SignIn
Kerala Kaumudi Online
Monday, 15 June 2026 7.15 AM IST

കോട്ടയം ഗവ. നഴ്സിംഗ് കോളേജ് റാഗിംഗ്, ദൃശ്യങ്ങളിൽ നടുക്കുന്ന ക്രൂരകൃത്യങ്ങൾ

READ ENGLISH VERSION
ragging

കോട്ടയം : കോട്ടയം ഗവ. നഴ്‌സിംഗ്‌ കോളേജിലെ പീഡനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളിൽ കൈകാലുകൾ കട്ടിലിൽ കെട്ടിയിട്ടനിലയിലാണ് ജൂനിയർ വിദ്യാർത്ഥികൾ. ശരീരമാസകലം ലോഷൻ ഒഴിച്ച നിലയിൽ വേദനകൊണ്ട് ഞരങ്ങുന്നതും കാണാം. പ്രതികൾ ഒരു വിദ്യാർത്ഥിയുടെ ശരീരത്തിലെ ഓരോ ഭാഗത്തും ഡിവൈഡർ കൊണ്ട് കുത്തിമുറിവേൽപ്പിക്കുന്നു. കരഞ്ഞുനിലവിളിക്കുമ്പോൾ വായിലും കണ്ണിലും ലോഷൻ ഒഴിക്കുന്നു. കണ്ണ് എരിയുന്നുണ്ടെങ്കിൽ കണ്ണ് അടച്ചോയെന്നും പറയുന്നുണ്ട്. പിന്നാലെ സ്വകാര്യഭാഗത്ത് ഡമ്പലുകൾ അടുക്കിവയ്ക്കുന്നു. ഇതിനിടെ 'ഞാൻ വട്ടം വരയ്ക്കാം' എന്നുപറഞ്ഞ് പ്രതികളിലൊരാൾ കോമ്പസ് കൊണ്ട് വയറിൽ കുത്തുന്നു. 'മതി ഏട്ടാ വേദനിക്കുന്നു' എന്ന് വിദ്യാർത്ഥി കരഞ്ഞുപറയുമ്പോൾ 'സെക്‌സി ബോഡി'യെന്ന് പറഞ്ഞ് അവഹേളിക്കുന്നു. ഷർട്ടിടാൻ പോലും അനുവദിക്കാതെ പിന്നെയും ക്രൂരത തുടരുകയാണ്. നെഞ്ചിൽ രണ്ടിടങ്ങളിൽ വസ്ത്രം ഉണങ്ങാനുപയോഗിക്കുന്ന ക്ലിപ്പ് ഘടിച്ചിരുന്നു. ഇതിൽ പിടിച്ചു വലിച്ച് ചിരിച്ച് രസിക്കുന്നതും പ്രതികൾ തന്നെ പകർത്തിയ ദൃശ്യങ്ങളിലുണ്ട്.

പട്ടികവിഭാഗത്തിൽപ്പെട്ടവർക്കുള്ള ജനറൽ നഴ്‌സിംഗ് മൂന്നു വർഷ കോഴ്‌സിലെ വിദ്യാർത്ഥികളാണ് റാഗിംഗിനിരയായവരും പ്രതികളും. നിലവിൽ ഒരാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഇരുനില ഹോസ്റ്റലിന്റെ താഴത്തെ നിലയിലെ ഇടിമുറിയിൽനിന്ന് ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവയ്ക്കും. മിക്ക ദിവസങ്ങളിലും പാട്ടും ഡാൻസും കേൾക്കുന്നതിനാൽ ബഹളം കേട്ടാലും ആരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. മൊബൈലിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ മറ്റു ജൂനിയർ വിദ്യാർത്ഥികളെ കാണിച്ച് ഭയപ്പെടുത്തിയാണ് പ്രതികൾ ഗുണ്ടാനേതാക്കളെപ്പോലെ അഴിഞ്ഞാടിയിരുന്നത്. ഹോസ്റ്റലിൽ 24 പേരാണ് താമസിക്കുന്നത്. മൂന്നു പേർക്കാണ് ഹോസ്റ്റലിന്റെ ചുമതല. ഹൗസ് കീപ്പർ ഹോസ്റ്റലിനോട് ചേർന്നുള്ള ഔട്ട് ഹൗസിലാണ് താമസിക്കുന്നത്. മറ്റ് രണ്ട് പേർ വീടുകളിലും. രാത്രി 9.30 ഓടെ ഹോസ്റ്റൽ പൂട്ടി ഹൗസ് കീപ്പർ ഉറങ്ങാൻ പോകും. തുടർന്നായിരുന്നു സംഘത്തിന്റെ വിളയാട്ടം.

''റാഗിംഗിനെ സംഘടന അംഗീകരിക്കുന്നില്ല. കെ.ജി.എസ്.എൻ.എയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അഞ്ച് പേരെയും പരാതി ലഭിച്ച ദിവസം പുറത്താക്കി. റാഗിംഗിന് വിധേയരായവർക്ക് നിയമപരമായും സംഘടനാപരമായും പൂർണ പിന്തുണ നൽകും.

-അശ്വതി അജയൻ (കെ.ജി.എസ്.എൻ.എ സംസ്ഥാന പ്രസിഡന്റ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA