
ആലപ്പുഴ: പടയണിയെന്ന അനുഷ്ഠാന കലയിലെ ചൂട്ടുവെട്ടത്തിന്റെ പേരിൽ പുകൾപെറ്റ പടയണിവെട്ടമെന്ന നാട് ഇനി അതിന്റെ പ്രതിരൂപമാകും. പടയണിവെട്ടത്തിന്റെ പടയണിപാരമ്പര്യം വീണ്ടെടുക്കുകയെന്ന പടയണിവെട്ടം അനുഷ്ഠാനകലാസമിതിയുടെ ലക്ഷ്യം സഫലമായി. നൂറ്റാണ്ടിനപ്പുറം നാടിന് കൈവിട്ടുപോയ പരമ്പരാഗത കലാരൂപത്തിന് അനുഷ്ഠാനത്തികവോടെ ചൂട്ടുവച്ച് വീണ്ടും തിരിതെളിച്ചപ്പോൾ നാടാകെ ഉറക്കമിളച്ച് അരങ്ങേറ്റം ആഘോഷമാക്കി.
പടയണിയെന്ന അനുഷ്ഠാനകലയുമായി അഭേദ്യമുള്ള ക്ഷേത്രമാണ് ഭദ്രാ, ദുർഗാദേവികൾ കുടികൊള്ളുന്ന പടയണിവെട്ടം. കാവിൽ പടയണി അരങ്ങേറിയപ്പോൾ ചൂട്ടുവെട്ടത്തിൽ പ്രത്യക്ഷപ്പെട്ട ദേവിമാരെ കുടിയിരുത്തിയതാണ് പടയണിപ്പേരിലുള്ള ലോകത്തെ ഏകക്ഷേത്രമായ പടയണിവെട്ടമെന്നാണ് വിശ്വാസം.
1924-25 ൽ പടയണിയാശാനായിരുന്ന പരേതനായ പുലിത്തിട്ട കുഞ്ഞിശങ്കരകാരണവരുടെ നേതൃത്വത്തിലായിരുന്നു ഏറ്റവും ഒടുവിൽ ഇവിടെ പടയണി അരങ്ങേറിയത്. പിൻമുറക്കാരനും പ്രവാസിയുമായ പാണൻവിളയിൽ രതീഷാണ് അനുഷ്ഠാനകല തിരികെകൊണ്ടുവരാൻ മുന്നിട്ടിറങ്ങിയത്. സോപാന സംഗീതവും കുത്തിയോട്ടവുമുൾപ്പെടെ ക്ഷേത്രകലകൾ പഠിക്കാൻ ക്ഷേത്രത്തിൽ ഒരു സംവിധാനം സജ്ജമാക്കാൻ നടത്തിയ പരിശ്രമമാണ് പടയണി പരിശീലനത്തിലെത്തിച്ചത്.
സോപാന സംഗീത കലാകാരനായ ഡോ.ശൂരനാട് ഹരികുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പടയണിവെട്ടം അനുഷ്ഠാന കലാസമിതിയുടെ പരിശ്രമങ്ങൾക്ക് ക്ഷേത്ര ഭരണസമിതിയുടെ പൂർണ പിന്തുണകൂടിയായപ്പോൾ, പടയണിവെട്ടം വീണ്ടും തപ്പുമേളത്തിന്റെയും ചുവടുകളുടെയും വേദിയായി. പടയണി ആചാര്യൻ പ്രസന്നകുമാർ തത്ത്വമസിയുടെ ശിഷ്യനും ചങ്ങനാശ്ശേരി എൻ.എസ്. എസ് കോളേജിലെ അസി.പ്രൊഫസറുമായ ഒ.അരുൺകുമാറാണ് ക്ഷേത്രത്തിലെ ഏഴു കരകളിൽ നിന്നുള്ള പത്തോളം കുട്ടികളെ പടയണി അഭ്യസിപ്പിച്ചത്.
അരങ്ങേറ്റം പക്ഷിക്കോലത്തിൽ
ഒരുവർഷത്തെ പരിശീലനത്തിനൊടുവിൽ ഉത്സവത്തോടനുബന്ധിച്ച് പക്ഷിക്കോലത്തിലായിരുന്നു അരങ്ങേറ്റം.നൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് അരങ്ങേറ്റപക്ഷികൾ കളത്തിലെത്തിയപ്പോൾ വിശ്വാസികളുടെ സ്വപ്നങ്ങൾ ചിറകടിച്ചുയർന്നു. രാത്രി വൈകി അവസാനിച്ച പടയണിക്ക് ശേഷം പുലർച്ചെ പൂപ്പട നടത്തി മംഗളഭൈരവിയോടെയാണ് ചടങ്ങുകൾ അവസാനിച്ചത്. ഇനിയുള്ള വർഷങ്ങളിലും പടയണി വിപുലമായി ആഘോഷിക്കാനാണ് ഭക്തരുടെയും ഭരണസമിതിയുടെയും തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |