിംഗ് പറഞ്ഞു. പുതിയ തലമുറ താരങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ധോണിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും അടുത്ത സീസണിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് തങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. സിഎസ്കെയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ധോണിയും ഫ്‌ളെമിംഗും ചെന്നൈക്ക് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട്.
പരിക്കിനെത്തുടർന്നാണ് ധോണി ഈ സീസണിലെ കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാത്തത്. എന്നാൽ യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായി അദ്ദേഹം സ്വയം മാറി നിന്നതാണെന്ന തരത്തിലുള്ള വാർത്തകളും സജീവമാണ്. അടുത്ത സീസണിൽ ധോണി കളിക്കളത്തിലേക്ക് തിരിച്ചെത്തുമോ ഇല്ലയോ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |