
കോട്ടയം : ലക്ഷങ്ങൾ ചെലവഴിച്ച് സർക്കാർ വാങ്ങിയ കാർഷിക യന്ത്രങ്ങൾ തുരുമ്പെടുക്കുമ്പോൾ കർഷകർ നെട്ടോട്ടത്തിൽ. കൊയ്ത്തുമെതി യന്ത്രങ്ങൾ, ട്രാക്ടറുകൾ, മോട്ടോറുകൾ, ട്രില്ലറുകൾ തുടങ്ങിയവ മഴയും, വെയിലുമേറ്റ് വിവിധയിടങ്ങളിൽ കിടന്ന് നശിക്കുകയാണ്. കർഷകർക്ക് കുറഞ്ഞ നിരക്കിൽ കാർഷിക യന്ത്രങ്ങളുടെ സേവനം ലഭ്യമാക്കുന്നതിനായാണ് സംസ്ഥാന സർക്കാർ അഗ്രോ ഇൻഡസ്ട്രീസ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. നെൽക്കൃഷി ഉൾപ്പെടെ വിവിധ കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന ചെറുകിട കർഷകർക്ക് ഏറെ ഉപകാരപ്രദമായിരുന്ന യന്ത്രങ്ങളാണ് ഉപയോഗശൂന്യമായത്. മാഞ്ഞൂർ കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സൊസൈറ്റിയിലെ മേമ്മുറി ഭാഗത്തെ പുരയിടത്തിൽ മൂന്നുവർഷം മാത്രം പഴക്കമുള്ള യന്ത്രങ്ങളാണ് കാടുകയറി തുരുമ്പെടുത്തത്. കോട്ടയം നഗരസഭയുടെ രണ്ട് കൊയ്ത്ത് മെതി യന്ത്രങ്ങളും കാടുപിടിച്ച് ഉപയോഗശൂന്യമായി. വൈക്കത്തെ കേരള അഗ്രോ ഇൻഡസ്ട്രീസ് ഓഫീസ് പരിസരത്ത് 30 ഓളം യന്ത്രങ്ങളാണ് നശിക്കുന്നത്. കോട്ടയം അഗ്രി എൻജിനിയറുടെ നിയന്ത്രണത്തിൽ 21 കൊയ്ത്തുമെതി യന്ത്രങ്ങളാണുള്ളത്. ഇതിൽ പലതും തകരാറിലാണ്.
സംരക്ഷണത്തിലെ അലംഭാവം
കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാലാണ് പല യന്ത്രങ്ങളും തകരാറിലായത്. ഇതോടെ ഉപേക്ഷിക്കുകയായിരുന്നു. മെഷീനുകൾ തകരാറിലാകുമ്പോൾ അറ്റകുറ്റപ്പണിക്കുള്ള തുക കണ്ടെത്തി നൽകേണ്ടത് കൃഷിവകുപ്പിന്റെ മെയിന്റനൻസ് എൻജിനിയറിംഗ് വിഭാഗമാണെങ്കിലും, സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തുന്നില്ല. സർക്കാരിൽനിന്ന് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അഗ്രോയിൽനിന്ന് യന്ത്രങ്ങൾ സ്വകാര്യ ലോബികൾക്ക് വാടകയ്ക്ക് നൽകി, പിന്നീട് അവയുടെ ഭാഗങ്ങൾ അഴിച്ചുമാറ്റുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.
പണം കൊയ്ത് ഇടനിലക്കാർ
കൊയ്‌ത്ത് യന്ത്രങ്ങളുടെ പേരിൽ കമ്മീഷനടിക്കുന്ന സംഘങ്ങൾക്ക് കോളടിച്ചു
കൊയ്‌ത്ത് സീസണിൽ യന്ത്രങ്ങൾ തമിഴ്‌നാട്ടിൽ നിന്നാണ് എത്തിക്കുക
ഉപേക്ഷിച്ച യന്ത്രങ്ങൾ പുതിയ പെയിന്റടിച്ച് എത്തിക്കുകയാണെന്ന് ആക്ഷേപം
ഒരു യന്ത്രത്തിന് ദിവസം 800 മുതൽ 1000 രൂപ വരെയാണ് കമ്മീഷൻ
''ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ യന്ത്രങ്ങൾ നശിക്കാൻ ഇടയായ സാഹചര്യം അന്വേഷിക്കണം. ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം. യന്ത്രങ്ങൾ പുനരുദ്ധരിച്ച് കർഷകർക്കായി പ്രയോജനപ്പെടുത്തണം.
-(ബി.ജെ.പി മാഞ്ഞൂർ നേതൃയോഗം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |