SignIn
Kerala Kaumudi Online
Wednesday, 10 June 2026 12.39 PM IST

മുടിയിക്കുഴി റോഡ് ഇടിഞ്ഞുതാഴ്ന്നു; കുടിവെള്ളം മുട്ടി, മുപ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ

jsn
മുടിയിക്കുഴി റോഡ് ഇടിഞ്ഞു താഴ്ന്ന നിലയിൽ

ഹരിപ്പാട് : ചെറുതന പഞ്ചായത്ത് ഒന്നാംവാർഡിൽ ഉൾപ്പെടുന്ന മുടിയിക്കുഴി റോഡിന്റെ പകുതിയോളം ഭാഗം ആറ്റിലേക്ക് ഇടിഞ്ഞുതാഴ്ന്നു. റോഡ് ഇടിഞ്ഞതോടെ ഇതിനടിയിലൂടെ കടന്നുപോയിരുന്ന പ്രധാന കുടിവെള്ള പൈപ്പ് ലൈനും പൊട്ടി.

ഇതോടെ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങൾക്ക് കുടിവെള്ളം തടസപ്പെടുന്ന സ്ഥിതിയുണ്ടായി. തുടർന്ന് താൽക്കാലികമായി പൈപ്പ് ലൈൻ പുനഃസ്ഥാപിച്ചെങ്കിലും നിലവിൽ നേരിയ രീതിയിൽ മാത്രമാണ് വെള്ളം ലഭിക്കുന്നത്. മുമ്പ് ടിപ്പർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പോയിരുന്ന റോഡിലൂടെ ഇപ്പോൾ ഇരുചക്ര വാഹനങ്ങൾക്കോ ഓട്ടോറിക്ഷകൾക്കോ പോലും യാത്ര ചെയ്യാൻ കഴിയില്ല. പ്രദേശവാസികളുടെ ഏക യാത്രാമാർഗമാണ് ഇതോടെ അടഞ്ഞത്. ​റോഡ് തകർന്നതോടെ പ്രദേശത്തെ പ്രായമായവർക്കും കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്കും ആശുപത്രികളിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും സ്ഥലം സന്ദർശിച്ചു. റോഡിന്റെ വശങ്ങളിൽ കല്ലുകൾ ഇറക്കി മണ്ണ് ഇടിയുന്നത് തടഞ്ഞ ശേഷം മെറ്റൽ നിരത്തി അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ജനപ്രതിനിധികൾ മാവേലിക്കര ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു. കരാറുകാരും ഇറിഗേഷൻ വകുപ്പും കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വാർഡ് മെമ്പർ ആരോപിച്ചു.

മണ്ണെടുത്തത് വിനയായി

 പൈലിംഗ്, കൽക്കെട്ട് ജോലികൾക്കായി ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുത്തതാണ് റോഡ് ഇടിയാൻ കാരണം

 മണ്ണെടുത്ത് ദിവസങ്ങളായിട്ടും കരാറുകാർ കൽക്കെട്ട് പണി തുടങ്ങാത്തതാണ് വിനയായത്

 ഇതോടെ, കഴിഞ്ഞ ദിവസങ്ങളിൽ റോഡ് വലിയ തോതിൽ ആറ്റിലേക്ക് ഇടിഞ്ഞുപോവുകയായിരുന്നു.

പ്രായമായവരുടെയും രോഗികളുടെയും അവസ്ഥ പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തരമായി റോഡ് പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും

-നാട്ടുകാർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL