
ഭാരതീയ നീതിന്യായ ചരിത്രത്തിലെ നിർണായകമായ ഒരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിമിനൽ നടപടിക്രമം (CrPC) വഴിമാറി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) നിലവിൽ വന്നതോടെ, പ്രതിയുടെ അവകാശങ്ങളെയും കോടതിയുടെ നടപടിക്രമങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനങ്ങൾ കൈവന്നിരിക്കുന്നു.
ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് ഡൽഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ, ജുഡിഷ്യറിയുടെ സ്വതന്ത്ര സ്വഭാവവും പ്രതിയുടെ അവകാശങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ വ്യക്തമാക്കുന്നതാണ്. ഇതിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് BNSS-ലെ സെക്ഷൻ 211 (പഴയ CrPC സെക്ഷൻ 191).
ജുഡിഷ്യൽ നിഷ്പക്ഷതയും
കേജ്‌രിവാൾ കേസും
ഡൽഹി മദ്യനയക്കേസിൽ വാദം കേൾക്കുന്ന ജസ്റ്റിസ് സ്വർണകാന്ത ശർമ്മ പിന്മാറണമെന്നായിരുന്നു കേജ്‌രിവാളിന്റെയും മറ്റ് പ്രതികളുടെയും ആവശ്യം. ജഡ്ജിയുടെ മക്കൾ കേന്ദ്ര സർക്കാർ പാനലിലെ അഭിഭാഷകരാണ് എന്നതായിരുന്നു ഇതിനായി അവർ ഉയർത്തിയ വാദം. എന്നാൽ, കേവലം മുൻവിധികളുടെ അടിസ്ഥാനത്തിൽ ജഡ്ജിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യാൻ കക്ഷികൾക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു ജഡ്ജി ഒരു കേസിൽനിന്ന് പിന്മാറുന്നത് (Recusal) സംബന്ധിച്ച നിയമം ഇന്ത്യയിൽ വളരെ വ്യക്തമാണ്. ജഡ്ജിക്ക് ആ കേസിലോ കക്ഷികളിലോ നേരിട്ട് സാമ്പത്തികമോ വ്യക്തിപരമോ ആയ താത്പര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പിന്മാറേണ്ട സാഹചര്യമുള്ളൂ. കുടുംബാംഗങ്ങളുടെ തൊഴിൽപരമായ തിരഞ്ഞെടുപ്പുകൾ ജഡ്ജിയുടെ വിധിയെ സ്വാധീനിക്കുമെന്ന് കരുതുന്നത് ജുഡിഷ്യറിയുടെ വിശ്വാസ്യതയെ തകർക്കുന്ന വാദമാണെന്ന് കോടതി നിരീക്ഷിച്ചു.
BNSS സെക്ഷൻ 211:
പ്രതിയുടെ അവകാശം
BNSS സെക്ഷൻ 211, പഴയ CrPCയിലെ സെക്ഷൻ 191ന് തുല്യമാണ്. ഇത് മജിസ്‌ട്രേറ്റ് കോടതികളിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്. ഒരു പ്രതിക്ക് താൻ വിചാരണ ചെയ്യപ്പെടുന്നത് ഏത് കോടതിയിലായിരിക്കണം എന്ന് തീരുമാനിക്കാൻ പരിമിതമായെങ്കിലും അവകാശം നൽകുന്ന വകുപ്പാണിത്. പൊലീസ് റിപ്പോർട്ട് വഴിയല്ലാതെ തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലടക്കം ഒരു മജിസ്‌ട്രേറ്റ് സ്വന്തം നിലയിൽ കേസെടുക്കുമ്പോൾ, തെളിവെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് പ്രതിയെ വിളിച്ച് "ഈ കേസ് മറ്റൊരു മജിസ്‌ട്രേറ്റ് വിചാരണ ചെയ്യണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ'' എന്ന് ചോദിക്കണം. പ്രതി അത്തരത്തിലൊരു ആവശ്യം ഉന്നയിച്ചാൽ, ആ മജിസ്‌ട്രേറ്റിന് ആ കേസ് വിചാരണ ചെയ്യാൻ അധികാരമില്ല. പകരം കേസ് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റിന് അയയ്ക്കുകയും അദ്ദേഹം അത് മറ്റൊരു മജിസ്‌ട്രേറ്റിലേക്ക് മാറ്റുകയും വേണം.
കേജ്‌രിവാൾ കേസും സെക്ഷൻ
211ഉം തമ്മിലുള്ള വൈരുദ്ധ്യം
കേജ്‌രിവാൾ ഉയർത്തിയ വാദവും സെക്ഷൻ 211ഉം തമ്മിൽ നിയമപരമായ വലിയ വ്യത്യാസങ്ങളുണ്ട്.
അധികാരപരിധി: സെക്ഷൻ 211 ബാധകമാകുന്നത് മജിസ്‌ട്രേറ്റ് കോടതികൾക്കാണ്. കേജ്‌രിവാളിന്റെ ഹർജി ഹൈക്കോടതിയിലായിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ കാര്യത്തിൽ പിന്മാറണോ വേണ്ടയോ എന്നത് ജഡ്ജിയുടെ മനസ്സാക്ഷിക്കും വിവേചനബുദ്ധിക്കും വിട്ടുകൊടുത്തിട്ടുള്ള കാര്യമാണ്.
സാഹചര്യം: സെക്ഷൻ 211ൽ മജിസ്‌ട്രേറ്റ് 'സ്വന്തം അറിവ്' ഉപയോഗിക്കുമ്പോഴാണ് കേസ് മാറ്റാൻ പ്രതിക്ക് അവകാശമുള്ളത്. എന്നാൽ, മദ്യനയക്കേസിൽ കോടതി നടപടി സ്വീകരിച്ചത് ഏജൻസികൾ സമർപ്പിച്ച റിപ്പോർട്ടുകളുടെയടക്കം അടിസ്ഥാനത്തിലാണ്. അവിടെ ജഡ്ജിയുടെ 'സ്വന്തം അറിവ്' അല്ല വിഷയം.
മുൻവിധി vs നിയമം: സെക്ഷൻ 211 ഒരു നിയമപരമായ അവകാശമാണ്. എന്നാൽ ജഡ്ജി പിന്മാറണമെന്ന ആവശ്യം പലപ്പോഴും 'പക്ഷപാതം ഉണ്ടാകുമോ' എന്ന ഭയത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ ഭയം യുക്തിസഹമായിരിക്കണം എന്ന് കോടതികൾ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.
ഇഷ്ടമില്ലാത്ത ജഡ്ജി വേണ്ട എന്ന
നിലപാട് നിലനിൽക്കുമോ?
ഒരു പ്രതിക്ക് "എനിക്ക് ഈ ജഡ്ജിയെ വിശ്വാസമില്ല, അതിനാൽ മാറ്റണം" എന്നുപറയാൻ അവകാശമുണ്ടെങ്കിലും, അത് ജുഡിഷ്യറിയെ നിയന്ത്രിക്കാനുള്ള ആയുധമായി മാറരുത്. ഇതിനെ 'Forum Shopping' എന്ന് നിയമരംഗത്ത് വിളിക്കുന്നു. അതായത്, തനിക്ക് അനുകൂലമായ വിധി ലഭിക്കുമെന്ന് തോന്നുന്ന കോടതിയെ തിരഞ്ഞെടുക്കാനുള്ള ശ്രമം. ഇത് ഇന്ത്യൻ നിയമവ്യവസ്ഥ അംഗീകരിക്കുന്നില്ല. ഡൽഹി ഹൈക്കോടതിയുടെ വിധിയിൽ പറഞ്ഞതുപോലെ, "ഒരു ജഡ്ജിയുടെ യോഗ്യത അളക്കാൻ രാഷ്ട്രീയക്കാർക്ക് അധികാരമില്ല." എന്നാൽ, കീഴ്‌ക്കോടതികളുടെ വിധിയിൽ പിശകുണ്ടെന്ന് തോന്നിയാൽ അപ്പീൽ നൽകാൻ അവകാശമുണ്ട്.
അതേസമയം, BNSS സെക്ഷൻ 211 പ്രതിക്ക് വലിയ സുരക്ഷ നൽകുന്നുണ്ട്. ഒരു മജിസ്‌ട്രേറ്റ് നേരിട്ട് കണ്ട അല്ലെങ്കിൽ അറിഞ്ഞ ഒരു കേസിൽ അദ്ദേഹം തന്നെ വിധികർത്താവാകുമ്പോൾ സ്വാഭാവികമായും പക്ഷപാതം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അത് ഒഴിവാക്കാനാണ് നിയമം ഈ അധികാരം പ്രതിക്ക് നൽകുന്നത്.
രാഷ്ട്രീയ അതിർവരമ്പുകളും കോടതിയും
ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അവരുടെ നിഷ്പക്ഷതയെ പൊതുസമൂഹത്തിന് മുന്നിൽ ചോദ്യം ചെയ്യുന്നതും ജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ മാത്രമേ സഹായിക്കൂ. ഡൽഹി ഹൈക്കോടതിയുടെ വിധിയിലെ പ്രധാന പരാമർശം ഇതായിരുന്നു: "രാഷ്ട്രീയക്കാർ അതിർവരമ്പുകൾ ലംഘിക്കരുത്." ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ കേജ്‌രിവാളിന് നിയമപരമായ അവകാശങ്ങൾ ഉപയോഗിക്കാൻ അധികാരമുണ്ട്, എന്നാൽ, അത് കോടതിയുടെ അന്തസിനെ ചോദ്യം ചെയ്തുകൊണ്ടാകരുത്.
ഡൽഹി ഹൈക്കോടതി വിധിയും സെക്ഷൻ 211ന്റെ ഉള്ളടക്കവും ചേർത്ത് വായിക്കുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്, ഇന്ത്യൻ നിയമവ്യവസ്ഥ പ്രതിയുടെ അവകാശങ്ങളെയും കോടതിയുടെ സ്വതന്ത്ര സ്വഭാവത്തെയും ഒരേപോലെ സംരക്ഷിക്കുന്നു എന്നാണ്. സെക്ഷൻ 211 പ്രതിക്ക് നൽകുന്ന 'കേസ് മാറ്റാനുള്ള അവകാശം' ഒരു പ്രത്യേക സാഹചര്യത്തിൽ (മജിസ്‌ട്രേറ്റ് സ്വന്തം നിലയിൽ കേസെടുക്കുമ്പോൾ) മാത്രമുള്ളതാണ്. അത് എല്ലാ കേസുകളിലേക്കും വ്യാപിപ്പിക്കാനോ, ഉന്നത കോടതികളിലെ ജഡ്ജിമാരെ മാറ്റാൻ ആയുധമാക്കാനോ സാധിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |