SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.21 PM IST

'മെഡിസെപ്പ് ' രോഗശയ്യയിൽ 

Increase Font Size Decrease Font Size Print Page
s

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായി നടപ്പാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡി സെപ്പ് (മെഡിക്കൽ ഇൻഷുറൻസ് ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് പെൻഷണേഴ്സ്) പ്രഖ്യാപിത ലക്ഷ്യം കാണാനാകാതെ രോഗശയ്യയിലായി. ക്ലെയിമുകൾ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഇൻഷുറൻസ് കമ്പനി തള്ളുന്നുവെന്നതടക്കം വ്യാപക പരാതി ഉയർന്നതോടെ ആശങ്കയിലായ ജീവനക്കാരും പെൻഷൻകാരും മറ്റു വഴി തേടാൻ നിർബ്ബന്ധിതരാകുകയാണ്.
5 ലക്ഷം രൂപ വരെ വാർഷിക ചികിത്സാ പരിരക്ഷയാണ് പദ്ധതിയിലൂടെ സർക്കാർ വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ആശുപത്രികൾ അമിത തുക ഈടാക്കുന്നു, മുൻകൂട്ടി പണം അടപ്പിച്ച ശേഷം മാത്രം ചികിത്സ ലഭ്യമാക്കുന്നു തുടങ്ങിയ
പരാതികളാണ് ഉയരുന്നത്. മെഡിസെപ്പ് ഒന്നാം ഘട്ടം നടപ്പാക്കിയപ്പോൾ തന്നെ പദ്ധതിക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. മെഡിസെപ്പ് ഇൻഷുറൻസ് പരിരക്ഷ നൽകാൻ പ്രമുഖ സ്വകാര്യ ആശുപത്രികൾ
വിമുഖത കാട്ടി മാറി നിന്നപ്പോൾ തന്നെ പദ്ധതിയുടെ വിജയത്തെക്കുറിച്ച് ജീവനക്കാരിൽ ആശങ്ക ഉയർന്നിരുന്നു. തുടർന്നാണ് കൂടുതൽ പാക്കേജുകളെയും ആശുപത്രികളെയും ഉൾപ്പെടുത്തി, കൂടുതൽ ആരോഗ്യ പരിരക്ഷ വാഗ്ദാനം നൽകിയും ഇക്കഴിഞ്ഞ ഫെബ്രുവരി 1 മുതൽ മെഡിസെപ് 2.0 നിലവിൽ വന്നത്. എന്നാൽ സർക്കാർ വാഗ്ദാനത്തിൽ നിന്ന് വ്യത്യസ്ഥമായി ആദ്യ പദ്ധതിയെക്കാൾ കൂടുതൽ ബുദ്ധിമുട്ടാണ് രണ്ടാം പദ്ധതി സൃഷ്ടിക്കുന്നതെന്നാണ് ഉയരുന്ന പരാതി. ഒന്നാം പദ്ധതിയിലെന്നപോലെ രണ്ടാം പദ്ധതിയിലും, പ്രമുഖരായ നിരവധി സ്വകാര്യ ആശുപത്രികൾ പദ്ധതിയെ അംഗീകരിക്കാത്തതും രോഗികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

പ്രിമിയം കൂടി,
പരാതിയും...

ഒന്നാം മെഡിസെപ് പദ്ധതിക്ക് പ്രതിമാസം 500 രൂപയാണ് ജീവനക്കാരിൽ നിന്നും പെൻഷൻ കാരിൽ നിന്നും നിർബ്ബന്ധിതമായി ഈടാക്കിയിരുന്നതെങ്കിൽ രണ്ടാം പദ്ധതിക്ക് പ്രിമിയം തുക 687 ആയി ഉയർത്തി. പദ്ധതി പ്രയോജനപ്പെടുത്തിയാലും ഇല്ലെങ്കിലും ഈ തുക ഓരോ മാസവും ഈടാക്കിയ ശേഷമുള്ള തുകയാണ് ശമ്പളമായും പെൻഷനായും നൽകുന്നത്. 687 രൂപ വീതം 10 ലക്ഷം പേരിൽ നിന്ന് ഈടാക്കുമ്പോൾ പ്രതിമാസം 68.70 കോടി രൂപയാണ് സർക്കാരിലേക്കെത്തുന്നത്. ഈ തുക ഇൻഷുറൻസ് കമ്പനിക്ക് നൽകുന്നുവെന്നാണ് പറയപ്പെടുന്നതെങ്കിലും ഇത് കൃത്യമായി നൽകാത്തതിനാലാണ് അർഹരായവർക്ക് ആവശ്യമായ സമയത്ത് ചികിത്സാ സഹായം നിഷേധിക്കുന്നതെന്നാണ് പറയപ്പെടുന്നത്. പദ്ധതി മുഖേന ഏത് പ്രായത്തിലുള്ളവർക്കും യാതൊരു മെഡിക്കൽ പരിശോധനയും ഇല്ലാതെ കാഷ്ലെസ് ഇൻഷുറൻസ് സേവനം എന്ന പ്രഖ്യാപനമാണ് നടപ്പാകാതെ പോകുന്നത്. ഉയർന്ന പാക്കേജുകളിലേക്ക് മാറുമ്പോൾ കൂടുതൽ ആശുപത്രികൾ പദ്ധതിയുമായി സഹകരിക്കുമെന്നും അതിനായാണ് പ്രിമിയം തുക കൂട്ടിയതെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം.

കാഷ്ലെസ് ആവിയായി

മെഡിസെപ്പിൽ ഉറപ്പ് നൽകിയ കാഷ്ലെസ് സൗകര്യം ഫലത്തിൽ ഇല്ലാതായ അവസ്ഥയിലാണ്. മെഡിസെപ്പിൽ നിന്ന് പണം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ആശുപത്രികൾ രോഗികളിൽ നിന്ന് മുൻകൂർ പണം വാങ്ങിയാണ് ചികിത്സ നൽകുന്നത്. ചികിത്സ കഴിഞ്ഞ് രോഗി ആശുപത്രി വിടും മുമ്പ് ബാക്കി തുകയും അടയ്ക്കണം. മെഡിസെപ്പിൽ നിന്ന് പണം അനുവദിച്ചാൽ മാത്രമേ ഇത് തിരികെ ലഭിക്കുകയുള്ളു. ബിൽ തുകയിൽ ഇൻഷുറൻസ് കമ്പനി അംഗീകരിക്കുന്നത് തുഛമായ തുകയായിരിക്കും. ഓരോ ചികിത്സക്കും നിശ്ചിത തുക അംഗീകരിച്ച് ആശുപത്രികൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ചികിത്സ കഴിയുമ്പോൾ ഇതിലും വലിയ തുക ആയാൽ കരാർ പ്രകാരമുള്ള തുക മെഡിസെപ്പിൽ നിന്നും ബാക്കി തുക രോഗിയിൽ നിന്നും ഈടാക്കും.
പരാതി പറയാനുള്ള ടോൾ ഫ്രീ നമ്പറിൽ വിളിച്ചാലും പ്രയോജനമില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. അവിടെ റിക്കാർഡ് ചെയ്ത് വച്ചിരിക്കുന്ന പൊതു വിവരങ്ങളല്ലാതെ കോൾ അറ്റൻഡ് ചെയ്യാൻ ആളെത്താറില്ല.
അതിനാൽ സംശയ ദൂരീകരണത്തിനും നിവൃത്തിയില്ലാത്ത സ്ഥിതിയാണ്.

ചിലവായത് 8 ലക്ഷം,

ലഭിച്ചത് 10, 000

വാഹനാപകടത്തിൽ പരിക്കേറ്റ മകന്റെ ചികിത്സക്കായി 8.27 ലക്ഷം രൂപ ചിലവഴിച്ച കാസർകോട് സ്വദേശിക്ക്
മെഡിസെപ്പിൽ നിന്നനുവദിച്ചത് 10,000 രൂപ മാത്രമാണ്. ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥന്റെ ആശ്രിതയുടെ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രി നൽകിയത് 81,000 രൂപയുടെ ബില്ലാണ്. മെഡിസെപ്പിൽ നിന്നനുവദിച്ചത് 24,000 രൂപ മാത്രം. പക്ഷാഘാതത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്രയിൽ ചികിത്സ തേടിയ രോഗിയുടെ മെഡിസെപ്പ് അപേക്ഷ തള്ളിയ സംഭവവും ഉണ്ടായി. 2.80 ലക്ഷം രൂപ ചികിത്സക്ക് ചിലവായ കൊല്ലം കടയ്ക്കൽ സ്വദേശി റിട്ട.അഡിഷണൽ ലേബർ കമ്മിഷണർക്കാണ് ഈ ദുരനുഭവം നേരിട്ടത്. പക്ഷാഘാതമുണ്ടായി ഇടതുകാൽ തളർന്ന കെ.രവീന്ദ്രന് (80) ശ്രീചിത്രയിൽ കഴുത്തിന്റെ ഭാഗത്ത് ശസ്ത്രക്രിയ നടത്തി. തുടർന്ന് ബില്ലുകളും രേഖകളുമായി അപേക്ഷ നൽകിയപ്പോൾ ഇൻഷുറൻസ് കമ്പനി വിചിത്ര ന്യായം ഉന്നയിച്ച് അപേക്ഷ തള്ളുകയായിരുന്നു. മെഡി സെപ്പ് പദ്ധതി പ്രകാരം ചികിത്സാ ഇൻഷുറൻസ് തേടിയവരിൽ ഒന്നേകാൽ ലക്ഷത്തോളം പേരുടെ ക്ലെയിമുകൾ ഇതുവരെ നിരസിച്ചതായാണ് കണക്ക്. ഇത് ഏകദേശം 100 കോടിയോളം രൂപയുടെ ക്ലെയിം ഉണ്ടാകും. നിസ്സാര തുക മാത്രം ക്ലെയിം അനുവദിച്ച കേസുകൾ ഇതിലേറെയാണ്. ഇൻഷുറൻസ് കമ്പനി നിശ്ചയിച്ച തുക തീരെ കുറവെന്ന് പറഞ്ഞാണ് ആശുപത്രികൾ രോഗികളിൽ നിന്ന് കൂടുതൽ പണം ഈടാക്കുന്നത്.

മറ്റു വഴി
തേടുന്നവർ

മെഡിസെപ്പ് പദ്ധതി ഉദ്ദേശിച്ച പ്രയോജനം ചെയ്യുന്നില്ലെന്ന് തിരിച്ചറിഞ്ഞ് നിരവധി പേർ മറ്റു സ്വകാര്യ കമ്പനികളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ചേരുകയാണിപ്പോൾ. ഗുരുതര രോഗം ബാധിച്ച് ചികിത്സ തേടേണ്ടി വന്നാൽ മെഡിസെപ്പ് പദ്ധതി ഉപകരിക്കില്ലെന്ന തോന്നൽ ഇതിനകം തന്നെ ജീവനക്കാരിലും പെൻഷൻകാരിലും ഉടലെടുത്ത് കഴിഞ്ഞു. സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ ഉയർന്ന പ്രിമിയം തുക നൽകിയാലും ഏത് ആശുപത്രിയിലും ഉയർന്ന തുകയ്ക്കുള്ള ആരോഗ്യ പരിരക്ഷ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. മെഡി സെപ്പ് പദ്ധതിയുടെ പോരായ്മകൾ നിരത്തിയാണ് ഇൻഷുറൻസ് കമ്പനി ഏജന്റുമാർ ജീവനക്കാരെയും പെൻഷൻകാരെയും കാൻവാസ് ചെയ്യുന്നത്. മെഡി സെപ്പിലേക്ക് നിർബ്ബന്ധമായും ചേരണമെന്നും നിർബ്ബന്ധമായും 687 രൂപ പ്രിമിയം അടയ്ക്കണമെന്നുമുള്ള നിബന്ധന ജീവനക്കാർക്കും പെൻഷൻകാർക്കും കുരുക്കായി മാറിയിരിക്കുകയാണ്. ഇനി വരാൻ പോകുന്ന സർക്കാർ യു.ഡി.എഫിന്റേതാണെങ്കിൽ പദ്ധതിയിൽ എന്തെങ്കിലും മാറ്റം വരുത്തി പ്രയോജനകരമാക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും പെൻഷൻകാരും

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.