
കോട്ടയം : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഷിഗെല്ലയും കോട്ടയം ജില്ലയിൽ ജലജന്യ രോഗങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തം, വയറിളക്കം ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നാണ് നിർദ്ദേശം. മാർച്ചിൽ ജില്ലയിൽ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പതിവ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധനകൾ കർശനമാക്കി. ഭക്ഷ്യശുചിത്വം ഉറപ്പാക്കുകയാണ് ഷിഗെല്ലയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തം കലർന്ന മലം, നിർജ്ജലീകരണം എന്നിവയാണ് ലക്ഷണങ്ങൾ. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലേക്ക് എത്തിയാൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ അപകടസാദ്ധ്യത കൂടുതലാണ്. മറ്റ് വയറിളക്ക രോഗങ്ങളെ അപേക്ഷിച്ച് വളെരെ പെട്ടെന്ന് പടർന്നു പിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത വേണം.
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക
ആഹാരം പാകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മുൻപും മലവിസർജ്ജനത്തിനു ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക
ആഹാരം മൂടിവയ്ക്കുക. പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണം ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കുക
തിളപ്പിച്ച വെള്ളത്തിന്റെ കൂടെ തിളപ്പിക്കാത്ത വെള്ളം ചേർത്ത് ഉപയോഗിക്കുന്നതും ശരിയായ രീതിയിൽ തിളപ്പിക്കാതെ കുടിക്കുന്നതും കൂടുതൽ അപകടകരമാണ്.
രോഗലക്ഷണങ്ങൾ ഉള്ളവർ ഭക്ഷണം തയാറാക്കുന്നത് ഒഴിവാക്കുക. ഇവരുമായി മറ്റുള്ളവർ സമ്പർക്കം കുറയ്ക്കുക. രോഗിയ്ക്ക് പ്രത്യേക ശൗചാലയം നൽകുക
രോഗി ഉപയോഗിച്ച സാധന സാമഗ്രികളുമായി സമ്പർക്കം പുലർത്താതിരിക്കുക. ഡയപ്പറുകൾ സുരക്ഷിതമായി കളയുക, പരിസര ശുചിത്വം പാലിക്കുക.
പകരുന്ന വിധം
രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുകയോ മലിനജലത്തിലത്തിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതിലൂടെ
വ്യക്തി ശുചിത്വം പാലിക്കാത്തതു വഴിയും രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും. ഈച്ചകൾ വഴിയും രോഗം പകരാം
കുട്ടികളിലും വയോജനങ്ങളിലും നിർജ്ജലീകരണം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാദ്ധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധവേണം. രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണം.
( ഡോ. എൻ.പ്രിയ, ജില്ലാ മെഡിക്കൽ ഓഫീസർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |