SignIn
Kerala Kaumudi Online
Saturday, 23 May 2026 6.11 PM IST

മലനെറുകയിലെ ദേവസംഗമം

a

സുബ്രഹ്മണ്യ ആരാധനയുടെ ഹൃദയഭൂമിയാണ് തമിഴകം. മുരുക ക്ഷേത്രങ്ങളിൽ പ്രധാനം 'ആറുപടൈവീട്" എന്ന് അറിയപ്പെടുന്ന ആറ് മുരുക ക്ഷേത്രങ്ങളാണ്. അതിൽ ആദ്യത്തേതാണ് തിരുപ്രംകുണ്ഡ്രം ക്ഷേത്രം. 'പവിത്രമായ ഉയർന്ന കുന്ന്"എന്നാണ് തിരുപ്രംകുണ്ഡ്രം എന്ന വാക്കിന് അർത്ഥം. 'തിരുപിറൻകുണ്ഡ്രം" എന്നും പറയും. നിരവധി ഐതിഹ്യങ്ങളും ചരിത്രവും ഈ മലയുമായി ബന്ധപ്പെട്ടുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് ദേവന്മാർ ഒത്തുകൂടുന്ന 'തെക്കൻ ഹിമാലയം" എന്നും ഈ കുന്നിനെ കണക്കാക്കുന്നു.

വിവാഹം ഉൾപ്പെടെയുള്ള മംഗളകാര്യങ്ങൾക്ക് ഉത്തമമായ വേദി. പക്ഷെ, സമീപകാലത്തായി ഒരു വിവാദ കേന്ദ്രമായി ഈ പ്രദേശം മാറിയെന്നത് അത്ര ശുഭകരവുമല്ല! തിരുപ്രംകുണ്ഡ്രത്തിലേക്കു പോകാമെന്ന ചിന്ത ഉണ്ടായപ്പോൾത്തന്നെ ഒരു സിനിമാപ്പാട്ടാണ് മനസിലെത്തിയത്. 1967- ൽ പുറത്തിറങ്ങിയ 'കന്ദൻ കരുണൈ" എന്ന ചിത്രത്തിലെ 'തിരുപുറംകുണ്ട്രത്തിൽ നീ സിരിത്താൾ... മുരുകാ..." എന്ന പാട്ട്! പൂവായ് സെങ്കട്ടുവന്റെ രചനയിൽ കെ.വി. മഹാദേവൻ ഈണം നൽകിയ ഗാനത്തിൽ 'ആറുപടൈ വീടുകളെ"ക്കുറിച്ചാണ് വരികൾ. രാജലക്ഷ്മിയും പി. സുശീലയും ചേർന്നു പാടിയ ഗാനം ഇപ്പോഴും തമിഴ്നാട്ടിൽ കേൾക്കാനാകും. ചിത്രത്തിൽ,​ മുരുകന്റെ ബാല്യകാലം അവതരിപ്പിച്ചത് ശ്രീദേവിയായിരുന്നു. യൗവനത്തിലെ മുരുകനായത് ശിവകുമാർ. ദേവയാനിയായി കെ.ആർ. വിജയ എത്തിയപ്പോൾ,​ വള്ളിയായി എത്തിയത് ജയലളിത!

തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം കത്തിനിന്ന ദിവസങ്ങളിലാണ് തിരുപ്രംകുണ്ഡ്രത്തിലേക്കു പോയത്. മധുരയിൽ നിന്ന് എട്ടു കിലോമീറ്റർ. മധുര നഗരത്തിന് പുറത്തുകടന്ന് കുറച്ചുദൂരം പോകുമ്പോൾത്തന്നെ തലയുയർത്തി നിൽക്കുന്ന പാറമല കാണാം; കുറച്ചുകൂടി മുന്നോട്ടു പോകുമ്പോൾ ക്ഷേത്രവും.

ക്ഷേത്രനിർമ്മിതിയിലെ അത്ഭുതം ചരിത്രപാഠങ്ങൾ ഒന്നു കൂടി മറിച്ചു നോക്കാൻ പ്രേരിപ്പിക്കും. പാണ്ഡ്യ രാജാക്കന്മാർ മധുര ഭരിച്ചിരുന്ന കാലത്ത്,​ എട്ടാം നൂറ്റാണ്ടിൽ മലയിലെ പാറകൾ തുരന്ന് നിർമ്മിച്ചതാണ് ഈ ക്ഷേത്രം. മാരവർമ്മൻ സുന്ദര പാണ്ഡ്യൻ എന്ന രാജാവാണ് ക്ഷേത്രത്തിന്റെ ആദ്യരൂപം നിർമ്മിച്ചത്.

അലങ്കാരങ്ങളുടെ

ആരാധനാലയം

മധുരയിൽ നായ്ക്കന്മാരുടെ ഭരണകാലത്താണ് (എ.ഡി. 1559 മുതൽ 1736 വരെ) ക്ഷേത്രത്തിന് ഇന്നു കാണുന്ന മനോഹരമായ ഗോപുരങ്ങളും മറ്റ് അലങ്കര നിർമ്മികളും വന്നത്. രണ്ട് രാജവംശങ്ങളുടെയും ഭരണകാലത്തായി കൊത്തിയെടുത്ത 48 അലങ്കാര കൽതൂണുകളും അത്ഭുതം തോന്നിക്കുന്ന മുഖമണ്ഡപവും ക്ഷേത്രദർശനത്തിനു ശേഷവും മനസിലുണ്ടാകും.

പ്രവേശന കവാടത്തിലെ രാജഗോപുരത്തിന് 150 അടിയാണ് ഉയരം. ഏഴു നിലകളായാണ് നിർമ്മാണം. മണ്ഡപങ്ങൾ, ശ്രീകോവിലിലേക്കു നയിക്കുന്ന മൂന്ന് ഹാളുകൾ എന്നിവ വ്യത്യസ്ത ഉയരങ്ങളിൽ നിർമ്മിച്ചിരിക്കുന്നു. സുബ്രഹ്മണ്യൻ, ദുർഗ, വിനായകർ, ശിവൻ, വിഷ്ണു എന്നിവരുടെ ശ്രീകോവിലുകൾ കല്ല് തുരന്നാണ് നിർമ്മിച്ചിരിക്കുന്നത്. എല്ലാ ശില്പങ്ങളും ക്ഷേത്രം നിർമ്മിച്ച പരൻകുണ്ഡ്രം പാറയിൽത്തന്നെ കൊത്തിയെടുത്തിരിക്കുന്നതാണ്. അല്ലാതെ,​ പുറത്തു നിന്ന് കൊണ്ടുവന്ന് വച്ചുപിടിപ്പിച്ചതല്ല. ക്ഷേത്രത്തിനു പുറത്ത് മനോഹരമായ ഒരു കുളമുണ്ട്. മത്സ്യങ്ങൾക്ക് ഭക്തർ ഉപ്പും അരിയും നൽകും. ക്ഷേത്രക്കുളത്തിന്റെ തീരത്തോടു ചേർന്ന് ഒരു വേദ പാഠശാലയുമുണ്ട്. സംഘകൃതിയായ 'ആകനാന്നൂറി"ൽ തിരുപ്രം കുണ്ഡ്രത്തെക്കുറിച്ച് പറയുന്നുണ്ട്.

ദേവന്മാർക്ക് തീരാശല്യമായിരുന്ന അസുര രാജാവായ ശൂരപദ്മനെ വധിച്ച ശേഷം, ദേവേന്ദ്ര പുത്രിയായ ദേവയാനിയെ മുരുകൻ വിവാഹം കഴിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് വിവാഹത്തിന് ഈ ക്ഷേത്രം ശുഭകരമായി കരുതപ്പെടുന്നത്. ഇവിടെ വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് മുരുകന്റെയും ദേവയാനിയുടെയും അനുഗ്രഹമുണ്ടാകുമെന്നും,​ ദമ്പതികൾ സന്തോഷകരവും സമൃദ്ധവുമായ ദാമ്പത്യജീവിതം നയിക്കുമെന്നുമാണ് വിശ്വാസം.

മുരുകനെ തന്റെ ആദ്യ ഭാര്യയായ ദേവയാനിയോടൊപ്പം കാണാൻ കഴിയുന്ന ഒരേയൊരു ക്ഷേത്രമാണിത്. മറ്റെല്ലാ വാസസ്ഥലങ്ങളിലും മുരുകനൊപ്പം രണ്ട് ഭാര്യമാരെ കാണാം- ദേവയാനിയും വള്ളിയും! പ്രധാന ശ്രീകോവിലിൽ സൂര്യനെയും ചന്ദ്രനെയും ഒരുമിച്ച് കാണാൻ കഴിയുമെന്നതാണ് മറ്റൊരു ആകർഷണം. മണികൾ പതിച്ച വലിയ വാതിൽ കടന്നാൽ വിശാലമായ കമ്പത്തട്ടി മണ്ഡപം. അവിടെ ശ്രീകോവിലിലേക്ക് നോക്കിനിൽക്കുന്ന നന്ദിയും (ശിവവാഹനം) മയിലും (മുരുക വാഹനം) മൂഷികനും (ഗണപതി വാഹനം).


പടികൾ കയറിയാൽ പാറയിൽ കൊത്തിയെടുത്ത ഗർഭഗൃഹമായി- മഹാമണ്ഡപം. അവിടെ വേൽ അണിഞ്ഞ് താമരയിൽ ഒരു പാദമുറപ്പിച്ച് ആസനസ്ഥനായ ചതുർബാഹുവായ മുരുകൻ. മുരുകൻ ഇരിക്കുന്ന വിഗ്രഹവും ഇവിടെ മാത്രമാണുള്ളത്. നില്ക്കുന്ന സുബ്രഹ്മണ്യനെയാണ് മറ്റു ക്ഷേത്രങ്ങളിൽ തൊഴാനാകുന്നത്. താഴെ ഇടതു വശത്ത് വധുവായ ദേവയാനിയും വലതുവശത്ത് അഗസ്ത്യ മുനിയും ഭഗവാനെ വണങ്ങി ഇരിക്കുന്നു. മേലെ ഇരു വശങ്ങളിലും മനുഷ്യാകൃതി പൂണ്ട സൂര്യനും ചന്ദ്രനും. വെള്ളികൊണ്ടു തീർത്ത വേലിനാണ് ഇവിടെ അഭിഷേകം നടത്തുന്നത്.

ക്ഷേത്രത്തിൽ ദേവന്മാരായ ശിവനും വിഷ്ണുവും അഭിമുഖമായി നില്ക്കുന്നതാണ് മറ്റൊരു സവിശേഷത.

ശിവപത്നിയായ പാർവതിയുടെ പ്രതിഷ്ഠയുമുണ്ട്. ശ്രീകോവിലിനു പുറത്ത് ശിവന്റെ ആനന്ദനൃത്തമായ ശിവതാണ്ഡവം ചിത്രീകരിച്ചിരിക്കുന്നു. ഇതിനു പുറമെ വിവിധ ഹിന്ദു ദേവീദേവന്മാരുടെ സന്നിധികളും. തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിന് നേരെ മുകളിലായി ഉച്ചിപ്പിള്ളയാർ (ഗണപതി) ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന്റെ 200 മീറ്ററോളം മുകളിൽ വലത്തോട്ടു മാറി മുസ്ലിം ആരാധനാലയമായ ഒരു ദർഗയുണ്ട്. 17-ാം നൂറ്റാണ്ടിൽ നിർമ്മിച്ചുവെന്നു കരുതപ്പെടുന്ന ഈ ദർഗ, ജിദ്ദയിൽ നിന്നു വന്ന ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷയുടെ സ്മരണയ്ക്കായുള്ളതാണ്.

അശാന്തി പടർന്നു;

ദീപം തെളിഞ്ഞില്ല

തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തിനു ചുറ്റും മാത്രമല്ല, ആ മലയ്ക്കു ചുറ്റും ഇപ്പോൾ പൊലീസ് സുരക്ഷ ശക്തം! ക്ഷേത്രത്തിനു മുകളിലെ മലയിൽ കാർത്തിക ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു ശേഷമാണ് തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തിനു ചുറ്റും അശാന്തി പടർന്നത്. മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കണമെന്ന മധുര കോടതിയുടെ വിധി നടപ്പാക്കാതെ ഡി.എം.കെ സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുന്നതിനു വേണ്ടി രാഷ്ട്രീയനീക്കം നടത്തിയതാണ് പ്രശ്നം രൂക്ഷമാക്കിയതെന്നാണ് ആരോപണം. സിക്കന്ദർ ബാദുഷ ദർഗ ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ തടസവാദം.

മുസ്ലിം വിഭാഗങ്ങൾ കൂടിയുള്ള അവിടെ,​ അവരുടെ പിന്തുണ പൂർണമായി ഉറപ്പാക്കിയാൽ അണ്ണാ ഡി.എം.കെ കോട്ടയായ തിരുപ്രംകുണ്ഡ്രം നിയമസഭാ സീറ്റ് ഉറപ്പിക്കാനാകുമെന്ന് ഡി.എം.കെ കണക്കുകൂട്ടിയിരിക്കാം. വിഷയം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്തായാലും,​ പ്രദേശത്തുള്ളവർ വിവാദത്തെക്കുറിച്ച് സംസാരിക്കാറേയില്ല. ഇരുവിഭാഗത്തിലുംപെട്ട സാധാരണക്കാർ അക്കാര്യം സംസാരിക്കാൻ ഇഷ്ടപ്പെടുന്നുമില്ല.

ക്ഷേത്രത്തിനടുത്ത് പൂജാസാധനങ്ങൾ വില്ക്കുന്ന അളകമ്മാളിനോട് പ്രശ്നത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ 'അതൊന്നും തെരിയല്ലണ്ണൈ..." എന്നായിരുന്നു മറുപടി. ദർഗ എവിടെയെന്നു ചോദിച്ചപ്പോൾ അളകമ്മാൾ മലയ്ക്കു മുകളിലേക്ക് വിരൽ ചൂണ്ടി. ദർഗയിൽ നിന്ന് മുന്നൂറോളം മീറ്റർ മാറി ഏതാണ്ട് എതിർവശത്തായാണ് ദീപത്തൂൺ. ദീപത്തൂൺ സംബന്ധിച്ച തർക്കം രാഷ്ട്രീയ പ്രശ്നം മാത്രമാണെന്നായിരുന്നു പ്രദേശവാസിയും വെൽഡിംഗ് തൊഴിലാളിയുമായ മുഹമ്മദ് അലി പറഞ്ഞത്. 'മക്കളെല്ലാവരും ഒന്നായിത്താൻ ഇറുക്ക്."- നാട്ടുകാരുടെ ഐക്യത്തിനു ഭംഗമൊന്നും ഇല്ലെന്നാണ് അലി വ്യക്തമാക്കിയത്.

സെകുന്ദർ എന്നൊരു സുഹൃത്ത് മുരുകന് ഉണ്ടായിരുന്നതായി പ്രദേശികമായി ഒരു വിശ്വാസമുണ്ട്. സിക്കന്ദർ ആണോ സെകുന്ദർ എന്ന് ചോദിച്ചാൽ അറിയില്ലെന്ന മറുപടിയേ ലഭിക്കൂ!

മുരുക ഭക്ത

സംഗമം

2025 ഫെബ്രുവരിയിൽ ദീപത്തൂൺ സ്ഥിതിചെയ്യുന്ന മലയ്ക്ക് 'സിക്കന്ദർ മല" എന്ന് പേരിടണമെന്ന് ഒരു മുസ്ലിം സംഘടന ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ആ വിവാദം കെട്ടടങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കോടതി വ്യവഹാരങ്ങളുടെ തുടക്കം. മധുര ജില്ലയിലെ രാമ രവികുമാർ, പരമശിവം, അരസുപാണ്ടി എന്നിവർ സമർപ്പിച്ച റിട്ട് ഹർജി ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റ പരിഗണനയ്ക്കെത്തി. കാലങ്ങളായി തുടർന്നുവരുന്ന ചടങ്ങായ ദീപസ്തംഭത്തിൽ തൃക്കാർത്തിക ദീപം തെളിക്കുന്ന ചടങ്ങ് പുനരാരംഭിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

ദീപസ്തംഭത്തിൽ തൃക്കാർത്തിക ദീപം തെളിക്കുന്നത് പ്രദേശത്തെ മതമൈത്രി തകർക്കുമെന്ന് ആരോപിച്ചാണ് തമിഴ്നാട് സർക്കാരിനു കീഴിലുള്ള ഹിന്ദു റിലീജിയസ് ആൻഡ് എൻഡോവ്‌മെന്റ് വകുപ്പ് ദീപത്തൂണിൽ ദീപം തെളിക്കുന്ന ചടങ്ങ് നിർത്തലാക്കിയത്. ഹർജിയിൽ എതിർകക്ഷികളുടെയും വാദം കേട്ട ശേഷം ജഡ്ജി ജി.ആർ. സ്വാമിനാഥൻ 2025 ഡിസംബർ ഒന്നിന് ഒരു ഉത്തരവ് പുറപ്പെടുവിച്ചു, തിരുപ്രംകുണ്ഡ്രം കുന്നിലെ സാധാരണ സ്ഥലങ്ങൾക്കു പുറമേ, മലമുകളിലെ ദീപത്തൂണിലും ഡിസംബർ മൂന്നിന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഭരണകൂടത്തിന് കാർത്തിക ദീപം തെളിക്കാമെന്നായിരന്നു വിധി. പൊലീസ് സഹായം നൽകണമെന്നും വിധിയിലുണ്ട്.

ഈ വിധി പക്ഷെ, സർക്കാർ അനുസരിച്ചില്ല. അതോടെ ഹിന്ദു സംഘടനകളും ബി.ജെ.പിയും വിഷയത്തിൽ ഇടപെട്ടു.

കോടതിയലക്ഷ്യ കേസുകൾ ജില്ലാ ഭരണകൂടത്തിനെതിരെയും പൊലീസിനെതിരെയും ഉണ്ടായി. ജസ്റ്റിസ് ആർ. സ്വാമിനാഥന് എതിരെ ഡി.എം.കെ നേതാക്കൾ ഉൾപ്പെടെയുള്ളവ‌‌ർ തിരിഞ്ഞു. അദ്ദേഹത്തിന്റെ നെറ്റിയിലെ ഭസ്മക്കുറി വരെ വിമർശിക്കപ്പെട്ടു. ദർഗയുടെ നിർമ്മാണത്തിനു ശേഷം മലയുടെ അവകാശത്തെ ചൊല്ലി ആദ്യ തർക്കമുണ്ടായത് ബ്രട്ടീഷ് ഭരണകാലത്തായിരുന്നു. മല മുഴുവനായും ക്ഷേത്രത്തിന്റേതാണെങ്കിലും ഒരു ചെറിയ ഭാഗം ദർഗയ്ക്ക് അനുവദിച്ചുകൊണ്ടാണ് 1923-ൽ ഈ വസ്തു തർക്കത്തിന്മേൽ തീർപ്പു കല്പിക്കപ്പെട്ടത്.

ഇപ്പോൾ വിഷയം ഹിന്ദു സംഘടനകൾ ഏറ്റെടുത്തിരിക്കുകയാണ്. അവർ ആഗോള മുരുക സംഗമം നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് മുരുക സമ്മേളനം ഉദ്ഘാടനം ചെയ്തത്. രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിച്ച് വിഷയത്തിൽ ഒത്തുതീർപ്പുകൾ ഉണ്ടാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേ ഇപ്പോൾ തിരുപ്രംകുണ്ഡ്രത്തുള്ളൂ. സാധാരണക്കാരാണ് മലയ്ക്കു ചുറ്റും കഴിയുന്നവർ. അവരുടെ മനസുകളിലേക്ക് ചിലരൊക്കെ ചേർന്ന് ബോധപൂർവം വർഗീയത നിറയ്ക്കുകയാണ്. അവരുടെ രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ചു പോലും ബോദ്ധ്യമില്ലാത്തവരാണ് ഭൂരിപക്ഷം നാട്ടുകാരും രണ്ട് ആരാധനാലയങ്ങളിലും എത്തുന്ന സാധാരണ വിശ്വാസികളും!

(ബോക്സ്)​

മുരുകൻ പട നയിച്ച

ആറുപടൈ വീടുകൾ

അസുര രാജാവായ ശൂരപദ്മനെതിരെയുള്ള യുദ്ധത്തിൽ ബാലസുബ്രഹ്ഹ്മണ്യൻ സൈന്യവുമായി തമ്പടിച്ച ആറ് പുണ്യസ്ഥലങ്ങളാണ് 'ആറുപടൈ വീടുകൾ" എന്നാണ് വിശ്വാസം. നക്കീരറുടെ 'തിരുമുരുക തൃപ്പടി" എന്ന കൃതിയിൽ ആറുപടൈ വീടുകൾ പരാമർശിച്ചിട്ടുണ്ട്. തിരുപ്രംകുണ്ഡ്രം, തിരുച്ചെന്തൂർ, പഴനി, സ്വാമിമലൈ, തിരുത്തണി, പഴമുതിർച്ചോലൈ എന്നിവയാണ് വിഖ്യാതമായ ആറുപടൈ വീടുകൾ. ആണ്ടവന്റെ ആറുപടൈ വീടുകളിൽ ദർശനം നടത്തുന്നത് കലിയുഗ പുണ്യമെന്നാണ് വിശ്വാസം.

തിരുപ്രംകുണ്ഡ്രത്തിൽ ഭജിച്ചാൽ സമ്പത്ത്, തിരുച്ചെന്തൂരിൽ തൊഴുതാൽ ആത്മവിശ്വാസം, പളനിയിൽ രോഗശാന്തിയും ആത്മശാന്തിയും, സ്വാമിമലയിൽ ജ്ഞാനം, തിരുത്തണിയിൽ ശാന്തിയും ഐശ്വര്യവും, പഴമുതിർച്ചോലയിൽ വിവേകം എന്നിവ കൈവരുമെന്നത്രേ വിശ്വാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY