SignIn
Kerala Kaumudi Online
Thursday, 11 June 2026 4.39 AM IST

ചെയർപേഴ്‌സണും  സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളും... പാലാ നഗരസഭ 'ടീം യു.ഡി.എഫ് ' വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് ലെഫ്‌റ്റ്

പാലാ : പാലാ നഗരസഭ 'ടീം യു.ഡി.എഫ് ' വാട്‌സ് ആ പ്പ് ഗ്രൂപ്പിൽ നിന്ന് ചെയർപേഴ്‌സണും സ്വതന്ത്ര കൂട്ടായ്മയിലെ മറ്റ് രണ്ട് അംഗങ്ങളും 'ലെഫ്റ്റായി'. ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരും കെ.ഡി.പി യിലെ ഒരു കൗൺസിലറും ഉൾപ്പെടെ 7 പേർ ഒരു ബ്ലോക്കായി ഇരിക്കാനാണ് നീക്കം. ജോസഫ് ഗ്രൂപ്പിന് മൂന്നും, കെ.ഡി.പിയ്ക്ക് ഒന്നും, സ്വതന്ത്ര കൂട്ടായ്മയ്ക്ക് മൂന്നും, കോൺഗ്രസിന് ആറും കൗൺസിലർമാരാണ് യു.ഡി.എഫ് ഭരണസമിതിയിൽ ഉണ്ടായിരുന്നത്. 'ഇതുവരെ ലഭിച്ച സഹകരണത്തിനും സഹായങ്ങൾക്കും നന്ദി ' എന്ന സന്ദേശം ടീം യു. ഡി.എഫ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ചെയർപേഴ്‌സൺ ദിയ ബിനു അയച്ച ശേഷമാണ് സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ ലെഫ്റ്റായത്. നഗരസഭ ഭരണം യു.ഡി.എഫിന് ലഭിക്കുന്നതിനായി മുന്നണി സംവിധാനത്തിന് രൂപം കൊടുത്തത് മുഖ്യമന്ത്രി വി.ഡി സതീശൻ, രമേശ് ചെന്നിത്തല, ഫ്രാൻസിസ് ജോർജ്ജ് എംപി, മാണി സി.കാപ്പൻ എം.എൽ.എ, ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി, നാട്ടകം സുരേഷ്, ഫിൽസൺ മാത്യൂസ്, കുര്യാക്കോസ് പടവൻ എന്നിവർ മുൻകൈ എടുത്താണ്. അതിനാൽ ഇവരെ നേരിൽക്കണ്ട് കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവങ്ങളുടെ സത്യാവസ്ഥ പറഞ്ഞ ശേഷം ഭാവികാര്യങ്ങളിലേക്ക് കടക്കുമെന്ന് സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു.

വികാരം വിവേകത്തിന് വഴിമാറണം

അതേ സമയം വികാരം വിവേകേത്തിന് വഴിമാറണമെന്ന് നഗരഭരണസമിതിയിലുള്ള കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടു. പാലാ നഗരഭരണം അനിശ്ചിതത്വത്തിൽ എത്താൻ പാടില്ലായിരുന്നു. ജനം അതല്ല ആഗ്രഹിച്ചത്. സംസ്ഥാനത്ത് യു.ഡി.എഫ് ഭരണത്തിലേറിയതോടെ വൻവികസന മുന്നേറ്റത്തിന്റെ നാളുകളാണ് പാലാ നഗരസഭയിൽ നിന്ന് ജനം പ്രതീക്ഷിച്ചത്. യു.ഡി.എഫ് എന്ന പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോമിൽ നിന്ന് തങ്ങൾ വ്യതിചലിക്കില്ലെന്നും വിജയിച്ചത് യു.ഡി.എഫിന്റെ വോട്ട് വാങ്ങിയാണെന്ന് ഉത്തമ ബോദ്ധ്യമുണ്ടെന്നും ജോസഫ് ഗ്രൂപ്പ് കൗൺസിലർമാർ പറഞ്ഞു. കൊട്ടാരമറ്റം ഓട്ടോസ്റ്റാൻഡ് വിഷയത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണം. വിഷയത്തിൽ കോൺഗ്രസ് കൗൺസിലറും സ്വതന്ത്ര കൗൺസിലർമാരുമായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ വാക്കേറ്റം ഉണ്ടായി എന്നത് ശരിയാണ്. അതിനെ കൈയേറ്റമെന്ന് പറയാൻ കഴിയില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിൽ അഭിമാനത്തോടെയാണ് തങ്ങൾ നിലകൊള്ളുന്നത്. കാര്യങ്ങൾ കൈവിട്ട് പോകാതിരിക്കാൻ നേതൃത്വം ഇടപെടുമെന്ന വിശ്വാസമാണ് ഇപ്പോഴുമുള്ളതെന്നും കേരള കോൺഗ്രസ് കൗൺസിലർമാർ പ്രസ്താവനയിൽ പറഞ്ഞു.


''കൗൺസിൽ ഹാൾ, ചെയർപേഴ്‌സന്റെ ചേംബർ പരിസര പ്രദേശങ്ങൾ എന്നിവടങ്ങളിൽ ആധുനിക സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണം.
ബിജു പാലുപടവൻ , പ്രതിപക്ഷ നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL