SignIn
Kerala Kaumudi Online
Sunday, 21 June 2026 2.02 AM IST

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണസംഖ്യ അമ്പത് ആയി, മുഖ്യപ്രതി പിടിയിൽ

READ ENGLISH VERSION
hospital

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം അമ്പത് ആയി. ചികിത്സയിലുള്ള എട്ട് പേരാണ് ഇന്ന് മരിച്ചത്. നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കും. 10 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, വിഷമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ പിടിയിലായി. കടലൂരിൽ നിന്ന് സി ബി സി ഐ ഡി സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളാണ് വിഷമദ്യം നിർമിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.


മദ്യ വില്‌പന നടത്തിയ ദമ്പതികളടക്കമുള്ള നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 200 ലിറ്ററിലധികം മദ്യം പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. പരിശോധനയിൽ മദ്യത്തിൽ മെഥനോൾ കലർന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മെഥനോളിന്റെ ഉറവിടത്തെപ്പ്റ്റി പൊലീസ് അന്വേഷിച്ചുവരികയാണ്.

മരിച്ചവരെല്ലാം കൂലിപ്പണിക്കാരാണെന്നാണ് വിവരം. ചൊവാഴ്ച രാത്രി കള്ളക്കുറിച്ചി കരുണാകുളത്തു നിന്നാണ് ഇവരെല്ലാം മദ്യം കഴിച്ചത്. ഇതിനുപിന്നാലെ ഇവർക്ക് ഛർദ്ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടു. തുടർന്ന് ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തമി‌ഴ്‌നാട് സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ചികിത്സയിലുള്ളവർക്ക് അൻപതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി, വെട്രി കഴകം അദ്ധ്യക്ഷനും നടനുമായ വിജയ് എന്നിവർ കള്ളക്കുറിച്ചിയിലും ആശുപത്രികളിലും സന്ദർശനം നടത്തിയിരുന്നു. സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറിക്കും ഡി ജി പിക്കും സ്റ്റാലിൻ നിർദ്ദേശം നൽകി.


കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിന്റെ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എ ഐ എ ഡി എം കെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഹർജിയിൽ ഇന്ന് അടിയന്തര വാദം കേൾക്കും. ബി ജെ പി 22ന് സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചു. നിയമസഭയിൽ പ്രത്യേക ചർച്ച ആവശ്യപ്പെട്ട് സി പി എം സ്പീക്കർക്ക് കത്ത് നൽകി.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കള്ളക്കുറിച്ചി കളക്ടർ ശ്രാവൺകുമാർ യാദവിനെ സ്ഥലം മാറ്റിയിരുന്നു. എം എസ് പ്രശാന്തിനാണ് പുതിയ ചുമതല. ജില്ലാ പൊലീസ് സൂപ്രണ്ട് സമയ് മീണയുൾപ്പെടെ ഒമ്പത് ഉദ്യോഗസ്ഥരെ സസ്പെൻഡും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KALLAKURICHIHOOCHTRAGEDY, TAMILNADU, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360